Image

നീതി ലഭിച്ചില്ല; ഹൈക്കോടതി നടപടിയില്‍ പ്രതികരിച്ച് ജയബാലകൃഷ്ണന്റെ കുടുംബം

Published on 29 October, 2026
 നീതി ലഭിച്ചില്ല; ഹൈക്കോടതി നടപടിയില്‍ പ്രതികരിച്ച് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ കാറോടിച്ച 17കാരന്റെ പിതാവായ അഡിഷണല്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയില്‍ അതൃപ്തി വ്യക്തമാക്കി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം രംഗത്ത്.

തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം അറിയിച്ചു. തങ്ങളെ കേട്ടില്ലെന്നും കുടുംബം ആരോപിച്ചു. രക്ഷപ്പെടാനുള്ള എല്ലാ അടവും ജഡ്ജി പയറ്റുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചു. അതേസമയം ജഡ്ജി അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

താന്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നാല് മണിക്കൂര്‍ ചോദ്യം ചെയ്‌തെന്നുമായിരുന്നു ജഡ്ജിയുടെ വാദം. ഹര്‍ജിക്കാരന്‍ ജുഡിഷ്യല്‍ ഓഫീസറല്ലേ എന്ന് ചോദിച്ച കോടതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും അന്വേഷണ സംഘത്തോട് ചോദിച്ചു.

പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ലെന്നും അഡീഷണല്‍ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി വ്യക്തമാക്കി.

ജഡ്ജിക്ക് ആശ്വാസം, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ, ജുഡീഷ്യല്‍ ഓഫീസര്‍ ആയതിനാല്‍ ഒളിവില്‍ പോകില്ല, അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല എന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിരീക്ഷിച്ചത്.

അന്വേഷണവുമായി സഹകരിക്കാന്‍ ജഡ്ജിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജഡ്ജിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി രാവിലെ 11ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനഴ്ച ഇയാളെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ജഡ്ജിയുടെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച വൈകിട്ടും പൊലിസ് പരിശോധന നടത്തിയിരുന്നു. പതിനേഴുകാരന്‍ ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്ന ആഡംബരബൈക്കും ചില ഡിജിറ്റല്‍ ഉപകരണങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യത്തില്‍ പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹൈക്കോടതി തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കാര്‍ കൊണ്ടുപോയത് പിതാവിന്റെ അനുമതിയോടെയാണോ എന്നതിലടക്കം വ്യക്തത വരുത്തിയ ശേഷമാകും തീരുമാനമെടുക്കുക.

എന്നാല്‍ താനറിയാതെയാണ് മകന്‍ കാറുമായി പുറത്തു പോയതെന്നാണ് ജഡ്ജി മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപത്താണ് അപകടം നടന്നത്. പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാര്‍ അമിതവേഗതയില്‍ എത്തി മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്തുതന്നെ വച്ച് മരണപ്പെട്ടിരുന്നു.

അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ പതിനേഴുകാരന്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. പൊലിസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിറ്റി പൊലിസ് കമ്മീഷണറെ മാറ്റുകയും എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള നാല് പൊലീസുകാരെ സസ്പെന്‍ഡും ചെയ്തിരുന്നു.

ചേരാനെല്ലൂര്‍ അപകടം: മകന്‍റെ സസ്‌പെന്‍ഷന്‍ വാര്‍ത്ത ടിവിയില്‍ കണ്ടതിനു പിന്നാലെ എസ്‌ഐയുടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: ചേരാനെല്ലൂര്‍ അപകടത്തില്‍ എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേരാനല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐ കെടി മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പില്‍ എന്‍ കെ സരസുവാണ് (71) മരിച്ചത്.

17കാരന്‍ ഓടിച്ച കാറിടിച്ചു മരിച്ച സംഭവത്തില്‍ ക്രമക്കേട് ആരോപിച്ചാണു മനോജടക്കം 4 പേരെ സസ്‌പെന്‍ഡ് ചെയ്തത്. മനോജിനൊപ്പമായിരുന്ന സരസു ഏതാനും ദിവസങ്ങളായി മകള്‍ മഞ്ജുവിന്റെ പാതാളത്തെ വസതിയിലാണ് കഴിഞ്ഞിരുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സരസു രണ്ടാഴ്ച മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു.

സസ്‌പെന്‍ഷന്‍ വാര്‍ത്തയറിഞ്ഞു സരസു അതീവ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട സരസു ചേരാനല്ലൂരില്‍ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. കുറച്ചുനേരം അമ്മയ്‌ക്കൊപ്പം ചെലവഴിച്ച് ആശ്വസിപ്പിച്ച ശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.

ബിനാനിപുരം പൊലീസ് സ്റ്റേഷന്‍ വരെ എത്തിയ മനോജിനെ പിന്നീട് സഹോദരി ഫോണില്‍ വിളിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടു. അമ്മയ്ക്ക് സുഖമില്ലെന്നും ഉടന്‍ എത്തണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴേക്കും സരസു മരിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ തേവന്‍. മരുമക്കള്‍: സനല്‍കുമാര്‍, സുമ.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-30 11:45:27
💥🔥പൊതു താൽപ്പര്യത്തിനും, ആൾക്കൂട്ടബോധത്തിനുമനുസൃതമായാണോ കോടതികൾ നീതിയും ന്യായവും നടപ്പിലാക്കുക???? കണ്ണിനു കണ്ണും പല്ലിനു പല്ലും പകരം ചോദിക്കുന്ന ഗോത്രീയവും മതപരവും ആയ ഒരു സംസ്കൃതിയിലേക്ക് ഒരു ആധുനീക സമൂഹത്തിന് തിരികെ നടക്കാനാകുമോ??? മരണ നഷ്ട്ടം - തീരാ ദുഃഖവും തീരാ നഷ്ട്ടവും തന്നേ, അതു മറ്റൊന്നും കൊണ്ട് നികത്താനാവില്ല. അനുഭവിക്കുന്നവർക്കേ അതിന്റെ നീറ്റൽ അറിയൂ.....ഓരോ ജീവനും വില മതിക്കാനാവില്ല. പക്ഷേ,നമ്മുടെ നിയമങ്ങൾ കുറച്ചു കൂടി കർശനമാക്കാമെന്നല്ലാതെ മറ്റെന്തു പോംവഴി???? റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക