Image

മാറുമറയ്ക്കൽ: ആവശ്യമോ- അവകാശമോ? (ഉമ)

Published on 29 October, 2026
മാറുമറയ്ക്കൽ: ആവശ്യമോ- അവകാശമോ? (ഉമ)

മാറു മറയ്ക്കാനുള്ള അവകാശത്തിനും മുലക്കരത്തിനെതിരെയും ശക്തമായ സമരം ചെയ്ത സ്ത്രീകളുടെ ചരിത്രം ഉറങ്ങുന്ന, ചരിത്രത്തിലൂടെ അവരിപ്പോഴും ജീവിക്കുന്ന നാടാണ് നമ്മുടെ കൊച്ചുകേരളം.

അതേ കേരളത്തിലെ ഇന്നത്തെ പലസ്ത്രീകളുടേയും (സെലിബ്രറ്റികൾ എന്ന ലേബലുകാരും, അല്ലാതെ ചിലരും) വസ്ത്രധാരണം കാണുമ്പോൾ എനിക്കു തോന്നുന്നത് അവർ 19ാം നൂറ്റാണ്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു എന്നാണ്.

ഇന്ത്യാചരിത്രത്തിലെ തന്നെ ആദ്യത്തെ സ്ത്രീപക്ഷ-ജാതിവിരുദ്ധ പ്രക്ഷോഭത്തിലൂടെ മാറുമറയ്ക്കാനുള്ള അവകാശം നേടിയെടുത്ത സ്ത്രീകളെക്കുറിച്ചോർത്ത് ഇന്നത്തെ സ്ത്രീകൾ അഭിമാനിക്കുകയാണോ അതോ അനഭിമതർ ആവുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

19 ആം നൂറ്റാണ്ടിൽ 1813 മുതൽ 1859 വരെയുള്ള കാലഘട്ടത്തിൽ സാമൂഹികവും ജാതീയവും ആയ അസമത്വത്തന്റെയും ആത്യാചാരങ്ങളുടെയും ഭാഗമായി താണജാതിയിലുള്ള സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം അന്നത്തെ തിരവിതാംകൂറിൽ ഇല്ലായിരുന്നു.

ഉയർന്ന ജാതിക്കാർക്ക് അതായത് അന്നത്തെ സോ കാൾഡ് മേലാളന്മാരുടെ മുന്നിൽ കീഴടങ്ങലിന്റെയും ആദരവിന്റെയും അടയാളമായി മാറു തുറന്നിടുന്നത് നിർബന്ധമാക്കിയിരുന്നു.

1813 മുതൽ 1859 വരെ ഉള്ള നീണ്ടകാലയളവിലെ പ്രശസ്തമായ "ചാന്നാർ ലഹള" അല്ലെങ്കിൽ "മേൽമുണ്ടു സമരം" അല്ലെങ്കിൽ "മാറുമറയ്ക്കൽ സമരം" എല്ലാസ്ത്രീകൾക്കും മേൽമുണ്ടു ധരിക്കാനുള്ള അവകാശത്തിനായി നാടാർ (ചാന്നാർ) സ്ത്രീകൾ തുടങ്ങിയ അതിശക്തമായ പ്രക്ഷോഭം ആയിരുന്നു.

സാമൂഹികമായ തട്ടുതിരിവുകൾ കർശനമായി നടപ്പിലാക്കാൻ പൊതുഇടങ്ങളിലെ വസ്ത്രധാരണത്തെ ആയുധമാക്കിയ നാടുവാഴിത്ത ജാതിനിയമങ്ങളെയാണ് ഈ സമരം ചോദ്യം ചെയ്തത്.

നാടാർ ഉൾപ്പടെ ഉള്ള താണജാതിക്കാർ മാത്രമായിരുന്നില്ല ഈ ക്രൂരമായ അനീതിക്ക് ഇരയാക്കപ്പെട്ടത്.
നായർ സ്ത്രീകൾക്കും സവർണ്ണമേലാളരായ ബ്രാഹ്മൺ പുരുഷന്മാരുടെ മുന്നിൽ മാറുമറയ്ക്കാനുള്ള അവകാശം നിഷേധിക്കപെട്ടു. 
ദൈവത്തിന് മുന്നിലുള്ള സമ്പൂർണ്ണ സമർപ്പണത്തിന്റെയും വിനയത്തിന്റെയും അടയാളമായി, ഉയർന്ന ജാതിക്കാരായ ബ്രാഹ്മണ സ്ത്രീകൾ (നമ്പൂതിരി അന്തർജനങ്ങൾ) പോലും വീടിനു പുറത്തിറങ്ങുമ്പോൾ ശരീരം മറച്ച് വസ്ത്രം ധരിക്കുകയും, അവരുടെ മുഖം മറച്ച് മറക്കുട ഉപയോഗിക്കുകയും ചെയ്യുമ്പോഴും ക്ഷേത്രങ്ങൾക്കുള്ളിലോ,  പ്രതിഷ്ഠയ്ക്ക് മുന്നിലോ തങ്ങളുടെ മേൽമുണ്ട് മാറ്റി മാറു തുറന്നിടണമെന്ന് യാഥാസ്ഥിതിക ആചാരങ്ങൾ അനുശാസിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളത്തിൽ മേൽമുണ്ട് ധരിക്കുക എന്നത് മാന്യതയുടെ ഒരു സാർവത്രിക മാനദണ്ഡമായി കണക്കാക്കപ്പെട്ടിരുന്നില്ല. പകരം ഉയർന്ന അധികാരങ്ങൾക്ക് മുന്നിൽ അത് രാജാവോ, ഉയർന്ന ജാതിക്കാരോ, ക്ഷേത്രത്തിലെ ദൈവമോ ആകട്ടെ, ശരീരത്തിന്റെ മുകൾഭാഗം മറയ്ക്കാതിരിക്കുന്നതായിരുന്നു സ്വാഭാവികമായ ആദര സൂചകമായി കണ്ടിരുന്നത്.  മേൽമുണ്ട് ഉപയോഗത്തിൽ താഴ്ന്ന ജാതിക്കാരുമായി ഉയർന്ന ജാതിക്കാർക്കുള്ള വ്യത്യാസം ഉയർന്ന ജാതിയിലെ സ്ത്രീകൾ ആരാധനയുടെയും ഭക്തിയുടെയും ഭാഗമായി ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം സ്വമേധയാ മേൽവസ്ത്രം മാറ്റിയിരുന്നപ്പോൾ, താഴ്ന്ന ജാതിയിലെ സ്ത്രീകൾ പൊതുഇടങ്ങളിൽ എവിടെയും മാറു തുറന്നിട്ടു നടക്കാൻ നിയമപരമായി നിർബന്ധിതരായിരുന്നു. താഴ്ന്ന ജാതിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുണ്യകർമ്മമായിരുന്നില്ല, മറിച്ച് ഭരണകൂടം അവരുടെ മേൽ അടിച്ചേൽപ്പിച്ച ജാതീയമായ അടിച്ചമർത്തലിന്റെ അടയാളമായിരുന്നു.

ഭൂപ്രഭുത്വ കാലത്തെ കേരളത്തിലെ വസ്ത്രധാരണ നിയമങ്ങൾ ഒരിക്കലും വ്യക്തിപരമായ ധാർമ്മികതയുടെയോ മാന്യതയുടെയോ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് ആചാരപരമായ ശുദ്ധിയും ജാതീയമായ തട്ടുതിരിവുകളും നിലനിർത്താനും നടപ്പിലാക്കാനുമുള്ള ഒരു ഭരണഘടനാപരമായ ആയുധമായിരുന്നു എന്ന് ഈ വ്യത്യാസം വ്യക്തമാക്കുന്നു.

ഓരോ സമരങ്ങളും ലഹളകളും തുടക്കംകുറിക്കുന്നത് സാമൂഹിക അനീതിയും അസമത്വവും സഹനത്തിനും അപ്പുറവും അത്യാചാരങ്ങളും ആകുമ്പോഴാണ്.

18 ആം നൂറ്റാണ്ടുമുതൽ നിലനിന്നിരുന്ന വളരേ ക്രൂരവും അപമാനകരവും ആയ ഒരു അത്യാചാരം ആയിരുന്നു താണജാതിയിലെ സ്ത്രീകൾക്ക്മേൽ ചുമത്തിയിരുന്ന മുലക്കരം.

തിരുവിതാംകൂറിൽ നിലനിന്നിരുന്ന  മുലക്കരം (Breast Tax) കൃത്യമായി ഏത് വർഷമാണ് പ്രാബല്യത്തിൽ വന്നത് എന്നതിന് കൃത്യമായ ചരിത്രരേഖകൾ ലഭ്യമല്ല. എങ്കിലും ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, തിരുവിതാംകൂർ രാജ്യം അതിന്റെ സാമ്രാജ്യത്വ വികസനത്തിനും യുദ്ധച്ചെലവുകൾക്കുമായി വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട 1747-ഓടെയാണ് ഈ നികുതി ഉൾപ്പെടെയുള്ള അനേകം വിചിത്രമായ നികുതികൾ (Poll taxes) ജനങ്ങളുടെ മേൽ ചുമത്തപ്പെടുന്നത്.

തുടർന്ന് 19 ആം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഈ നികുതി സംപ്രദായം അതീവകർശനമാക്കി നടപ്പിലാക്കി.
സാമൂഹികമായ അനീതി കൂടുതൽ ശക്തമാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി, താഴ്ന്ന ജാതിക്കാരായ സ്ത്രീകൾ മേൽമുണ്ട് ധരിക്കാൻ ആഗ്രഹിക്കുന്ന പക്ഷം രാജ്യം 
'മുലക്കരം' എന്ന പേരിൽ ഒരു വ്യവസ്ഥാപിത നികുതി ചുമത്തിയിരുന്നു. ഏറ്റവും ക്രൂരവും അപമാനകരവും ആയി സ്ത്രീകളുടെ സ്തനങ്ങളുടെ വലുപ്പം നോക്കി സർക്കാർ ഉദ്യോഗസ്ഥർ അതിക്രൂരമായ രീതിയിലായിരുന്നു ഈ നികുതി നിശ്ചയിച്ചിരുന്നത്.

മുലക്കരവും തലക്കരവും:
താഴ്ന്ന ജാതിയിലുള്ള പുരുഷന്മാർ അധ്വാനിക്കാൻ പ്രായമാകുമ്പോൾ (ഏകദേശം 14 വയസ്സ്) അവർക്ക് മേൽ ചുമത്തിയിരുന്ന നികുതിയാണ് "തലക്കരം". 
ഇതിന്റെ സ്ത്രീകളുടെ പതിപ്പായിരുന്നു "മുലക്കരം". പ്രായപൂർത്തിയാകുന്നതോടെ താഴ്ന്ന ജാതിയിലെ സ്ത്രീകൾ ഈ നികുതി നൽകാൻ ബാധ്യസ്ഥരായിരുന്നു.

മുലക്കരം പിരിക്കാനെത്തിയ രാജാവിന്റെ സൈനികർക്ക് 1803 ചേർത്തലയിൽ നിന്നുള്ള നങ്ങേലി എന്ന താഴ്ന്ന ജാതിക്കാരിയായ സ്ത്രീ, മുലക്കരത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി സ്വന്തം സ്തനങ്ങൾ മുറിച്ചുമാറ്റി വാഴയിലയിൽ വച്ചുകൊടുത്തു.  കരം പിരിവിനെത്തിയവരുടെ മുന്നിൽ  നങ്ങേലി രക്തം വാർന്നു മരിക്കുകയും ചെയ്തു. പ്രതിരോധത്തിന്റെ പ്രതീകാത്മക രക്തസാക്ഷിയായി അവർ മാറി.

തുർന്ന് 1813 ൽ തിരുവിതാംകൂറിലെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ ജോൺ മൺറോ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അനുവാദം നൽകിക്കൊണ്ട് ഉത്തരവിറക്കി. എന്നാൽ ഉയർന്ന ജാതിക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഈ ഉത്തരവ് പിൻവലിക്കാൻ അദ്ദേഹം നിർബന്ധിതനായി.

അതിനുശേഷം ചാന്നാർ ലഹള ശക്തമായിത്തുടരർന്നു. 1822 ചാന്നാർ (നാടാർ) സ്ത്രീകൾ പരസ്യമായി മേൽമുണ്ട് ധരിക്കാൻ തുടങ്ങിയത് ഉയർന്ന ജാതിക്കാരായ പുരുഷന്മാരുടെ ക്രൂരമായ പ്രതികാര നടപടികൾക്കും കലാപങ്ങൾക്കും കായികമായ ആക്രമണങ്ങൾക്കും കാരണമായി.

1858–1859 മാന്യമായി വസ്ത്രം ധരിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി ക്രിസ്ത്യൻ മിഷണറിമാരുടെയും ബ്രിട്ടീഷ് അധികാരികളുടെയും പിന്തുണയോടെ ചാന്നാർ (നാടാർ) സ്ത്രീകൾ പോരാട്ടം തുടർന്നതോടെ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായി.

അതിന് അവസാനം ആയതും സ്ത്രീകൾ മാറുമറയ്ക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം നേടിയെടുത്തതും 1859 ജൂലൈ 26-ന്പുറപ്പെടുവിച്ച രാജകീയ വിളംബരത്തോടെയാണ് മാറുമറയ്ക്കാനുള്ള അവകാശം പൂർണ്ണമായി അംഗീകരിക്കപ്പെടുകയും ഈ ക്രൂരമായ നികുതി സംപ്രദായം ഇല്ലാതാവുകയും ചെയ്തത്.(എങ്കിലും തുടക്കത്തിൽ ഉയർന്ന ജാതിക്കാരുടെ വസ്ത്രധാരണ രീതികൾ അനുകരിക്കുന്നതിൽ വിലക്കുകളുണ്ടായിരുന്നു). പിന്നീട് അയ്യങ്കാളിയെപ്പോലുള്ള നേതാക്കളുടെ പിന്തുണയോടെ 1910-കളോടെ ഈ നിയന്ത്രണങ്ങൾ പൂർണ്ണമായും ഇല്ലാതായി.

പിന്നെയുമ വർഷങ്ങൾക്കുശേഷം 1865-ലെ ഒരു രാജകീയ വിളംബരത്തിലൂടെ ആണ് തിരുവിതാംകൂറിലെ നായർ സ്ത്രീകൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാൻ അനുവാദം നൽകപ്പെട്ടത്

ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും ആദ്യത്തെ ശക്തമായ ജാതി-വിരുദ്ധ-സ്ത്രീപക്ഷ മുന്നേറ്റങ്ങളിലൊന്നായിട്ടാണ് മാറുമറയ്ക്കൽ സമരം കണക്കാക്കപ്പെടുന്നത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഘടനാപരമായ അപമാനങ്ങളെ തകർത്ത ഈ സമരം, പിൽക്കാലത്ത് രൂപപ്പെട്ട വിശാലമായ കേരള നവോത്ഥാനപ്രസ്ഥാനത്തിന് അടിത്തറയിട്ട ഒരു മുൻഗാമി കൂടിയായി മാറി. 
 

Join WhatsApp News
Sudhir Panikkaveetil 2026-10-29 13:08:10
സ്ത്രീയുടെ ശരീരം വിറ്റ് (മുലക്കരത്തിലൂടെ നേടുന്ന ധനം) ഉപജീവനം കഴിച്ചിരുന്നു കേരളത്തിലെ രാജാക്കന്മാർ (whoremonger)എന്ന് ആരും എഴുതുന്നില്ല. അങ്ങനെ നാണം കെട്ടവർ ഭരിച്ച് ഭരിച്ച് ബംഗാളിൽ നിന്നും വന്ന ഒരു സന്യാസിക്ക് കേരളം (അന്ന് കേരളമല്ല)ഭ്രാന്താലയം ആയി തോന്നി.ഇപ്പോൾ brothel നടത്തി ജീവിക്കുന്നവരും അന്നത്തെ അധികാരികളും ഒരേ കാറ്റഗറിയാണെന്നു എന്താണ് കേഴ്വി കേട്ട ചരിത്രകാരന്മാർ മിണ്ടാത്തത്.
പ്രിൻസ് തോപ്രാംകുടി 2026-10-29 14:48:07
ആദ്യമേ, ഈ ലേഖനത്തിനോട് ചില കാര്യങ്ങളിൽ വിയോജിക്കുന്നു . ഒന്ന് - മുലക്കരം സ്തനങ്ങളുടെ വലുപ്പം നോക്കിയാണ് നിശ്ചയിച്ചിരുന്നത് എന്ന വാദത്തിന് തെളിവില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു. ചരിത്രരേഖകൾ മുലക്കരത്തെ ശാരീരിക സവിശേഷതകൾ അടിസ്ഥാനമാക്കിയുള്ളതല്ല, ജാതി അടിസ്ഥാനമാക്കിയുള്ള ഒരു തലക്കരമായാണ് വിവരിക്കുന്നത്. ലേഖനത്തിലെ ആ ഭാഗം ഈ വിമർശനത്തിന് വിധേയമാണ്. രണ്ടു-നങ്ങേലിയുടെ കഥ സത്യമാണോ എന്നത് സംശയാസ്പദമാണ്, അതിനെ പിന്തുണയ്ക്കുന്ന ചരിത്രരേഖകളില്ല. മനു എസ്. പിള്ളയെപ്പോലുള്ള ചരിത്രകാരന്മാർ ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ലേഖനം ഇതൊരു സ്ഥിരീകൃത വസ്തുതയായി അവതരിപ്പിക്കുന്നു. മൂന്ന് - മുലക്കരം എന്ന പേര് തെറ്റായ പ്രയോഗമാണെന്നും ഇതിന് മുലകളുമായി ബന്ധമില്ലെന്നും, അക്കാലത്തെ മാതൃദായക സമൂഹത്തിൽ മാറു മറയ്ക്കുന്നത് പതിവായിരുന്നില്ലെന്നും മനു പിള്ള വാദിക്കുന്നു. ഇത് ലേഖനത്തിലെ "മുലക്കരം അടച്ചാൽ മേൽമുണ്ട് ധരിക്കാം" എന്ന ആശയത്തെ ചോദ്യം ചെയ്യുന്നു. നാല് - ഇന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരാമർശം: ഇത് ലേഖനത്തിലെ ഏറ്റവും വിവാദമാകാവുന്ന ഭാഗമാണ്. ചരിത്രത്തിൽ ആ സമരം നടന്നത് ഒരു അടിച്ചമർത്തൽ നിയമത്തിനെതിരെ, വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനായിരുന്നു. അതിനാൽ ഇന്ന് സ്ത്രീകളുടെ വസ്ത്രധാരണത്തെ വിലയിരുത്തുന്നത് സമരത്തിന്റെ അതേ തത്വത്തിന് (വസ്ത്ര സ്വാതന്ത്ര്യം) വിരുദ്ധമാണെന്നും, "മോറൽ പോലീസിങ്" ആണെന്നും വിമർശകർ പറയാനിടയുണ്ട്. ഇത് എന്റെ നിരീക്ഷണമാണ്. ഇനി ശ്രീ പണിക്കവീട്ടിലിൻറെ അഭിപ്രായത്തോടും ഉൾക്കൊള്ളാൻ ആകുന്നില്ല.നിങ്ങളുടെ രോഷത്തിന് പിന്നിലെ കാര്യം ന്യായമാണ്: ജാതിയുടെ പേരിൽ മനുഷ്യരെ അപമാനിച്ച് നികുതി പിരിച്ച ഭരണസംവിധാനം ധാർമ്മികമായി വിമർശിക്കപ്പെടേണ്ടതുതന്നെ. പക്ഷേ ചരിത്രകാരന്മാർ “whoremonger” പോലുള്ള താരതമ്യം ഉപയോഗിക്കാത്തതിന് ചില കാരണങ്ങളുണ്ട്. ഉപമ ചരിത്രവസ്തുതയുമായി ചേരുന്നില്ല. വേശ്യാലയം നടത്തുന്നയാൾ ഒരു സ്ത്രീയുടെ ലൈംഗികസേവനം വിറ്റ് പണമുണ്ടാക്കുന്നു. മുലക്കരം അങ്ങനെയായിരുന്നു എന്നതിന് തെളിവില്ല. ലഭ്യമായ രേഖകൾ അനുസരിച്ച് അത് താഴ്ന്ന ജാതിക്കാർ നൽകേണ്ടിയിരുന്ന ഒരു പോൾ ടാക്സ് ആയിരുന്നു. പുരുഷന്മാർക്ക് തലക്കരം, മീശക്കരം; സ്ത്രീകൾക്ക് മുലക്കരം. ഇത് സ്ത്രീയുടെ ശരീരം വിൽക്കലല്ല, ജാതിയും ലിംഗവും അടിസ്ഥാനമാക്കി ജനങ്ങളെ ചൂഷണം ചെയ്ത നികുതിസമ്പ്രദായമാണ്.ചരിത്രകാരന്മാർ വിശകലനമാണ് ചെയ്യുന്നത്, ഭരണാധികാരികളെ ശകാരിക്കുകയല്ല. അവർ ആ വ്യവസ്ഥയെ ജാതിവ്യവസ്ഥയുടെ ചൂഷണമായും അടിച്ചമർത്തലായും തന്നെയാണ് വിശേഷിപ്പിക്കുന്നത്. അത് കടുത്ത വിമർശനമാണ്, വാക്കുകൾ മയപ്പെടുത്തിയതല്ല. നിയമവിരുദ്ധമോ ലൈംഗികമോ ആയ ചൂഷണമെന്ന് ഉറപ്പില്ലാത്ത കാര്യം അങ്ങനെ വിളിച്ചാൽ വിമർശനത്തിന്റെ വിശ്വാസ്യതയാണ് കുറയുക.വിവേകാനന്ദൻ 1892-ൽ കേരളത്തെ "ഭ്രാന്താലയം" എന്ന് വിളിച്ചത് പ്രധാനമായും ജാതിവിവേചനം, തൊട്ടുകൂടായ്മ, അയിത്തം എന്നിവയെക്കുറിച്ചാണ്. ഇതെല്ലാം ചരിത്രകാരന്മാർ ധാരാളം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്, "ആരും എഴുതുന്നില്ല" എന്നതിനേക്കാൾ, അവർ വേറൊരു ഭാഷയിൽ, വസ്തുതകളുടെ അടിസ്ഥാനത്തിൽ എഴുതുന്നു എന്നതാണ് കൂടുതൽ കൃത്യം. പ്രിൻസ് തോപ്രാംകുടി
K.G. Rajasekharan 2026-10-29 15:27:53
വടക്കേ ഇന്ത്യയിൽ ഹിന്ദുക്കൾക്ക് ജിസ്യ എന്ന ടാക്സ് മുസ്‌ലിം ഭരണാധികാരികൾ ചുമത്തിയിരുന്നു. അവർ പോലും സ്ത്രീകളുടെ ശരീര ഭാഗങ്ങൾക്ക് നികുതി ചുമത്തിയില്ല സ്ത്രീയുടെ ശരീര ഭാഗങ്ങൾക്ക് നികുതി ചുമത്തി ആ നാണം കെട്ട പണം തിന്നവരെ ചരിത്രകാരന്മാർ വെള്ളപൂശാതിരിക്കില്ല ശ്രീ തോപ്രാംകുടി. പണ്ടുള്ളവർ എഴുതിവച്ചത് ശരി വച്ച് റാൻ മൂളി കഴിയാം നമുക്ക്. ചോദ്യം ചെയ്യരുത് അതാണ് അധികാരികൾ എന്നും ആവശ്യപ്പെടുന്നത്. ജാതിയെന്നും പറഞ്ഞു ഒരു വൃത്തികേടിനെ മറയ്ക്കുന്നതിലും അടിമത്തം പ്രകടമാണ് ഒരു മുൻവിധിയും സ്വയം വലിയവൻ എന്ന ഭാവവും അതിലുണ്ട്. . അതൊന്നും പുതുമയല്ല , തലമുറയായി നടന്നുവരുന്ന സംഭവങ്ങൾ.2026 ലും അത് ആവർത്തിക്കുന്നു. ഇ മലയാളിയിൽ ജാതി മത വിഷയങ്ങൾക്കാണ് പ്രാധാന്യം. കാരണം വായനക്കാർക്ക് അതെ അറിയൂ.
US Malayali 2026-10-29 15:30:09
മാറ് മറക്കൽ ആവശ്യമോ? എന്ന ഒരു ലേഖനത്തിന്റെ ആവശ്യവും ഇല്ലായിരുന്നു.
നഗ്നതയുടെ ആരാധകൻ 2026-10-29 19:24:56
തുണി ഉടുക്കുന്നത് മാറ്മരക്കുന്നതും എല്ലാം സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തുണിയില്ലാതെ നടക്കുന്നതാണ് ഓരോരുത്തരുടെ താൽപര്യമെങ്കിൽ അങ്ങനെ തന്നെ ആകട്ടെ. ശരീരമാകെ കാറ്റ് കൊണ്ട് നല്ല ക്ലീനായി പഴയ മനുഷ്യരുടെ മാതിരി ജീവിക്കാം. അങ്ങനെ എല്ലാവരും പ്രകൃതിയിലേക്ക് മടങ്ങുക.
Vayanakkaran 2026-10-29 20:05:06
ഈ ലേഖനം ഇപ്പോൾ എഴുതിയതിന്റെ പ്രസക്തിയെന്താണ്? രണ്ടു നൂറ്റാണ്ടിനു മുൻപ് നടമാടിയിരുന്ന ഒരു വ്യവസ്ഥിതി എന്നേ തിരുത്തി എഴുതപ്പെട്ടിരുന്നു! ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി, ജനാധിപത്യ സർക്കാരുകൾ നിലവിൽ വന്നു. സാമൂഹ്യ സംസ്കാരം പരിഷ്കരിക്കപ്പെട്ടു. ഇപ്പോഴുള്ള സ്ത്രീകൾക്ക് ഇങ്ങനെയൊരു അവസ്ഥയെപ്പറ്റി തെല്ലും ഭയപ്പെടേണ്ട കാര്യവുമില്ല. പിന്നെ വെറുതെ ഇങ്ങനെയൊരു വിഷയത്തെപ്പറ്റി ചർച്ച വയ്ക്കുന്നതെന്തിന്? ഈ ലേഖനം പ്രസിദ്ധീകരിക്കിന്നതിലൂടെ ലേഖിക എന്താണ് ഉദ്ദേശിക്കുന്നത്?
പെണ്ണിന്റെ മുലത്തുടിപ്പ് കണ്ടാൽ 2026-10-29 20:40:46
ഞാൻ കണ്ട മുലകളിൽ ചന്തമേറിയത് എന്റെ അമ്പോറ്റിയമ്മേടെ മുലകളായിരുന്നു. പത്തു പെറ്റെങ്കിലും അതിൽ ഒൻപതെണ്ണമാ നീരൂറ്റി വളർന്നെങ്കിലും തുടിപ്പ് വറ്റാത്ത അമൃത കുംഭങ്ങൾ കെട്ടു ബാടിക്കുള്ളിൽ ഒതുക്കി കെട്ടി പുറമെ റൗകയുമിട്ട് നടന്നാലും ചാലുകൾ തുടിച്ചു നിൽക്കും. അന്നാണും, പെണ്ണുമൊന്നും നെറ്റി ചുളിച്ചിട്ടില്ല ഓ ഓര് വയസ്സത്തി അല്ലേ അതാവും. അന്നൊക്കെ പാടത്തും പാറമടയിലും വേലയെടുക്കുന്ന പെണ്ണോള് അരയും മുലയും മുറുക്കി വേലയെടുത്തു കുടുംബം പോറ്റീര്ന്ന്... അന്നും ഒരാണും പെണ്ണും നെറ്റി ചുളിച്ചിട്ടില്ല.. മുല കണ്ടാൽ കാമം വരുന്നോരു സ്വന്തം അമ്മമാരോട് ഒന്നു ചോദിക്കണം പാല് തിങ്ങി മുലപ്പനി പിടിച്ചതും നിങ്ങൾ കുഞ്ഞരി പല്ല് വെച്ച് കടിച്ചതു കാരണം വേദനിച്ചതും, മുല പൊട്ടിയിട്ടും ആ വേദന സഹിച്ചു നിങ്ങളെ വയറു നിറച്ചൂട്ടിയുറക്കിയതും ആ അമ്മ പറഞ്ഞു തരും ആ അമ്മയ്ക്കുള്ളതേ അന്യ പെണ്ണിനുമുള്ളൂ. ഇട്ടിരിക്കുന്ന വസ്ത്രത്തിനുള്ളിൽ കൂടി മുല തുടിപ്പ് കണ്ടാൽ പൊങ്ങുന്നവനൊക്കെ കടുക്ക കഷായം നല്ലതാ.. സദാചാരം പുലമ്പുന്ന പെണ്ണോൾക്ക് നെല്ലിക്കാ കഷായവും. ഇത് കണ്ടയുടൻ വാളെടുത്തു വരും കാണിച്ചിട്ടല്ലേ, കാണിക്കാൻ നടന്നിട്ടല്ലേ, അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ.. അഭിപ്രായ സ്വാതന്ത്ര്യം എന്നത് കാണുന്നതിനൊക്കെ അവനവന്റെ നിലവാരത്തിൽ മറ്റുള്ളോരെ കുത്തി നോവിക്കലല്ല, മറ്റുള്ളോരെ മര്യാദ പഠിപ്പിക്കലുമല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്നത് താൻ പറയുന്ന വാക്കുകൾ മറ്റൊരു വ്യക്തിക്കോ, നാടിനോ, സമൂഹത്തിനോ മുറിവേൽക്കുന്നതാണെങ്കിൽ അത്‌ പറയാതിരിക്കുക എന്നൊരു കോമൺസെൻസോടുകൂടി പറയുക എന്നുകൂടിയാണ്. നസ്രിയ ഫഹദ് ഇട്ട ഉടുപ്പിനെ സ്കാൻ ചെയ്ത് അവരുടെ മുലയ്ക്ക് ചുറ്റുമുള്ള കറുപ്പ് നിറം കണ്ടുവെന്നും, മുല ഞെട്ടു കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നും, ഫഹദിന്റെ കൈവളമാണ് എന്നൊക്കെ പുലമ്പുന്ന ആണും പെണ്ണും കെട്ട മനുഷ്യരേ, സ്വന്തം വീട്ടിലെ അമ്മയ്ക്കും, പെങ്ങന്മാർക്കും, ഭാര്യക്കും, പെണ്മക്കൾക്കും ഉള്ളതേ ആ പെങ്കൊച്ചിനും ഉള്ളൂ. കാണാൻ അത്രയ്ക്ക് ത്വര തോന്നിയെങ്കിൽ കയ്യകലത്തുള്ള വീട്ടിലുള്ള പെണ്ണുങ്ങളുടെ തുണി പറിച്ചു നോക്കണം ഹേ 😏 ആണായി പിറന്ന ഒരുത്തനുംഅവനവന്റേത് അല്ലാത്ത മറ്റൊരു പെണ്ണിന്റെ മുലത്തുടിപ്പ് കണ്ടാൽ ഇജ്ജാതി ത്വര ഉണ്ടാവില്ല. നസ്രിയയെ കുഞ്ഞിലെ മുതലേ സ്വന്തം വീട്ടിലെ മക്കളെ കണ്ട പോലെ കണ്ടതു കൊണ്ടാണ് ഇങ്ങനെ കണ്ടപ്പോൾ വിഷമം തോന്നിയവരോട്, നിങ്ങൾക്ക് ഒക്കെ വട്ടുണ്ടോ? ആ ശ്രദ്ധയും, സ്നേഹവും, സ്വന്തം വീട്ടിലെ പെൺകുഞ്ഞുങ്ങൾക്ക് കൊടുക്ക് പെണ്ണുങ്ങളെ. ആ കുട്ടി ഒരു അഭിനേത്രിയാണ്. അവളുടെ വേഷവും അതിനനുസരിച്ചായിരിക്കും. അതിനെ അതിന്റെ രീതിക്ക് വിടുക. നിങ്ങൾക്കൊക്കെ ഇത് കണ്ട് കൈപ്പണി എടുത്തേ തീരുവെങ്കിൽ, അഭിപ്രായം പറഞ്ഞെ തീരുവെങ്കിൽ ഈ ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും എത്രയോ പെണ്ണുങ്ങൾ ഇതു കാണിക്കാൻ മാത്രമായി പ്രൊഫൈൽ തുറന്നു വച്ചിരിക്കുന്നുണ്ട്. അതുങ്ങളെ പോയി പ്രോത്സാഹിപ്പിക്കിൻ മനുഷ്യരേ.. സംഗീത ഹരി
Raju Thomas 2026-10-29 21:46:29
പ്രസ്തുത ലേഖനത്തിന്റെ പ്രസക്തി എന്താണെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നാണ് എന്റെ പക്ഷം. ഇടയ്കിടയ്ക് ആരെങ്കിലും ഇതൊക്കെ നമ്മെ ഓർമ്മിപ്പിക്കുന്നത് നന്നല്ലേ? എനിക്കാണെങ്കിൽ, പ്രശ്നത്തിന്റെ ചരിത്രവഴി ഇപ്പൊഴാണു മനസ്സിലായത്. ആ ചിത്രങ്ങൾ എവിടെനിന്നു തപ്പിയെടുത്തു എന്നാണു ഞാൻ ചിന്തിക്കുന്നത്bk lack bar മാറ്റിയിരുന്നെങ്കിൽ!
Parvathi 2026-10-29 22:38:06
അതെ, ശ്രീ രാജു തോമസ് ഉന്നയിച്ച അതേ ചോദ്യമാണ് ഞാനും ചോദിക്കുന്നത്. ഇത് ശരിക്കും കാലോചിതമായ ഒരു ചർച്ചാവിഷയമാണോ? ഇന്നത്തെ സാഹചര്യത്തിൽ എത്ര ശതമാനം സ്ത്രീകളാണ് പുരുഷന്മാരുടെ ക്രൂരതയുടെയോ അതിക്രമപരമായ സമീപനങ്ങളുടെയോ ഫലമായി അവരുടെ സ്തനം നഷ്ടപ്പെടുന്നത്? ആ എണ്ണം വളരെ കൂടുതലാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. യാഥാർത്ഥ്യത്തിൽ, അതിനേക്കാൾ അനേകം സ്ത്രീകൾ സ്തനാർബുദം കാരണം സ്തനം നഷ്ടപ്പെടുന്നുണ്ട്. അപൂർവമോ ഒറ്റപ്പെട്ടതോ ആയ സംഭവങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ലേഖനങ്ങൾ എഴുതുന്നതാണ് കൂടുതൽ പ്രയോജനകരം. ആരോഗ്യകരമായ ജീവിതശൈലി, പതിവായ മെഡിക്കൽ പരിശോധനകൾ, സ്തനാർബുദത്തിനായുള്ള നേരത്തെയുള്ള പരിശോധനകൾ, പോഷകസമൃദ്ധമായ ഭക്ഷണക്രമം, ശാരീരിക വ്യായാമം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ലേഖനങ്ങൾ സ്ത്രീകളെ ആരോഗ്യപരമായി കൂടുതൽ സുരക്ഷിതരാക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.
thomas kalathoor 2026-10-30 01:48:23
പണ്ട് ജന്മി മാരും മേലാളന്മാരും എല്ലാവരെയും ഭരിച്ചു നടന്ന കാലത്തു, അവർക്കു വിയർപ്പു ഒഴുക്ക് കൂടാത് ജീവിക്കാമായിരുന്നു. ആവശ്യത്തിലധികം ഭക്ഷിക്കുകയും ചെയ്യാം. അന്ന് അവർക്കു ഒരു ലയ്ൻഗീകത (സെക്സ് ഇൻസ്റ്റിൻകട് ) ഒരു മനോരോഗം, അക്കൂടെ , ഒരു വിനോദവും. അതിന്റെ സൗ കര്യ പ്രഥമായ നടത്തിപ്പിന് , ചില നിയമങ്ങളും , മതാനുഷ്ടാനങ്ങളും ഒക്കെ ഉണ്ടാക്കി, ഇന്നും മതവും രാഷ്ട്രീയവും ഇതൊക്കെ ശ്രെമിക്കും. അതിൽനിന്നും രക്ഷ പ്രാപിച്ചു. പക്ഷെ , നഗ്നത എന്ന് പറഞ്ഞു , അമിത പ്രാധാന്യം നൽകി. ഇപ്പോൾ , അതിനും എതിരായി , പഴയ നഗ്‌നത യിലേക്ക് അല്പമായ് സഞ്ചരിക്കുന്നു. അതും നല്ലൊരു ഭാവിയിലേക്ക് എന്ന് തോന്നുന്നു. മൂടി പൊതിഞ്ഞു വെയ്ക്കുന്നതിനോട്, ആകാംഷ സാധാരണമാണ്. ഇതിനൊന്നും പ്രാധാന്ന്യം നൽകാതെ, "ശരീരം". മാത്രമായി കാണാൻ തുടങ്ങും. ഒന്ന് ഓർക്കണമ്. നഗ്ന്നായി നടക്കുന്നവരല്ലാ, നഗ്നത കാണുമ്പോൾ മനസ്സിലാകുന്നവരാണ് പാപികൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക