Image

പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ്: പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്‌കാരിക വേദി

Published on 29 October, 2026
പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ്: പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്‌കാരിക വേദി

റിയാദ്: നോര്‍ക്ക റൂട്ട്‌സ് വഴി പ്രവാസികള്‍ക്കായി നടപ്പിലാക്കിയിരുന്ന പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ കൂട്ടിയ കേരള സര്‍ക്കാര്‍ നടപടി പ്രവാസി സമൂഹത്തോടുള്ള കടുംവെട്ടാണെന്ന് നവയുഗം സാംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് താങ്ങായിരുന്ന ഒരു മികച്ച ജനക്ഷേമ പദ്ധതിയെ സര്‍ക്കാര്‍ പ്രായോഗികമായി കൊന്നുകുഴിച്ചുമൂടിയിരിക്കുകയാണ്.

70 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് കുടുംബസമേതം 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ വെറും 13,000 രൂപ മാത്രം പ്രീമിയം മതിയായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ വന്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. പുതിയ പരിഷ്‌കാരപ്രകാരം വയസ്സിന്റെ അടിസ്ഥാനത്തില്‍ പ്രീമിയം നിശ്ചയിച്ചതോടെ, 50 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രീമിയം തുക 40,000 രൂപയ്ക്ക് അടുത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. രോഗാവസ്ഥകളും പ്രായസഹജമായ ബുദ്ധിമുട്ടുകളും ഏറുന്ന പ്രായത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള പ്രവാസികളെയാണ് ഈ തീരുമാനം കടുത്ത പ്രതിസന്ധിയിലാക്കുന്നത്.

പ്രവാസലോകത്ത് നിന്നുണ്ടാകുന്ന വരുമാനത്തെ ആശ്രയിച്ച് സംസ്ഥാന ബഡ്ജറ്റ് മുന്നോട്ട് കൊണ്ടുപോകുമ്പോഴും, പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഈ തികഞ്ഞ അവഗണന പ്രതിഷേധാര്‍ഹമാണ്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്ത് നാട്ടിലേക്ക് പണമയക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് ഈ പുതിയ തുക. പ്രവാസികളെ ഇന്‍ഷുറന്‍സ് പരിധിയില്‍ നിന്ന് ഘട്ടംഘട്ടമായി പുറന്തള്ളാനും സ്വകാര്യ ഇന്‍ഷുറന്‍സ് ലോബികളെ സഹായിക്കാനും മാത്രമേ ഈ നടപടി ഉപകരിക്കൂ.

സാധാരണക്കാരായ പ്രവാസികളുടെ കുടുംബങ്ങളുടെ കണ്ണീരുകാണാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വര്‍ദ്ധിപ്പിച്ച പ്രീമിയം തുക അടിയന്തരമായി പിന്‍വലിക്കണമെന്നും, പഴയ നിരക്കില്‍ തന്നെ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നവയുഗം സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രവാസി സംഘടനകളെയും പ്രവാസി ജനവിഭാഗങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നവയുഗം കേന്ദ്ര കമ്മിറ്റി അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക