Image

'അഞ്ചാംപാതിര'യ്ക്ക് ശേഷം, അഞ്ചാം തവണയും കുഞ്ചാക്കോ ബോബനൊപ്പം; പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്

Published on 03 November, 2026
'അഞ്ചാംപാതിര'യ്ക്ക് ശേഷം, അഞ്ചാം തവണയും കുഞ്ചാക്കോ ബോബനൊപ്പം; പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്. 'അഞ്ചാം പാതിര' എന്ന വന്‍ വിജയചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രത്യേകത. ഈ ടീം ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ബോയ് എന്ന വിശേഷണത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ കുഞ്ചാക്കോ ബോബന്‍ ഓരോ ചിത്രത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് എത്താറുള്ളത്. അത്തരത്തില്‍ പുതിയൊരു ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താനൊരുങ്ങുകയാണ് താരം. നേരത്തെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ 'അഞ്ചാം പാതിര'യ്ക്ക് ശേഷം ഇരുവരും വീണ്ടും കൈകോര്‍ക്കുമ്പോള്‍ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. 
ജോര്‍ജ് ജേക്കബ് ആദ്യമായി സംവിധായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്, വിവേക് അച്ചുവും അപര്‍ണ ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സിനിമാപ്രേമികള്‍ക്കിടയില്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. 
ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കുഞ്ചാക്കോ ബോബന്‍-ആഷിഖ് ഉസ്മാന്‍ കൂട്ടുകെട്ടിന്റെ അഞ്ചാമത്തെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ മറ്റൊരു ശ്രദ്ധേയ സിനിമാനുഭവം തന്നെയാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ക്രിസ്തുമസ് റിലീസായ മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിലെ അതിമനോഹരത്തിന്റെ റിലീസിന് ശേഷം ഷൂട്ടിംഗ് ആരംഭിക്കും. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക