Image

'മദാലസ' മുതല്‍ 'ഹൃദയപൂര്‍വ്വം' വരെ; മുതിര്‍ന്ന മേക്കപ്പ്മാന്‍ വി. പാണ്ഡ്യന്‍ അന്തരിച്ചു

Published on 03 November, 2026
 'മദാലസ' മുതല്‍ 'ഹൃദയപൂര്‍വ്വം' വരെ; മുതിര്‍ന്ന മേക്കപ്പ്മാന്‍ വി. പാണ്ഡ്യന്‍ അന്തരിച്ചു

 

ചെന്നൈ: മലയാള സിനിമയിലെ മുതിര്‍ന്ന മേക്കപ്പ്മാന്‍ വി. പാണ്ഡ്യന്‍ (75) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലാണ് അന്ത്യം.  കുറച്ചുനാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ 'ഹൃദയപൂര്‍വ്വം' ആണ് അവസാന ചിത്രം.

നടന്‍ സത്യന്റെ പേഴ്സണല്‍ മേക്കപ്പ്മാനായ കൃഷ്ണരാജന്റെ സഹായിയായി തന്റെ 16-ാം വയസ്സിലാണ് തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യന്‍ മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്.  പ്രശസ്ത ഛായാഗ്രാഹകന്‍ ജെ. വില്യംസിന്റെ സഹായിയായി പല ചിത്രങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം അതിനിടെ തമിഴില്‍ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. 1972-ല്‍ പുറത്തിറങ്ങിയ 'പുള്ളിമാന്‍' എന്ന ചിത്രത്തില്‍ എം.ഒ. ദേവസ്യയുടെ സഹായിയായാണ് അദ്ദേഹം മേക്കപ്പ് അസിസ്റ്റന്റാവുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒരുപാട് ചിത്രങ്ങളില്‍ ചമയ സഹായിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.

1978-ല്‍ ജെ. വില്യംസ് കഥയെഴുതി സംവിധാനം ചെയ്ത 'മദാലസ'യിലാണ് ആദ്യമായി പാണ്ഡ്യന്‍ സ്വതന്ത്ര മേക്കപ്പ്മാനായത്. അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം മേക്കപ്പ്മാനായി. കമല്‍, സത്യന്‍ അന്തിക്കാട്, ജോഷി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലെ സ്ഥിരം ചമയക്കാരനായി പാണ്ഡ്യന്‍ മാറി.

2001-ല്‍ കമല്‍ സംവിധാനം ചെയ്ത 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലെ ചമയത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. മലയാളത്തിനുപുറമെ തെലുങ്ക് താരങ്ങളായ എന്‍.ടി.ആര്‍, എസ്.വി.ആര്‍, കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പവും തമിഴില്‍ രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പവും പാണ്ഡ്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 'യോദ്ധ', 'ആറാം തമ്പുരാന്‍', 'ഭാഗ്യദേവത', 'അലിഭായ്', 'ബ്ലാക്ക്', 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക