
അതിശാന്തമൊഴുകിനീങ്ങുന്നതാം പുഴകൾപോൽ
അതിരമ്യ ഗ്രാമ്യസ്സരസ്സിൻ കുളിർമ്മപോൽ
അറിയുന്നതില്ലെയാരമ്യമാം സ്മരണകൾ
അമ്മതന്നലിവാർന്ന സ്നേഹാർദ്ര പുലരികൾ?
അകതാരിലാ, സൗമ്യ സുമവർണ്ണ ഹൃദയവും
അലിവിൻ പ്രസാദമന്നേകുന്ന സമയവും
അമൃതായ് നുണഞ്ഞതാം മധുരിത ബാല്യവും
അറിയാതെയുണരുന്നു; സ്മരണാർദ്ര രൂപവും.
അച്ഛനാദിത്യനായുണരുന്ന വേളയിൽ
അമ്മതൻ സ്വരലേപനത്തിൻ കുളിർമ്മയിൽ
അതിലളിത ഗ്രാമീണ സുകൃതസ്സുമങ്ങളായ്
അലിവോടുണർന്നില്ലെയാരാമ ബാല്യകം?
അറിവിന്റെയാദ്യാക്ഷരങ്ങൾതൻ മഹിമയും
അതിലുപരിയാ ഗ്രാമ്യ പുലരിതൻ വർണ്ണവും
അറിയുന്നൊരുന്മേഷവീണതന്നീണവും
അഴകാർന്നയാ, ഹൃദയസ്വരമാണെൻ കാവ്യവും.
അമ്പേറ്റ പറവയായീടിലുമെന്മനം
അമ്പേ പരാജയമാകില്ലൊരിക്കലും
അൻപോടുണർന്നതാണാ, മാതൃജീവിതം
അതിലുപരിയേകിയാ, താതന്റെയാർദ്രകം.
അകതാരിലുണരുന്ന പുലരിയാണാ, മുഖം
അരികിലില്ലാതാകുമാ, സ്നേഹകാവ്യകം
അറിയുകാനന്ദമേ,യിന്നിൻ പ്രിയസ്മിതം
അറിവായുണർത്തിയോരാ, ഹൃദയവൈഭവം.
അഭിമാന ഗീതമായുണരട്ടെ ലോകമേ,
അതിലോല ബാല്യോദയത്തിൻ പ്രഭാമയം
അമ്മതൻ കരുണാർദ്ര കരളിൻ സുമസ്മിതം;
നേരുന്നുദയമായിന്നും ശുഭസ്മിതം.