Image

പാറേൽപള്ളിയും മുട്ടത്തുവർക്കിയും (ഫാ. ഫിലിപ്പ് നെല്പുരപറമ്പിൽ)

Published on 30 October, 2026
പാറേൽപള്ളിയും മുട്ടത്തുവർക്കിയും  (ഫാ. ഫിലിപ്പ് നെല്പുരപറമ്പിൽ)

പുതിയ പാറേൽ പള്ളി കൂദാശ ചെയ്യുമ്പോൾ പാറേപ്പള്ളിക്കും പാറേൽ മാതാവിനും മലയാളത്തിന്റെ   വായനാലോകത്തും ദൃശ്യലോകത്തും  ഇടം ഒരുക്കിയ മുട്ടത്തു വർക്കിയെ അനുസ്മരിക്കാതിരിക്കാൻ ആവില്ല. അതുകൊണ്ടുമാത്രം ഈ കുറുപ്പ്.

ചെത്തിപ്പുഴക്കാരൻ ആയിരുന്ന മുട്ടത്തു വർക്കിയുടെ എൺപതില്പരം നോവലുകൾ മദ്ധ്യ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതായിരുന്നു. അതിൽ ഇരുപത്തിയാറെണം സിനിമകൾ ആവുകയും ചെയ്തു. എല്ലാ നോവലുകളിലും സിനിമയിലും കഥാപാത്രങ്ങൾ അവരുടെ നെഞ്ചുപൊട്ടുന്ന ജീവിതാനുഭവങ്ങളിൽ  വിളിച്ചപേക്ഷിക്കുന്നതു "എന്റെ പാറേൽ മാതാവേ" എന്നാണ് . കുറഞ്ഞത് ഒരു പത്ത് പ്രാവശ്യമെങ്കുലും പാറേൽ മാതാവിന്റെ പേരുകാണാത്ത നോവലുകൾ ചുരുക്കമാണ്; ഒപ്പം സിനിമകളും.

1913 ൽ ജനിച്ച അദ്ദേഹം അക്കാലത്തെ ഏറ്റവും പ്രശസ്തനായ ജനകീയ എഴുത്തുകാരൻ ആയിരുന്നുവെന്നു പറയാം. (1950 മുതൽ 1976 വരെ ദീപികയുടെ പത്രാധിപ സമിതിയിൽ അംഗം ആയിരുന്ന അദ്ദേഹം കുറച്ചുകാലം എസ്.  ബി. ഹൈസ്കൂളിൽ അധ്യാപകനും ആയിരുന്നു.) സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവർക്കിയാണെന്നും മുട്ടത്തു വർക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എൻ.വി. കൃഷ്ണവാര്യർ അഭിപ്രായപ്പെട്ടിട്ടുണ്ട് 'മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വർക്കി' എന്ന് കേസരി ബാലകൃഷ്ണപിള്ളയും  അഭിപ്രായപ്പെട്ടിട്ടുണ്ട്.

മുട്ടത്തുവർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. അതിൽ മിക്കതിനും തിരക്കഥ  എഴുതിയതും അദ്ദേഹമായിരുന്നു.  എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു. സത്യൻ അഭിനയിച്ച കരകാണാക്കടലും, പാടാത്ത പൈങ്കിളിയും, പ്രേം നസീർ അഭിനയിച്ച ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു. എല്ലാ സിനിമകളും 'പാറേൽ മാതാവിനെ' വിളികൾക്കൊണ്ടു സമ്പന്നം . അതുകൊണ്ടു തന്നെ പാറേൽ മാതാവിനു മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം  വലിയ സ്വീകാര്യത ലഭിച്ചുവെന്നുതന്നെ പറയാം.  

കേരളത്തിൽ കമ്മ്യൂണിസത്തിനു ജനകീയ അടിത്തറയും പ്രചരണവും നൽകിയ കെ.പി.എ.സിക്കു ബദലായി രൂപീകരിക്കപ്പെട്ട എ.സി.എ.സി. (ആൻറി കമ്യൂണിസ്റ്റ് ആർട്സ് ക്ലബ്) എന്ന നാടക സമിതിക്ക് വേണ്ടി എഴുതിയ 'ഞങ്ങൾ വരുന്നു' എന്ന നാടകം വിമോചന സമരത്തിന്റെ പ്രചരണത്തിന് വലിയ പങ്ക് വഹിച്ചിരുന്നു. (നമ്മുടെ തയ്‌ക്കാട്ടുശ്ശേരി  അച്ഛന്റെ പിതാവ് എസ്  തയ്‌ക്കാട്ടുശ്ശേരി എഴുതി അവതരിപ്പിച്ച 'കുറുക്കൻ  രാജാവായി', 'ഏപ്രിൽ  അഞ്ച്'   തുടങ്ങിയ കമ്മ്യൂണിസ്റ്റു വിരുദ്ധ നാടകങ്ങളും അവതരിപ്പിച്ചത് ഈ ക്ലബ് ആണ്)   അദ്ദേഹത്തിന്റെ നാടകങ്ങളിൽ പലതും വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു. ഫാദർ ഡാമിയനെക്കുറിച്ചു അദ്ദേഹം എഴുതിയ നാടകം ഏറെ അംഗീകാരം നേടി.  

അദ്ദേഹം എഴുതിയ ജീവചരിത്രങ്ങളും അക്കാലത്തെ നമ്മുടെ ക്രൈസ്തവ വായനകളെ  സമ്പന്നമാക്കി. ഒപ്പം വിശ്വാസ സമൂഹത്തെ ശക്തിപ്പെടുത്തിയെന്നും  പറയാം.·         ഡോൺ ബോസ്കോ, ഫാദർ വില്യം, മരിയ ഗോരേത്തി, വിശുദ്ധ പത്താം പീയൂസ്  എന്നിവരുടെയെല്ലാം ജീവചരിത്രം മലയാളത്തിനു  പരിചയപ്പെടുത്തിയത് മുട്ടത്തു വർക്കി ആയിരുന്നു. ഇതെല്ലാം   ഓർക്കുമ്പോളാണ്  ക്രൈസ്‌തവ വായനാലോകത്തെ  അദ്ദേഹത്തിന്റെ പ്രാധാന്യം മനസിലാകുക.

മുകുന്ദന് മയ്യഴിയും, പൊറ്റക്കാടിനു മിട്ടായി തെരുവും ഒ. വി. വിജയന് തസ്‌റാക്കും പോലെയായിരുന്നു വർക്കിക്ക് പാറേൽപ്പള്ളി എന്നുപറയാമെന്നു തോന്നുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക