Image

ഇത്തവണ ഐഎഫ്എഫ്‌കെയില്‍ 24 മണിക്കൂറും സിനിമ പ്രദര്‍ശനം

Published on 29 October, 2026
ഇത്തവണ ഐഎഫ്എഫ്‌കെയില്‍ 24 മണിക്കൂറും സിനിമ പ്രദര്‍ശനം

 

അന്തരാഷ്ട്ര ചലച്ചിത്രമേള പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രവീന്ദ്രന്‍. ഉദ്ഘാടന സമാപന ദിവസങ്ങള്‍ ഒഴികെയുള്ള ആറു ദിവസങ്ങളില്‍ മേളയുടെ ഒന്നിലധികം വേദികളില്‍ രാപകലില്ലാതെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.

മുതിര്‍ന്ന പൗരന്മാര്‍, ഓഫീസുകളില്‍ പോകുന്നവര്‍, യുവജനങ്ങള്‍ എന്നിവരെക്കൂടി പരിഗണിച്ചും പകല്‍ സമയത്തെ തിരക്ക് കുറയ്ക്കുന്നതിനുമാണ് സമയം നീട്ടിനല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രേക്ഷകരുടെ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് മേള 24 മണിക്കൂറുമാക്കാന്‍ തീരുമാനിച്ചത്. സിനിമ കാണുക എന്നതിലുപരി അതനുഭവിക്കാനാണ് ഡെലിഗേറ്റുകള്‍ മേളയ്‌ക്കെത്തുന്നത്. രാവോ പകലോ ഏതു സമയത്തും സിനിമ കാണാന്‍ കഴിയുന്ന സാഹചര്യം ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്നും രവീന്ദ്രന്‍ വ്യക്തമാക്കി.

ഐഎഫ്എഫ്‌കെയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്റര്‍ മുഴുവന്‍ സമയ ഉത്സവ കേന്ദ്രമായി മാറ്റും. കൂടാതെ ഒന്നിലധികം വേദികളിലായി ദിവസവും ശരാശരി രണ്ട് ഷോകള്‍ കൂടി വര്‍ദ്ധിപ്പിക്കാനും അക്കാദമി പദ്ധതിയിടുന്നുണ്ട്.

രാവിലെ ഏഴു മണിക്ക് പ്രദര്‍ശനം ആരംഭിക്കാനാണ് പദ്ധതി. മുതിര്‍ന്ന പൗരന്മാര്‍ക്കും ഓഫീസ് ജോലിക്കാര്‍ക്കും ഈ സമയം ഏറെ സൗകര്യപ്രദമായിരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ പ്രഭാത നടത്തത്തിനു ശേഷം തിയേറ്ററിലെത്തി സിനിമ കാണാം. തുടര്‍ന്ന് വീട്ടില്‍ പോയി വിശ്രമിക്കുകയും ചെയ്യാം. 'മോര്‍ണിംഗ് വാക്കിനൊപ്പം സിനിമ' എന്ന ആശയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

'രാത്രി വൈകിയും രാവിലെ നേരത്തെയും വേദികളില്‍ അനുഭവപ്പെടുന്ന തിരക്കും നീണ്ട നിരയും കുറയ്ക്കുക എന്നതാണ് സമയപരിധി നീട്ടുന്നതിന്റെ പ്രധാന ലക്ഷ്യം.

കൂടുതല്‍ ഷോകളും വലിയ ഓഡിറ്റോറിയങ്ങളും ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ ഡെലിഗേറ്റുകള്‍ക്ക് ജനപ്രിയ സിനിമകള്‍ കാണാന്‍ അവസരം ലഭിക്കും. പോലീസിന്റെ അനുമതിയും സുരക്ഷാകാരണങ്ങളും കണക്കിലെടുത്ത്, രാത്രി വൈകി ഒന്നിലധികം വേദികള്‍ നിയന്ത്രിക്കുക പ്രയാസമാണ്.

അതിനാല്‍ ഒരു പ്രധാന വേദി മുഴുവന്‍ സമയവും സജീവമാക്കി നിലനിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇവിടെ ഡെലിഗേറ്റുകള്‍ക്ക് ഏതു സമയത്തും വന്ന് സിനിമ കണ്ട് മടങ്ങാം. നിശാഗന്ധി ഓഡിറ്റോറിയവും മറ്റ് ചില പ്രധാന വേദികളും രണ്ട് രാത്രി ഷോകളില്‍ മാത്രം ഒതുക്കാതെ മുഴുവന്‍ രാത്രിയും പ്രദര്‍ശനം നടത്തുന്ന വേദികളാക്കി മാറ്റാന്‍ കഴിയുമോ എന്നും ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. രവീന്ദ്രന്‍ പറഞ്ഞു.

അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തമായ മേളയുടെ 31-ാമത് പതിപ്പ് ഡിസംബര്‍ 11 മുതല്‍ 18 വരെ തിരുവനന്തപുരത്ത് നടക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക