
സ്നേഹത്തിന്റെ ഭാഷ
അതിന്റെ ഉപ്പും, ഇടിമുഴക്കവും,
മനസ്സിൽ തങ്ങിനിൽക്കുന്ന രുചിയും…
ഹൃദയത്തിലെ അവസാന നാണയവും
ഞാൻ ചിലവഴിച്ചുകഴിഞ്ഞിരുന്നു;
ഇരുട്ടിൽ മറഞ്ഞൊരു മുറിയോ,
പറയാതെ ബാക്കിവച്ചൊരു വാക്കോ, മോഹങ്ങളോ
എന്നിൽ അവശേഷിച്ചിരുന്നില്ല..
അപ്പോഴാണ് അവൾ വന്നത്..
ചൂടുള്ളൊരു കുഞ്ഞുമുഷ്ടിയായി,
പാലിന്റെ മണവും പകൽ വെളിച്ചത്തിന്റെ തിളക്കവുമായി..
എന്റെ വിരലിൽ അവളുടെ വിരലുകൾ
ചുറ്റിപ്പിടിച്ച ആ നിമിഷം,
പകൽ വെളിച്ചത്തിൽത്തന്നെ
എന്നിലൊരു തീപ്പൊരി പിറന്നു.
അവളെ ഞാൻ ഉദരത്തിൽ ചുമന്നിട്ടില്ല,
അവളുടെ ആദ്യത്തെ ചലനങ്ങൾ എണ്ണിയിട്ടില്ല,
ആദ്യത്തെ കരച്ചിലിനായി
കാതോർത്ത് കാത്തിരുന്നിട്ടുമില്ല;
എങ്കിലും അവളെ കൈകളിലേറ്റും നേരം
എന്റെ ഹൃദയം വീണ്ടുമൊരു ഭാഷ പഠിച്ചു..
യുക്തികൾക്കു -മതീതമായൊരു ഭാഷ,
അത്ഭുതങ്ങൾ നടക്കുമെന്ന് പ്രപഞ്ചം വീണ്ടും തെളിയിച്ചു...
വിടവാങ്ങലുകളും പൊടിയും മഴയും
എന്റെ വർഷങ്ങളിൽ ചുളിവുകൾ തീർത്തിരുന്നു;
കാലം എന്നെ പലവട്ടം മിനുക്കിയും മുറിവേൽപ്പിച്ചും കടന്നുപോയി.
എന്നാൽ അവൾ തന്റെ കുഞ്ഞിക്കൈ
എന്റെ നെഞ്ചിൽ ചേർത്തുവെച്ചപ്പോൾ,
പ്രായം പൂട്ടിയിട്ടിരുന്നൊരു വാതിൽ
പതുക്കെ തുറന്നു.
ആ കുഞ്ഞു കൈകൾ എൻ്റെ കവിൾത്തടം തലോടിയപ്പോൾ...
നിർവ്വചിക്കാൻ വാക്കുകളില്ലയെന്നിൽ..
ഇന്നും അതേ സ്ത്രീയാണ് ഞാൻ ,
എന്റെ മുറിവുകളും മോഹങ്ങളും,
നാവിൽ വീണ്ടും താരാട്ടു പാട്ടുകൾ
ആ നക്ഷത്രക്കണ്ണുകൾ
എന്നിൽ മറ്റൊരാകാശം
കാണിച്ചു തന്നു....
ഇത് മാതൃത്വത്തിന്റെ ആവർത്തനമല്ല,
ഉള്ളിൽ വീണ്ടും തെളിയുന്നൊരു ജ്വാലയാണ്;
യൗവനം തിരിച്ചെത്തിയതുമല്ല,
ശിശിരത്തിനു ശേഷം
മണ്ണിൽ
പച്ചപ്പ് മടങ്ങിവരുന്നതുപോലെ..!
‘അമ്മച്ചി’
നാവിൽ ചൂടു പകരുന്നൊരു ചെറിയ വാക്ക്;
എന്നാൽ എന്റെ - യുള്ളിൽ
കാലങ്ങളായി പൂട്ടിക്കിടന്ന
രഹസ്യവാതിലിന്റെ
താക്കോൽ
തിരിയുന്ന മൃദുനാദമായിരുന്നത്..!
മാതൃത്വത്തിന്റെ മധുരം
ഞാനൊരിക്കൽക്കൂടി നുണയുന്നു;
ഇത്തവണ
അതിന്റെ ഭാരമൊരൽപ്പം കുറഞ്ഞിരിക്കുന്നു.
നാളെയുടെ ഓരോ ഭയവും
നെഞ്ചിലേറ്റേണ്ടതില്ല,
അവളുടെ എല്ലാ ദുഃഖങ്ങൾക്കും
മുന്നിൽ മതിലായി നിൽക്കേണ്ടതുമില്ല.
എനിക്കവളെ ചേർത്തുപിടിക്കാം,
അവളുടെ ചിരിയിൽ അലിഞ്ഞുചേരാം;
ലോകത്തെ അവൾ തൊട്ടറിയുന്നത്
പടിപടിയായി നോക്കിനിൽക്കാം.
ഓരോ തീരുമാനത്തിന്റെയും ഭാരമില്ലാതെ
അതിരുകളില്ലാതെ സ്നേഹിക്കാം;
അവളുടെ ചിരിയിൽ
പുതിയൊരു ചക്രവാളം കണ്ടെത്താം.
അമ്മയായിരുന്ന കാലം പഠിപ്പിച്ച
കരുതലിന്റെ ഭാരം ...
ഉറക്കമില്ലാത്ത രാത്രികൾ,
ഹൃദയത്തിൽ കെട്ടിപ്പൊതിഞ്ഞ ആശങ്കകൾ ഒന്നുമില്ലാതെ...
അമ്മച്ചിയായപ്പോൾ മാത്രം
ഞാൻ മറ്റൊരു സന്തോഷമറിഞ്ഞു
ഒന്നും തിരുത്താതെ,
ഒന്നും മാറ്റിമറിക്കാതെ,
അവളെ അവളായിത്തന്നെ കണ്ട്
സ്നേഹിച്ചിരിക്കാനുള്ള സന്തോഷം.
ഈ മാറ്റത്തിന്
ഞാൻ എന്നോടുതന്നെ ചോദിക്കുന്നു...
എന്റെ അസ്ഥികളിലും ശ്വാസത്തിലും
നിശ്ശബ്ദമായി സംഭവിക്കുന്നൊരു പുനർജന്മത്തിന് ഞാനെന്തു
പേരു വിളിക്കണം..
ഞാനതിന് പേരിട്ട
അമ്മച്ചി ചിത്തം
മറ്റൊരു ജീവൻ
‘എന്നോടൊപ്പം നിൽക്കൂ’ എന്നു പറയുമ്പോൾ
ഉണർന്നെഴുന്നേൽക്കുന്ന
എന്നിലെ പുതിയൊരു ഞാൻ.
നാളെ അവൾ എന്റെ കൈകൾക്കപ്പുറം വളരും
എന്റെ വാതിൽ കടന്ന്
അവളുടെ വഴികളിലൂടെ ദൂരേക്ക് നടക്കും;
എങ്കിലും അവളുടെ വിരലുകളുടെ സ്പർശം
എന്റെയുള്ളിൽ മായാതെ നിൽക്കും... ജീവിക്കുന്ന കാലം വരെ , അതു
ചർമ്മത്തിനു - മസ്ഥികൾക്കുമടിയിൽ
അണയാതെ കാത്തുസൂക്ഷിക്കുന്ന
അഞ്ചു ചെറുതീക്കനലുകളായി..
അവൾ എന്നിലെ എന്നെ തൊട്ടു..
ഞാനിതുവരെ കണ്ടിട്ടില്ലാത്ത
ഒരു മുറി എന്റെ ഉള്ളിൽ തുറന്നു.
അവിടെ,
ഇരുട്ടിന്റെ അവസാന കണികയും
പൊടിപിടിച്ചുറങ്ങിക്കിടന്നിടത്ത്,
എന്നിലെ അമ്മച്ചി
പതുക്കെ…
ശ്വാസമെടുത്തു തുടങ്ങി..