
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. മുഖ്യമന്ത്രിക്ക് ജയബാലകൃഷ്ണന്റെ കുടുംബം നിവേദനം നല്കി. സര്‍ക്കാര്‍ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആശങ്കകള്‍ ഒക്കെ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് എഴുതിയും കൊടുത്തത്. ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. സര്‍ക്കാര്‍ എല്ലാത്തിനും കൂടെയുണ്ട് എന്ന വാക്ക് തന്നിട്ടാണ് പോയതെന്നും ഭദ്രകീര്ത്തി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിൽ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമർശനം; നാടകീയ രംഗങ്ങൾ
കൊച്ചി: ചേരാനെല്ലൂരിൽ തട്ടുകട ഉടമ ജയബാലകൃഷ്ണൻ കാറിടിച്ചു മരിച്ച കേസിൽ പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവേ കോടതിയിൽ നാടകീയ രംഗങ്ങൾ. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സർക്കാരിന്റെ അപ്പീൽ പരിഗണിച്ചത്. ഹർജിയിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ മുഴുവൻ വ്യക്തിവിവരങ്ങളും ഉൾപ്പെടുത്തിയതിൽ പ്രോസിക്യൂഷനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഒരു കുട്ടിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തി എങ്ങനെയാണ് ഇത്തരത്തിൽ അപ്പീൽ ഫയൽ ചെയ്യുകയെന്ന് സർക്കാരിനോട് ആരാഞ്ഞ കോടതി, കുട്ടിയുടെ ഫോട്ടോ മാത്രമേ ഇനി നൽകാനുള്ളൂ എന്നും രൂക്ഷമായി വിമർശിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. തുടർന്ന് പ്രതിയുടെ സ്വകാര്യവിവരങ്ങൾ പൂർണമായും ഒഴിവാക്കി പുതിയ അപ്പീൽ സമർപ്പിക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകിയ കോടതി, കേസ് വീണ്ടും നാളെ പരിഗണിക്കാനായി മാറ്റി.
ഇതിനിടെ, വാദത്തിനിടെ കോടതിമുറിയിൽ അഭിഭാഷകനെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തിയതും ആശയക്കുഴപ്പമുണ്ടാക്കി. ആരാണ് വക്കാലത്ത് നൽകിയതെന്ന് കോടതി ചോദിച്ചപ്പോൾ, ജയബാലകൃഷ്ണന്റെ മകളാണ് വക്കാലത്ത് ഒപ്പിട്ടു നൽകിയതെന്ന് അഭിഭാഷകൻ അറിയിച്ചു. എന്നാൽ, അഭിഭാഷകൻ നിർബന്ധിച്ച് വക്കാലത്തിൽ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി കോടതിയിൽ വ്യക്തമാക്കി. അപകടമുണ്ടാക്കിയ 17-കാരന് മുൻപ് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ജാമ്യം അനുവദിച്ചിരുന്നത്.
ജഡ്ജി വിളിച്ചിട്ടില്ല, സ്വാധീനിക്കാൻ ആരും നോക്കിയിട്ടില്ലെന്ന് കൊച്ചി മുൻ കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ
കൊച്ചി: ചേരാനെല്ലൂരിൽ 17-കാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ, പ്രതിയുടെ പിതാവായ ജഡ്ജി തന്നെ ഫോണിൽ വിളിക്കുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട കാളിരാജ് മഹേഷ് കുമാർ. ഇനി ഇത്തരമൊരു വിശദീകരണത്തിന് വേദി കിട്ടിയെന്നു വരില്ല എന്നതിനാലാണ് കാര്യങ്ങൾ തുറന്നുപറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കേസ് പൂർണമായും തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോയതെന്നും ആ രീതിയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ജഡ്ജിയുമായോ പുറത്തുനിന്നുള്ള മറ്റാരുമായോ യാതൊരു തരത്തിലുള്ള ഇടപാടുകളും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായ അഭ്യർത്ഥനകൾ സ്വീകരിക്കുന്ന ആളല്ല താനെന്നും ഏതു കാര്യങ്ങൾക്കാണ് തന്നെ സമീപിക്കാൻ സാധിക്കുകയെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ഥലംമാറ്റം സർവീസിന്റെ ഭാഗം മാത്രമാണെന്നും അതിൽ യാതൊരുവിധ വിഷമവുമില്ലെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ സേവനം മികച്ച അനുഭവമായിരുന്നുവെന്നും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. ചേരാനെല്ലൂർ വാഹനാപകടക്കേസിന്റെ അന്വേഷണ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തെ തുടർന്നാണ് കാളിരാജ് മഹേഷ് കുമാറിനെ കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയത്. തുടർന്ന് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ജെ. നിശാന്തിനിയെ സർക്കാർ നിയമിക്കുകയും ചെയ്തു.