
രോമാഞ്ചം, ആവേശം സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് ജിത്തു മാധവന്‍. ഇപ്പോഴിതാ ജിത്തു മാധവന്റെ ആദ്യ തമിഴ് ചിത്രം റിലീസിനൊരുങ്ങുകയാണ്. സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത 'സീന്‍' ആണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ജിത്തു മാധവന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരിന്നു ആരാധകര്‍. എന്നാല്‍ ആ സിനിമ ഉപേക്ഷിച്ചതായി അറിയിക്കുകയാണ് ജിത്തു മാധവന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജിത്തു ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റാരെയെങ്കിലും നായകനാക്കി ആ സിനിമ ചെയ്യാന്‍ ആഗ്രഹമില്ലെന്നും ജിത്തു മാധവന്‍ പറയുന്നു.
'ആ സിനിമ ഉപേക്ഷിച്ചു. മോഹന്‍ലാലിനെ ആലോചിച്ച സിനിമ പെട്ടെന്ന് മറ്റൊരാള്‍ക്ക് വേണ്ടി മാറ്റി എഴുതാന്‍ സാധിക്കില്ല. ഞാന്‍ മനസിലാക്കുന്നത് ആ സിനിമ ഷൂട്ട് ചെയ്യാന്‍ വേണ്ടിയിരുന്ന ദിവസങ്ങളുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്നതാണ്. ഞാനത് കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ആ സിനിമയ്ക്ക് അത് മതിയാകില്ലായിരുന്നു. ഒരുപാട് ദിവസങ്ങള്‍ ഷൂട്ട് ചെയ്യേണ്ടി വരുന്ന ഒരുപാട് ആക്ഷന്‍ രംഗങ്ങളുള്ള സിനിമയാണ്. ലാലേട്ടന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതിനാല്‍ ഒരുപാട് ദിവസം മാറ്റിവെക്കാന്‍ സാധിക്കില്ലായിരുന്നു. അങ്ങനെയാണ് ഞാന്‍ മനസിലാക്കുന്നത്'- ജിത്തു മാധവന്‍ പറയുന്നു.
അതേസമയം, സൂര്യയെ നായകനാക്കി ജിത്തു ഒരുക്കുന്ന സീന്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. നവംബര്‍ ആറിനാണ് സിനിമ തിയേറ്ററുകളിലെത്തുക. നസ്രിയയാണ് ചിത്രത്തിലെ നായിക. നസ്ലെന്‍ ആണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്.