
സണ്ണി ഡിയോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സൂര്യ: അന്ത് സേ ആരംഭ തക്' എന്ന സിനിമയുടെ ടീസറിനെതിരെ ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇത് കാരണമായേക്കാമെന്നും ചൂണ്ടിക്കാണിച്ചാണ് ഡോക്ടര്‍മാരുടെ സംഘം കോടതിയെ സമീപിച്ചത്.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ്, നിര്‍മാതാക്കളായ എം.എം. മൂവീസ്, സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നിവര്‍ക്ക് ജസ്റ്റിസ് അമിത് മഹാജന്റെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നവംബര്‍ 16-ലേക്ക് മാറ്റി.
ടീസര്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യമുണ്ടെങ്കിലും ഈ ഘട്ടത്തില്‍ അടിയന്തര ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതി തയ്യാറായില്ല. ഡല്‍ഹി സ്വദേശികളായ ഡോ. നിഷാന്ത് സോണി, ഡോ. ആശിഷ് തോമര്‍, ഡോ. രവി ഭാട്ടിയ, ഡോ. ശിവം വത്സല്‍ എന്നീ നാല് ഡോക്ടര്‍മാരും 'ഡോക്ടേഴ്സ് ഓഫ് കോര്‍പ്പറേറ്റ് സൊസൈറ്റി' ഭാരവാഹികളുമാണ് ഹര്‍ജി നല്‍കിയത്. മുന്‍പ് പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെട്ടു.
എം. പദ്മകുമാര്‍ സംവിധാനം ചെയ്ത 2018-ലെ സൂപ്പര്‍ഹിറ്റ് മലയാള ചിത്രം 'ജോസഫി'ന്റെ ഹിന്ദി റീമേക്കാണ് 'സൂര്യ'. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അവയവക്കച്ചവടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് എന്ന അവകാശവാദം പ്രേക്ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള കമന്റുകള്‍ ടീസറിന് താഴെ വരുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ.) സിനിമയ്ക്കെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ചിത്രം നവംബര്‍ 20-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് നിയമക്കുരുക്കില്‍പ്പെട്ടിരിക്കുന്നത്. എം. പദ്മകുമാറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.