Image

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?: ഷീജ തെരേസ

Published on 30 October, 2026
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?: ഷീജ തെരേസ

വലിയ ബഹളമൊന്നും വെക്കാതെ ഒരു സൈഡില്‍ കൂടി സന്തോഷമായി, സമാധാനത്തോടെ ജീവിച്ചു പോകാം എന്ന് കരുതിയാല്‍ അതുപോലും നടക്കാത്ത കാലവും ലോകവുമാണല്ലോ ഇപ്പോള്‍. അങ്ങനെയിരിക്കുമ്പോള്‍ ഒരു സിനിമ, അതും രണ്ടാമത്തെ കാഴ്ച്ചയിലും, നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്താല്‍ അതൊരു നല്ല കാര്യമല്ലേ. ബെത്ലേഹം കുടുംബ യൂണിറ്റ് തന്നെ. ആദ്യത്തെ തവണ തിയേറ്ററില്‍ ഇരുന്ന് കണ്ടത് പോലെ തന്നെ മുഴുവന്‍ സിനിമയും അതേ താല്‍പ്പര്യത്തോടെ കണ്ടു. ഇടക്ക് എഴുന്നേല്‍ക്കേണ്ട ആവശ്യങ്ങള്‍ വന്നപ്പോള്‍ സിനിമ Pause ചെയ്തു വെച്ചു. സാധാരണയായി വീട്ടിലിരുന്ന് സിനിമ കാണുന്നതിനിടക്ക് എഴുന്നേറ്റു പോകുമ്പോള്‍ ഞങ്ങള്‍ പരസ്പരം പറയാറുള്ളത് ''നിര്‍ത്തണ്ടട്ടാ'' എന്നാണ്.

              ഫീല്‍ ഗുഡ് എന്ന് ഒരു വാക്കില്‍ റിവ്യൂ പറയാമെങ്കിലും അങ്ങിനെ പറഞ്ഞാല്‍ പോര. മുന്‍പ് ഈ സിനിമയെപ്പറ്റി എഴുതിയപ്പോള്‍ പറഞ്ഞ പോലെ വെച്ചുകെട്ടല്‍ തീരെ ഇല്ല എന്നുള്ളതാണെന്ന് തോന്നുന്നു ഇതിന്റെ ഏറ്റവും നല്ല പ്ലസ് പോയിന്റ്. നായകന്‍ കൊരട്ടിയിലെ ഏറ്റവും വലിയ കുടുംബത്തിലെ പേരുകേട്ട അച്ഛന്റെ മകന്‍ ഒന്നുമല്ല. ഒരു ചെറിയ ടൗണിലെ സാധാരണ വീട്ടിലെ സാധാരണ മനുഷ്യന്‍. നാട്ടുകാര്‍ക്കൊക്കെ ഇഷ്ടമാണെങ്കിലും, നല്ല മനസ്സാണെങ്കിലും എല്ലാവരെയും പോലെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ള മനുഷ്യന്‍. നായകന്‍ സാധാരണക്കാരന്‍ ആകുമ്പോള്‍ നായികയെങ്കിലും ആകാശത്തു നിന്ന് പൊട്ടി വീണ പോലെത്തെ ആവണം എന്ന ചിന്ത മേക്കേഴ്‌സിന് ഉണ്ടായില്ല, ഭാഗ്യം. ആഷ്ലിയെപ്പോലെയുള്ള പെണ്‍കുട്ടികളെ പല കാലങ്ങളില്‍ പലയിടങ്ങളില്‍ കണ്ടുമുട്ടിയിട്ടുണ്ട്. കലാപരമായ കഴിവുകള്‍ക്കോ വേറിട്ട ചിന്തകള്‍ക്കോ ഒരു തരത്തിലും വില കൊടുക്കാത്ത വീടുകളില്‍ തന്റേതല്ലാത്ത പ്രശ്‌നങ്ങള്‍ കൊണ്ട് മങ്ങി മങ്ങി ജീവിക്കുന്നവര്‍.

               ഒരുപാട് പേര്‍ age gap നെ പറ്റി എഴുതിയിരിക്കുന്നത് കണ്ടു. പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിക്ക് തോന്നാവുന്ന ഒരു ക്രഷ് മാത്രമായിരുന്നു ആഷ്ലിക്ക് ജസ്റ്റിനോട് എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ ഒന്നുമില്ല ആ സിനിമയില്‍. മറിച്ച് അവളെപ്പറ്റിയും അവളുടെ കുടുംബത്തെപ്പറ്റിയും എല്ലാം അറിയാവുന്ന അവളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കുന്ന അതിനെ ബഹുമാനിക്കുന്ന ചില കാര്യങ്ങളില്‍ അതേ താല്പര്യമുള്ള, ആശ്രയിക്കാവുന്ന, വിശ്വസിക്കാവുന്ന, അലിവുള്ള, അല്‍പ്പമെങ്കിലും നിഷ്‌കളങ്കത ബാക്കിയുള്ള സുന്ദരനായ ജസ്റ്റിന്‍ ചേട്ടനോട് ആണ് അവള്‍ക്ക് സ്‌നേഹം തോന്നിയത്. കോഴിത്തരം ഇല്ല, കുരുട്ടുബുദ്ധിയോ തട്ടിപ്പോ ഇല്ല. പോരാത്തതിന് എത്ര പ്രായം കൂടുതലുണ്ടെങ്കിലും അവള്‍ക്ക് അയാളെ ചോദ്യം ചെയ്യാനും കളിയാക്കാനും തിരുത്താനും ഉള്ള സ്‌പേസ് അവര്‍ക്കിടയിലുണ്ട്. ഇത്രയുമൊക്കെ ഉള്ള ഒരു പാര്‍ട്ണറെ കിട്ടാന്‍ എളുപ്പമല്ല ഇക്കാലത്ത്, ശരിയല്ലേ?

            ജസ്റ്റിന്‍ ചേട്ടന്‍ അയാളുടെ പ്രായത്തെപ്പറ്റി ഓര്‍ക്കണം എന്നൊക്കെ പലയിടത്തും കണ്ടു. ഓര്‍ത്തല്ലോ, അത് കൊണ്ടായിരിക്കുമല്ലോ അയാള്‍ക്ക് ആദ്യമേ മുതല്‍ അവളെക്കാളും ധൈര്യക്കുറവ്, ഈ പ്രണയം ആരെങ്കിലുമറിയുമോ എന്ന പേടി. പക്ഷേ നല്ലൊരു പെങ്കൊച്ച് ആത്മാര്‍ത്ഥമായി തന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലായാല്‍, അവള്‍ നല്ല മിടുക്കിയായി അത് ഉറക്കെ വിളിച്ചു പറയുകയാണെങ്കില്‍,  തമ്മില്‍ ഒരു കെമിസ്ട്രി, ഒരു കണക്ഷന്‍ ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ എത്ര പേര് ''ഓ വേണ്ട മോളെ, എനിക്കിച്ചിരി പ്രായം കൂടുതല്‍ ആണ്'' എന്നൊക്കെ പറയും? മുപ്പത് വയസ്സില്‍ കല്യാണം ആലോചിക്കുമ്പോഴും ഇരുപത്തഞ്ചു കഴിഞ്ഞ പെണ്‍കുട്ടികളെ വേണ്ടെന്ന് പറഞ്ഞിരുന്ന നാടാണ് കേരളം, ഇപ്പോഴും വലിയ വ്യത്യാസം ഒന്നുമില്ല. അറിഞ്ഞു കൊണ്ട് groom ചെയ്തു കുടുക്കുന്നത് പോലെയാണോ ചിന്താശേഷിയുള്ള ഒരു പെണ്‍കുട്ടി പ്രായത്തില്‍ മുതിര്‍ന്ന ഒരാളെ പ്രേമിക്കുന്നത്.

             ഒരാള്‍ തരുന്ന ആത്മാര്‍ത്ഥമായ സ്‌നേഹം കണ്ടിട്ട് വേണ്ടെന്ന് വെക്കുന്നതിന്റെ കാരണങ്ങള്‍ എന്തായിരിക്കും എന്നാലോചിച്ചപ്പോള്‍ എനിക്ക് തോന്നിയത് അങ്ങിനെ വേണ്ടെന്ന് വെക്കുന്നവര്‍ക്ക് തിരിച്ച് പ്രണയം തോന്നാത്തത് കൊണ്ടായിരിക്കും, അല്ലെങ്കില്‍ ആള്‍റെഡി ഭാര്യയോ കാമുകിയോ ഉണ്ടായിട്ടും ചിക്കിചികഞ്ഞു നടക്കുന്ന കോഴിയായിരിക്കും, അല്ലെങ്കില്‍ തല്‍ക്കാലത്തെ തോന്നലില്‍ ഓരോരുത്തരെപോയി തോണ്ടി അവര്‍ പ്രണയിക്കാന്‍ തുടങ്ങുമ്പോള്‍ പേടിച്ചോടുന്ന ഭീരുവായിരിക്കും. ഇതില്‍ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട്, ഒറ്റക്കോ കോമ്പിനേഷനോ, അല്ലാതെ ആദര്‍ശം കാരണം ആത്മാര്‍ത്ഥമായുള്ള സ്‌നേഹം വേണ്ടെന്ന് വെച്ച ആരെയെങ്കിലും നേരില്‍ കണ്ടവരുണ്ടെങ്കില്‍ പറയണേ. ??

        ഇക്കാലത്ത് നമ്മുടെ നാട്ടിലും കാണാന്‍ ക്ഷാമമില്ലാത്ത പത്തു പൈസ കുറവുള്ള മതഭ്രാന്തുള്ള ഹരി മുതല്‍ ചൊറിയനായ അങ്കിള്‍ ഉള്‍പ്പടെ ആ സിനിമയിലെ മിക്ക കഥാപാത്രങ്ങളും very much believable ആണ്. എല്ലാവരും നന്നായി അഭിനയിക്കുകയും ചെയ്തു. സംഗീത് ഇപ്പോഴത്തെ ജഗതി തന്നെ. എനിക്ക് സൃന്ദയെ പണ്ടേ നല്ല ഇഷ്ടമാണ്, കുറച്ച് നേരത്തേക്ക് വന്നാലും ഓര്‍ത്തിരിക്കും. പിന്നെ ബിന്ദു പണിക്കരുടെ കന്യാസ്ത്രീ ആന്റിയെപ്പോലെ ഒരെണ്ണം മിക്ക വീടുകളിലും ഉണ്ടാവുമായിരുന്നു മുന്‍പ്. ഇപ്പോള്‍ മലയാളികള്‍ മഠത്തില്‍ പോവുന്നില്ലെന്നാണ് തോന്നുന്നത്. (റിയല്‍ ലൈഫില്‍ ഉള്ള കന്യാസ്ത്രി ആന്റിയായിരുന്നെങ്കില്‍ ആ റിലേഷന്‍ഷിപ്പ് അന്നേ കുട്ടിച്ചോറാക്കിയേനെ, അടുത്ത സിനിമക്ക് അത്ര സ്വീറ്റ് അല്ലാത്ത കന്യാസ്ത്രീ ആന്റിയുടെ റഫറന്‍സ് വേണ്ടവര്‍ക്ക് ഡീറ്റൈല്‍ഡ് ആയി പറഞ്ഞുതരാന്‍ തയ്യാറാണ് ??)

Anyway, ഞാന്‍ കുറച്ചു നാള്‍ കഴിഞ്ഞ് ഇനിയും കാണും ഈ സിനിമ. ''ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?''
 

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?: ഷീജ തെരേസ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക