Image

'സൂക്ഷട മട രാശിനി' അതേത് സിനിമ? നസ്രിയയുടെ സിനിമാ ലിസ്റ്റ് കേട്ട് പൊട്ടിച്ചിരിച്ച് നസ്ലിനും ജിത്തുവും

Published on 02 November, 2026
 'സൂക്ഷട മട രാശിനി' അതേത് സിനിമ? നസ്രിയയുടെ സിനിമാ ലിസ്റ്റ് കേട്ട് പൊട്ടിച്ചിരിച്ച് നസ്ലിനും ജിത്തുവും

ആവേശം എന്ന ചിത്രത്തിനുശേഷം ജിത്തു മാധവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചലച്ചിത്രമാണ് സീന്‍. സൂര്യ നായകനാകുന്ന ചിത്രത്തില്‍ നസ്രിയ ഫഹദ് ആണ് നായിക. നസ്ലെന്‍ ആണ് സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഹൈപ്പ് ഇരട്ടിയാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലര്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടയില്‍ നിന്നുള്ള താരങ്ങളുടെ രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.

ചടങ്ങിന്റെ ഭാഗമായി പ്രധാന താരങ്ങളെ വേദിയിലേക്ക് ക്ഷണിക്കുന്നതിന് മുന്‍പ് അവരുടെ സിനിമാജീവിതം കോര്‍ത്തിണക്കിയുള്ള ഒരു പ്രിവ്യൂ വീഡിയോ (AV) പ്രദര്‍ശിപ്പിച്ചിരുന്നു. നസ്രിയയുടെ കരിയറിലെ മികച്ച സിനിമകള്‍ പരിചയപ്പെടുത്തുന്നതിനിടെ സ്‌ക്രീനില്‍ വന്ന ഒരു പരാമര്‍ശമാണ് വേദിയില്‍ കൂട്ടച്ചിരിയുണര്‍ത്തിയത്.

നസ്രിയ അഭിനയിച്ച സിനിമകളുടെ പേരുകള്‍ പറയുന്നതിനിടയില്‍ 'സൂക്ഷട മട രാശിനി' എന്ന് വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് ഏത് സിനിമയാണെന്ന് മനസ്സിലാകാതെ അടുത്തുണ്ടായിരുന്ന നസ്ലിന്‍ തിരിഞ്ഞ് നസ്രിയയോട് ചോദിക്കുന്നതും, സംവിധായകന്‍ ജിത്തു മാധവനും ഇരുവരും ചേര്‍ന്ന് പൊട്ടിച്ചിരിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അടുത്തടുത്താണ് ഇരുവരും ഇരുന്നിരുന്നത്. ഓരോ തവണയും ഇവര്‍ നല്‍കുന്ന ക്യൂട്ട് റിയാക്ഷനുകള്‍ ആരാധകര്‍ ഇതിനോടകം തന്നെ സ്‌ക്രീന്‍ഷോട്ടുകളായും റീലുകളായും പങ്കുവെക്കുന്നുണ്ട്.

ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റര്‍ടൈന്‍മെന്റ് സ്റ്റുഡിയോസിന്റെയും ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ് ജയശ്രീ ദാമോദരനാണ്. നവംബര്‍ ആറിന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. വമ്പന്‍ റിലീസായി ആണ് ചിത്രം കേരളത്തില്‍ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് 'സീന്‍'.

'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'സീന്‍'. സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളുമുള്ള ചിത്രം സ്‌റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ടൈറ്റില്‍ ടീസര്‍ സൂചിപ്പിക്കുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പൊലീസ് ഓഫീസര്‍ കഥാപാത്രമായാണ് സൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക