Image

കവഞ്ചി (കഥ: ഷാജുമോൻ ജോസഫ്, ന്യൂജേഴ്‌സി)

Published on 28 October, 2026
കവഞ്ചി (കഥ: ഷാജുമോൻ ജോസഫ്, ന്യൂജേഴ്‌സി)

മുൻവശത്തെ ഇറയത്തിന്റെ വടക്കു കിഴക്കേ മൂലയിൽ അരമതിലിനോട് ചേർന്നാണ് കവഞ്ചിയുടെ സ്ഥാനം. തലമുറകളായി തറവാട്ടിലെ കാരണവരുടെ ആസ്ഥാനമാണ് ഈ കവഞ്ചി. കാരണവന്മാർ മാറിയാലും കവഞ്ചിയുടെ സ്ഥാനം മാറാറില്ല.
              
കവഞ്ചിയിൽ ഇരിക്കുകയോ നീണ്ടു നിവർന്ന് കിടക്കുകയോ ചെയ്യാം. കാലുകൾ കയറ്റി വെക്കുന്നതിനുള്ള ഫുട് റെസ്റ്റ് സംവിധാനവും കവഞ്ചിയിലുണ്ട്.
               
കവഞ്ചിയോട് ചേർന്ന് ഒരു ചെറിയ വട്ടമേശ. മേശയുടെ പുറത്ത് മുറുക്കാൻ ചെല്ലവും, അത് നിറയെ നല്ല കിളിവാലൻ വെറ്റിലയും, പഴുക്കായും, പുകയിലയും, മേശക്കു താഴെ ഒരു കോളാമ്പിയും കൂടി ചിട്ടയിൽ ക്രമീകരിച്ചാൽ രംഗ സജ്ജീകരണം പൂർത്തിയായി.
                
കാരണവർ ഉപവിഷ്ടനാകുന്നതിനു മുമ്പു തന്നെ ഇളം തലമുറക്കാരോ, വാല്യക്കാരോ രംഗം സജ്ജീകരിച്ചിരിക്കും.
                
മുറുക്കാൻ നൽകിയാണ് സന്ദർശകരെ സ്വീകരിച്ചിരുന്നത്. കാരണവരുടെ അടുത്തു വന്നിരുന്ന് ഒന്നു മുറുക്കി, കുറച്ചു നേരം വെടിവട്ടം പറഞ്ഞിരുന്ന് പിരിയുന്ന ധാരാളം സന്ദർശകർ അക്കാലത്തുണ്ടായിരുന്നു.
                 
ഒന്നോ രണ്ടോ ഇളം വെറ്റില തെരഞ്ഞെടുത്ത്, അതിന്റെ ഞെട്ടും വാലും തടിച്ചു നിൽക്കുന്ന ഞരമ്പുകളും നുള്ളി, ഇടത്തെ കൈവെള്ളയിൽ നിവർത്തിവച്ച്, വലത്തെ കൈയ്യുടെ ചൂണ്ടുവിരൽ കൊണ്ട് വെറ്റിലയിൽ ചുണ്ണാമ്പ് തേച്ചു നാലായി മടക്കി രണ്ടു പ്രാവശ്യം ചവക്കുന്നതിനോടൊപ്പം നുറുക്കി വച്ചിരിക്കുന്ന അടക്കാകഷണങ്ങളും കൂടി ചവക്കുമ്പോഴേക്കും, ഒരിഞ്ചു നീളത്തിലും വണ്ണത്തിലും മുറിച്ചെടുത്ത പുകയിലയുടെ ഊഴമായി. അതുംകൂടി രണ്ടു മൂന്ന് പ്രാവശ്യം ചവച്ച്, ഇതിനിടയിൽ വർത്തമാനവും പറഞ്ഞു മുറ്റത്തെ മതിലിനു പുറത്തേക്ക് നീട്ടി തുപ്പിക്കഴിയുമ്പോൾ മുറുക്കൽ പൂർത്തിയായി. നല്ല വിഭവസമൃദ്ധമായ ഒരു ഊണ് കഴിച്ച സംതൃപ്തിയാണ് അപ്പോൾ അവരുടെ മുഖത്തു നിഴലിക്കുന്നത്.
                    
ഇറയത്തു നിന്നും രണ്ടു മൂന്നടി താഴെയാണ് വിശാലമായ മുറ്റം. പ്രധാന കൃഷികളിലൊന്നായ നെല്ല് കൊയ്തു വെക്കുന്നതും മെതിക്കുന്നതുമെല്ലാം ഈ മുറ്റത്താണ്. അധികം പൊക്കത്തിലല്ലാത്ത ചുറ്റുമതിൽ മുറ്റത്തിനുണ്ട്.
                    പറമ്പിലൂടെ തലങ്ങും വിലങ്ങും, തെക്കോട്ടും വടക്കോട്ടുമെല്ലാം വഴിച്ചാലുകളുണ്ട്. നാട്ടുകാരും, കച്ചവടക്കാരുമെല്ലാം വന്നും പോയുമാണ് വഴിച്ചാലുകൾ  ഉണ്ടാവുന്നത് . ഇങ്ങനെ വഴി നടക്കുന്നതിനൊന്നും അന്ന് നിയന്ത്രണങ്ങൾ ഇല്ലായിരുന്നു.
                  
“കുട നന്നാക്കാനുണ്ടോ, ഈയ്യം പൂശാനുണ്ടോ" എന്നൊക്കെ വിളിച്ചു ചോദിച്ചു വരുന്നവർ മുതൽ തലച്ചുമടായി മൺകലം വിൽക്കുവാൻ നടക്കുന്നവരും സോപ് ചീപ്പ് കച്ചവടക്കാരും, റൊട്ടിക്കച്ചവടക്കാർ വരെ ഇക്കൂട്ടത്തിൽ ഉണ്ടാകും.
                    
വേനൽക്കാലമായാൽ പുഴയ്ക്കു അക്കരെയുള്ളവർ  പുഴ കടന്ന് ഇക്കരെ കയറി പറമ്പ് മുറിച്ച് ഇടവഴിയിലൂടെ മെയിൻ റോഡിൽ എത്തി ബസ്സിനോ, നടന്നോ പട്ടണത്തിലേക്ക് പോകും. പട്ടണത്തിലെത്തുവാൻ അവരുടെ എളുപ്പ വഴിയാണിത്. അടുപ്പമുള്ളവർ കുശലം പറയുവാൻ മുറ്റത്തൂടെ വരും.
               
“വരൂ വരൂ കയറി വരൂ. കയറി വന്നാൽ മുറുക്കീട്ടു പോകാം". കാരണവർ കവഞ്ചിയിൽ ഇരിപ്പുണ്ടെങ്കിൽ ഇറയത്തേക്ക് ക്ഷണിക്കും.
              
“പത്തരയുടെ ടൗണിലേക്കുള്ള ബസ് പോയോ?”.
                
ഇറയത്തു ഇരുന്നാൽ ബസ് പോകുന്നതിന്റെ ഉച്ചത്തിലുള്ള ഇരമ്പലും ഹോൺ മുഴക്കവും കേൾക്കാം.
              
“ഉം അതിപ്പോൾ പോയതേയുള്ളു. ഇനി അടുത്തത് പതിനൊന്നരക്കേയുള്ളൂ എന്ന് തോന്നണൂ. എന്തായാലും കയറി വരൂ മുറുക്കീട്ടു പോകാം”.
               
മുറുക്കുന്നതിനിടെ അവർക്ക് ഇക്കരയിലെയും അക്കരയിലെയും നൂറു കൂട്ടം കാര്യങ്ങളുണ്ട് പറയുവാൻ. കൃഷികാര്യങ്ങളാവും അധികവും സംസാര വിഷയം.
                
“ഇത്തവണ ചിങ്ങത്തിലെ കൃഷി വളരെ മോശമായിരുന്നു. വെള്ളം കയറിക്കിടന്നതു കൊണ്ട് നെല്ലെല്ലാം മുളച്ചും പൊട്ടച്ചും പോയി. മകരത്തിലെ കൃഷി എങ്ങനെ ആവ്വോ!. കുംഭത്തിൽ രണ്ടാമത്തെ മോളുടെ കല്യാണം ഉണ്ട്. മൂത്തവളെ പ്രസവത്തിന് കൂട്ടിക്കൊണ്ടു വന്ന് പ്രസവ രക്ഷ നടത്തി വിടണം”. ഇത്രയും പറഞ്ഞിട്ട് ആഗതൻ ഒരു ദീർഘശ്വാസം വിട്ടു.
             
“കല്യാണം ആകൂമ്പോൾ അറിയിക്കൂ. വേണ്ടുന്ന നാളികേരം കൊടുത്തയക്കാം. മകരക്കൊയ്ത്തു മോശമായാൽ നെല്ലിന്റെ കാര്യത്തിലും എന്തെങ്കിലും വഴിയുണ്ടാക്കാം”. അടുത്ത മുറുക്കാന് കോപ്പു കൂട്ടുന്നതിനിടെ ആതിഥേയൻ പറഞ്ഞു. അതിഥിയുടെ മുഖം പ്രസന്നമായി.
               
അപ്പോഴേക്കും പതിനൊന്നര വണ്ടിയുടെ ഇരമ്പലും ഹോണടിയും മുഴങ്ങി കേട്ടു. യാത്ര പറഞ്ഞ് ആഗതൻ പടിയിറങ്ങി.
                
പട്ടാളത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ചെന്നിക്കുട്ടൻ മുറ്റത്തേക്ക് കയറി വന്നു.
              
ചെന്നിക്കുട്ടൻ, കാരണവരുടെ ബാല്യകാല സുഹൃത്താണ്. യുവത്വത്തിലേക്കു കടക്കുന്നതിനു മുമ്പ് പട്ടിണിയും പരിവട്ടവുമായി മടുത്തപ്പോൾ കള്ളവണ്ടി കയറി വടക്കേ 
ഇൻഡയിലേക്കു പോയി. ലക്ഷ്യമില്ലാതെ യാത്ര ചെയ്ത് എങ്ങനെയോ പട്ടാള ക്യാമ്പിൽ എത്തി. പട്ടാളത്തിലെ പാചകക്കാരെ സഹായിച്ചു പിന്നീട് അവിടത്തെ പാചകക്കാരനായി.
            
പ്രായം ഏറിയതോടൊപ്പം എന്തോ രോഗം വന്ന് കണ്ണിന്റെ കാഴ്ചക്ക് മങ്ങലേറ്റു തുടങ്ങിയപ്പോൾ പട്ടാളത്തിൽ നിന്നും വിടുതൽ കൊടുത്തു.
             
ബൂട്ടും, കാൽച്ചട്ടയും, കമ്പിളി ബനിയനുമാണ് അസഹ്യമായ ചൂടിലും ചെന്നിക്കുട്ടന്റെ വേഷം.
               
“ഓ ഇതാരാ കുട്ടനോ? കയറി വരൂ”. കാരണവർ ചെന്നിക്കുട്ടനെ ഇറയത്തേക്ക് ക്ഷണിച്ചു.
               
“ഇല്ല ഞാൻ ഇവിടെ നിന്നോളാം”. കുട്ടൻ ഭവ്യതയോടെ പറഞ്ഞു.
                 
വീണ്ടും ക്ഷണിച്ചപ്പോൾ മുറ്റത്തിനും ഇറയത്തിനും ഇടയിലുള്ള ഇളംതിണ്ണയിൽ കയറി അരമതിലിനോട് ചാരി നിന്നു.
           “മുറുക്കുന്നോ?”. കാരണവർ ചെല്ലം ചെന്നിക്കുട്ടന്റെ അടുത്തേക്ക് നീക്കി വച്ചു.
             
“ഇല്ല. കുടിയും, വലിയും മുറുക്കുമെല്ലാം നിറുത്തി. മുറുക്ക് നേരത്തെ തന്നെ നിർത്തിയിരുന്നു. അസുഖം വന്ന് കണ്ണിന്റെ കാഴ്ച്ച കുറയുന്നു എന്ന് കണ്ടപ്പോൾ കുടിയും വലിയുമെല്ലാം നിർത്തി”.
          
 “ പ്ലാവിൽ ചക്ക പഴുത്തു കിടക്കുന്നല്ലോ". കുട്ടൻ പ്ലാവിലെക്കു ചൂണ്ടിക്കൊണ്ട് പറഞ്ഞു.
            “ഉം പ്ലാവിൽ കയറാനും ചക്ക ഇറക്കാനുമൊന്നും ആരുമില്ല. പടിഞ്ഞാറുകാരോ വരുന്നുമില്ല". കാരണവർ പറഞ്ഞു.
           “കയർ ഇരിക്കുന്നത് എവിടെയാണ്? ഞാൻ പ്ലാവിൽക്കയറി ചക്കയിറക്കാം”.
              
ചെന്നിക്കുട്ടൻ പണ്ട് നല്ല മരം കയറ്റക്കാരനായിരുന്നെന്ന് കേട്ടിട്ടുണ്ട്.
              
കയറിന്റെ ഒരറ്റം പ്ലാവിന്റെ മുകളിലത്തെ കൊമ്പിൽ എറിഞ്ഞു ചുറ്റിക്കെട്ടി കെട്ടുറപ്പാക്കി. കയറിൽ പിടിച്ചു് ബൂട്ടിട്ട കാലുകൊണ്ട് പ്ലാവിൽ ചവിട്ടി ചവിട്ടി മുകളിലേക്ക് കയറുന്നതു കണ്ടപ്പോൾ ഏവരും ആശ്ചര്യപ്പെട്ടുപോയി. ആദ്യമായിട്ടാണ് ബൂട്ടിട്ടുകൊണ്ട് ഒരാൾ മരത്തിൽ കയറുന്നത് ആ നാട്ടുകാർ കാണുന്നത്. പറഞ്ഞ മാത്രയിൽ കുട്ടൻ ചക്കയുമായി താഴെ വന്നു. കൂടി നിന്നവർക്കെല്ലാം ചക്കപ്പഴം മുറിച്ചു കൊടുത്തു.
                
കവഞ്ചിയിൽ ഇരുന്നാൽ പറമ്പിന്റെ മുക്കാൽ ഭാഗവും കാണാം.
              പറമ്പിന്റെ തെക്കുവശത്തു നിന്നും ഉച്ചത്തിൽ സംസാരം കേൾക്കാം. പടിഞ്ഞാറൻ ഭാഷയാണ്.
               
തലയോലപ്പറമ്പ്, വൈക്കം ഭാഗത്തു നിന്നും കച്ചവടത്തിന് വരുന്ന കാക്കാമാരെ പടിഞ്ഞാറുകാർ എന്നാണ് വിളിച്ചിരുന്നത്. അവർ സംസാരിക്കുന്നത് ഉച്ചത്തിലാണ്. പരിചയമില്ലാത്തവർക്ക് ഇത് കേട്ടാൽ വഴക്കിടുന്നതായിട്ടേ തോന്നൂ. കച്ചവടക്കാർ ആണെങ്കിലും അവർ സത്യസന്ധരായിരുന്നു. പക്ഷെ സംസാരം ‘വെട്ടൊന്ന് തുണ്ടം രണ്ട് ’ എന്ന രീതിയിലാണ്. കപ്പ, ചക്ക, തേങ്ങ,ചേന മുതലായവ ആയിരുന്നു അവർ വാങ്ങുന്ന ഉൽപ്പന്നങ്ങൾ. തുക ഉറപ്പിച്ച് അച്ചാരം കൊടുത്ത് പുഴയ്ക്ക് വെള്ളം പൊങ്ങുമ്പോൾ വരാമെന്ന് പറഞ്ഞു പോകും. വിലയിടിവോ, വെള്ളപ്പൊക്കമോ വന്നാൽ വരാതിരിക്കുന്നവരും ചുരുക്കമായിട്ടുണ്ടായിരുന്നു. അവർ കെട്ടിയിരിക്കുന്ന വീതിയുള്ള അരപ്പട്ടയിൽ ഒന്നിലേറെ അറകളും അത് നിറയെ നോട്ടുകളും ഉണ്ട്.
             
നൂറു രൂപയൊക്കെയാണ് അച്ചാരം കിട്ടുന്നത്. വലിയ വീതി കൂടിയ നൂറുരൂപാ നോട്ട്.
             “ഇത് പോരാ കാക്കാ. ഒരു ആയിരം രൂപയെങ്കിലും അച്ചാരം വേണം”. കാക്കാ വന്നില്ലങ്കിലോ എന്ന് കാരണവർ ചിലപ്പോൾ സംശയിക്കും.
          
“നിങ്ങാ എന്ത് വർത്തമാനമാ ഈ പറേണെ !
നങ്ങാ പറഞ്ഞാ വാക്കാ. ഇനി ഈ മണി പേഴ്സിൽ പത്തോ ആയിരമോ കാണാത്തൊള്ളൂ. ഇനി നാലഞ്ചു വീട്ടിലും കൂടി കയറി അച്ചാരം കൊടക്കണം. കാർന്നോർക്കു വിശ്വാസമില്ലെങ്കിൽ  ഈ പേഴ്‌സ് ഇവിടെ ഇരുന്നാട്ടെ. വണ്ടിക്കൂലിക്കുള്ള പൈസ ഇങ്ങാ തന്നാ മതി”.
               
“നിങ്ങൾ ആ കാക്കയെ അങ്ങ് വിശ്വാസിക്ക്. അയാൾ വരാതിരിക്കത്തില്ല”. എങ്ങനെയെങ്കിലും കച്ചവടം നടക്കട്ടെ എന്ന് കരുതി അടുക്കളവശത്തു നിന്നും കരണവത്തി വന്ന് ഇടപെട്ട് പ്രശ്‌നം തീർക്കും.
                 
ഇടവപ്പാതിയോടെ പുഴയിൽ വെള്ളം നിറയും. പടിഞ്ഞാറു നിന്നും കെട്ടുവള്ളങ്ങൾ വരി വരിയായി പുഴയിലൂടെ വന്നുകൊണ്ടിരിക്കും. വള്ളത്തിന്റെ അമരത്തും മുന്നിലും ഓരോരുത്തർ വലിയ കഴുക്കോലുകൊണ്ട് ഒരേ സമയം ഊന്നി പിൻവശത്തേക്ക് നടന്നുകൊണ്ടാണ് അവർ വള്ളത്തെ ഒഴുക്കിനെതിരെ മുന്നോട്ട് കൊണ്ടു പൊയ്ക്കൊണ്ടിരുന്നത്. കെട്ടുവള്ളത്തിന്റെ ഏകദേശം അത്രതന്നെ നീളമുണ്ടാകും മുളകൊണ്ടുള്ള കഴുക്കോലിന്. കഴുക്കോൽ എടുത്തു പൊക്കുന്നതു തന്നെ ഭാരപ്പെട്ട ജോലിയാണ്. അവർ എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് ലക്ഷ്യസ്ഥാനത്തു എത്തുന്നത്!. ഒരു കെട്ടുവള്ളത്തിൽ രണ്ടു ലോറിയിൽ കയറ്റുന്ന അത്രയെങ്കിലും സാധനങ്ങൾ കയറ്റുമെന്ന് തോന്നുന്നു. കെട്ടുവള്ളങ്ങൾ വന്നു തുടങ്ങിയാൽ പിന്നെ കർഷകർക്ക് ഉത്സവമാണ്.
             
പാടത്തെയും പറമ്പിലേയും ഉല്പന്നങ്ങളും, നാട്ടുകാരും, വീട്ടുകാരും, കച്ചവടക്കാരും എന്നുവേണ്ട ഒരു നാടുതന്നെ അക്കാലത്ത് വീടുകളിലേക്കു വന്നുകൊണ്ടിരുന്നു. വീടിന്റെ അകവും പുറവുമെല്ലാം എപ്പോഴും തിരക്കോടു തിരക്ക് തന്നെ.
                
തലമുറമാറ്റം വന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായി. അണുകുടുംബം തറവാടുകളെ ശുഷ്ക്കിപ്പിച്ചു. കാരണവന്മാർ മൺമറഞ്ഞു. ഇറയത്തെ അരമതിലുകൾ മുഴുമതിലുകൾ ആയപ്പോൾ ഇറയങ്ങൾ ഇല്ലാതായി. മുറുക്കാൻ ചെല്ലത്തിനും വട്ടമേശക്കും പട്ടണത്തിലെ മണിമന്ദിരങ്ങൾക്കു അലങ്കാര വസ്തുക്കളായി സ്ഥാനക്കയറ്റം ലഭിച്ചു. വീട് പട്ടണത്തിലേക്ക് കുടികയറി. അതോടെ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നതെല്ലാം പട്ടണത്തിലേക്ക് തിരികെ പോയി.
               
ആർക്കും വേണ്ടാത്ത കോളാമ്പിയും, കാലൊടിഞ്ഞ കവഞ്ചിയും തട്ടുംപുറത്ത് ആരാലും ഉപേക്ഷിക്കപ്പെട്ട- ആർക്കും വേണ്ടാത്ത സ്ഥാവര ജംഗമ സ്വത്തുക്കളുടെ കൂട്ടത്തിലേക്ക് മുതൽ കൂട്ടി.

*********** 
               
വലുതാകുമ്പോൾ ഈ കവഞ്ചിയിൽ കിടന്ന്, കാലുകൾ രണ്ടും അതിന്റെ ഫുട് റെസ്റ്റിൽ കയറ്റിവച്ച്, സ്വയമോ തോഴരാലോ വിശറി കൊണ്ട് വീശി, മുറുക്കിയും തുപ്പിയും, വഴിപോക്കരോട് വർത്തമാനം പറഞ്ഞും, പടിഞ്ഞാറുകാരുമായി കച്ചവടം നടത്തിയും തറവാടിന്റെ അമരക്കാരൻ ആകണമെന്ന് ചെറുപ്പത്തിൽ വളരെ ആഗ്രഹിച്ചിരുന്നു.
               തട്ടുംപുറത്തു കയറി പൊടിയും മാറാലയും തട്ടിമാറ്റി കവഞ്ചിയെ പുറത്തെടുത്തു. പല ഉരുപ്പടികളും ചേതൽപ്പുറ്റായി രൂപാന്തരപ്പെട്ടെങ്കിലും കവഞ്ചി പഴയ പ്രതാപത്തിൽ തന്നെയായിരുന്നു.
               
ദിനേശനെക്കൊണ്ട് കവഞ്ചി താഴെ ഇറക്കിച്ച് കാലുകൾ ഉറപ്പിച്ചു. തൂത്തുതുടച്ചിടുത്തപ്പോൾ കവഞ്ചി പഴയതിലും വെട്ടിത്തിളങ്ങി. കവഞ്ചിയുടെ ശീല നഷ്ടപ്പെട്ടിരുന്നു.
               കവലയിലെ രാഘവന്റെ തുണിക്കടയിലെ പഴയ സ്റ്റോക്കിൽ നിന്നും കവഞ്ചിക്കു പറ്റിയ തുണി കണ്ടെടുത്തു. പച്ചയും, നീലയും, ചുവപ്പും നിറത്തിൽ നല്ല വീതിയിൽ ലൈനുകൾ ഉള്ള തുണി. അതുമായി ടെയ്ലർ കുഞ്ഞന്റെ തയ്യൽക്കടയിൽ ചെന്നു.
               
കുഞ്ഞൻ തുണി വെട്ടുന്നതിന്റെ തിരക്കിൽ ആയിരുന്നു. താനൊന്നു മുരടനക്കി. ബാർബർ കത്രിക ചലിപ്പിക്കുന്നത് പോലെ കുഞ്ഞൻ തുണി വെട്ടിക്കൊണ്ടിരുന്ന കത്രിക ഉച്ചത്തിൽ പല പ്രാവശ്യം ചലിപ്പിച്ചു. നാലരയടി പൊക്കമുള്ള കുഞ്ഞൻ അഞ്ചടി നീളത്തിലുള്ള തുണി അളക്കുന്ന ടേപ്പ്, ഡോക്ടർമാർ സ്റ്റെതസ്കോപ്പ് വളച്ചിടുന്നത് പോലെ കഴുത്തിൽ വളച്ചിട്ടിട്ടുണ്ട്.
               
കാര്യം പറഞ്ഞപ്പോൾ കവഞ്ചിക്ക് ആവശ്യമായ തുണി പെട്ടെന്ന് തയ്ച്ചു തന്നു.
    
ആവേശഭരിതനായി വീട്ടിൽ വന്ന് കവഞ്ചിയെ പുതിയ ഉടയാട അണിയിച്ചു. ഇറയത്തിന്റെ വടക്കു കിഴക്കു മൂലയിൽ തന്നെ പഴയതു പോലെ കവഞ്ചിക്കു സ്ഥാനം കൊടുത്തു.
           
ചെല്ലമില്ലെങ്കിലും കാരണവർക്ക് മുറുക്കാതിരിക്കാൻ പറ്റില്ലല്ലോ. വായ നിറയെ മുറുക്കാൻ ചവച്ചുകൊണ്ടു വേണം കാരണവർ സംസാരിക്കുവാൻ.
           
ഒരു പൊതി മുറുക്കാൻ വാങ്ങുവാനായി ദിനേശനെ കടയിലേക്ക് പറഞ്ഞയച്ചു. പണ്ടത്തെ മുറുക്കാൻകടയെല്ലാം ഇപ്പോൾ ബേക്കറികളാണ്. പാൻ മസാല മതിയെങ്കിൽ ഇഷ്ടം പോലെ ലഭ്യമാണ്.
           
ടൗണിലെ ചന്തയിൽ അന്ത്രുക്കാക്ക് ഒരു മുറുക്കാൻ കടയുണ്ടെന്നറിഞ്ഞു. മുറുക്കാന് സ്വർണത്തിന്റെ വിലയാണത്രെ!. ഒരു പൊതി മുറുക്കാന് പത്തുമുന്നൂറു രൂപയാകും.
           
ദിനേശൻ എവിടെനിന്നോ മുറുക്കാൻ സംഘടിപ്പിച്ചു വന്നു. ജനലും വാതിലുമെല്ലാം തുറന്ന് ഇറയത്തേക്ക് കാറ്റിനെയും വെളിച്ചത്തെയും ക്ഷണിച്ചു വരുത്തി കവഞ്ചിയിൽ ഒന്ന് നീണ്ടു നിവർന്ന് കിടന്നു. ഫുട് റെസ്റ്റിൽ കാല് രണ്ടും കയറ്റി വച്ചു. കിടപ്പുറക്കാതെ എഴുന്നേറ്റിരുന്ന് മുറുക്കാൻ പൊതി അഴിച്ച് പുകയില കൂട്ടാതെ വിസ്തരിച്ചൊന്നു മുറുക്കി. പുകയില ഉപയോഗിച്ചാൽ തല കറങ്ങും. പണ്ടൊരിക്കൽ പുകയില ഉപയോഗിച്ചപ്പോൾ തല കറങ്ങിയതായി ഓർക്കുന്നു.
             
മുറുക്കിക്കൊണ്ട് മുറ്റത്തേക്കിറങ്ങി ചുറ്റുപാടുമൊന്ന് പരതി നോക്കി. ആരെയും കാണുന്നില്ല. ആന ഇറങ്ങിയാലും കാണില്ലാത്ത രീതിയിൽ പറമ്പ് കാടുപിടിച്ചു കിടക്കുന്നു. വൃക്ഷങ്ങളെല്ലാം വളർന്ന് വനം പോലെയായി. പറമ്പുകളുടെ അതിരുകൾ കാണാമറയത്താണ് . വേലിയും മതിലുമില്ലാതെ തന്നെ പറമ്പുകൾ കെട്ടി അടക്കപ്പട്ടിരിക്കുന്നു. ഒഴുകിക്കൊണ്ടിരുന്ന പുഴയിൽ തടയിണ കെട്ടി പുഴയെ നിശ്ചലമാക്കി. പുഴയിൽ കടത്തില്ല കടത്തുകാരില്ല. കേട്ടുവള്ളങ്ങൾ ഇല്ല. അക്കരെയിക്കരെ സഞ്ചാരമില്ല. വീട്ടുമുറ്റത്തേക്ക് കച്ചവടക്കാരില്ല, സഞ്ചാരികളില്ല. അയൽപക്കമില്ല .നാട്ടുകാരില്ല .
                
വായിൽ നിറഞ്ഞ മുറുക്കാൻ തുപ്പലം മുറ്റത്തെ മതിലിനു പുറത്തേക്ക് തുപ്പി വായ വൃത്തിയാക്കി. പുഴയിറമ്പിലെ തേക്കിന്റെ ഉച്ചിയിൽ നിന്നും കൂമന്റെ ഉച്ചത്തിലുള്ള കൂവൽ കേട്ടു. മറ്റൊരു മരത്തിൽ നിന്നും വേറൊരു കൂമൻ ഏറ്റു കൂവുന്നത് പോലെ അക്കരെ നിന്നും അത് പ്രതിധ്വനിച്ചു. വിരസത തോന്നിയപ്പോൾ ഇറയത്തേക്ക് കയറി കവഞ്ചിയിൽ ഒന്ന് കൂടി നീണ്ടു നിവർന്ന് കിടന്നു. ഉച്ചക്ക് കഴിച്ച ‘മരനീരിന്റെ' ആലസ്യത്തിൽ മയക്കത്തിലേക്ക് വഴുതി വീണു.
                  
പാടം കൊയ്ത് മുറ്റത്തു കറ്റകൾ കൂട്ടി വച്ചിരിക്കുന്നു. മെതിക്കുന്നവരുടെയും, വീശുന്നവരുടെയും കലപില ബഹളം കേൾക്കാം. സന്ദർശകർ വരുന്നു പോകുന്നു. ചെല്ലത്തിലെ മുറുക്കാൻ തീർന്നിരിക്കുന്നു. തീറ്റി കിട്ടാതെ തൊഴുത്തിലെ മൃഗങ്ങൾ അലറുന്നു.
                
പുഴ കടന്ന് മതിലിനു പുറത്തൂടെ റോഡിലേക്ക് പോയ പരിചയക്കാരോട് കയറി വരാൻ പറയേണ്ടതായിരുന്നു. മുറുക്കാൻ തീർന്നതിലാണ് അതു പറയാതിരുന്നത്.
                
പടിഞ്ഞാറുകാരൻ കാക്കയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഉണർന്നത്. നാലുമണി ചായ കഴിക്കുവാൻ ദിനേശൻ തന്നെ തട്ടിയുണർത്തിയതായിരുന്നു അത്.
             
“ എയർപോർട്ടിൽ പോകുവാൻ  ആറുമണിക്ക് വരാനാണ് ഡ്രൈവറോട് പറഞ്ഞിരിക്കുന്നത്”. ദിനേശൻ സമയം ഓർമ്മിപ്പിച്ചു.
              
ചാടി എഴുന്നേറ്റ് മുഖം കഴുകി ചായ കുടിച്ചു. പാക്കിംഗ് എല്ലാം നേരത്തെ ചെയ്തു വച്ചിരുന്നു.
             
തറവാടിന്റെ ഇറയത്തെ കവഞ്ചിയുടെ അടുത്തേക്ക് ഒരിക്കൽ കൂടി പോയി.
“ഹാ പുഷ്പമേ അധിക തുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര - അസംശയ- മിന്നു നിന്റെ-
യാ ഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?”
      
എന്ന മഹാ കവി കുമാരനാശാന്റെ വീണ പൂവിലെ വരികളാണ് അപ്പോൾ മനസ്സിലേക്ക് ഓടി വന്നത്.
          “കവഞ്ചിയുടെ സ്ഥാനം ഇനി ഇവിടെ നിന്നു മാറ്റേണ്ട. ഇടക്കൊക്കെ നീ അതിൽ പോയിരിക്കണം”. താൻ ദിനേശനെ ശട്ടം കെട്ടി. അപ്പോഴേക്കും കാർ മുറ്റത്തു എത്തിയിരുന്നു.

Read More: https://www.emalayalee.com/writer/319

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക