Image

ഉണരട്ടെ മാനവഹൃദയങ്ങൾ (കവിത: അൻവർ ഷാ ഉമയനല്ലൂർ)

Published on 28 October, 2026
ഉണരട്ടെ മാനവഹൃദയങ്ങൾ (കവിത: അൻവർ ഷാ ഉമയനല്ലൂർ)

നദികളെല്ലാമൊഴുകിയെത്തുന്നതാഴിയിൽ
നമ്മളെല്ലാമൊടുവിലെത്തുന്നതൂഴിയിൽ
വഴി മറക്കാതെയിങ്ങെത്തുന്നു ദിനകരൻ;
വന്നവഴി വിസ്മരിച്ചീടുന്നു മാനവൻ.

ജീവിതകാലമൊരു പാലമായ്ത്തുടരവേ,
മറുദിക്കിലേക്കു ചലിക്കുന്നു യാത്രികർ
പിന്നിലെങ്ങോ, മറഞ്ഞകലുന്നു സന്ധ്യകൾ
മുന്നിൽശേഷിക്കുന്നിരു കാൽച്ചുവടുകൾ.

എത്രപേരിതുവരെ,യിതിലേ കടന്നുപോയ്
പരതിയാലൊത്തിരിപ്പതിരു പോലുള്ളവർ
ചിലരതിൽ കതിരായിരുന്നുവെന്നാകിലും
ചിതലരിച്ചെങ്ങോ മറഞ്ഞുപോയിന്നവർ.

മൃതിയടഞ്ഞെങ്കിലുമെന്നും സ്മൃതികളിൽ
നിറയുന്ന,യാ ദാർശനികർതൻ ദൃഢസ്വരം
അറിയുന്നുദയാർക്ക ഹൃദയമാം സദ്ഗണം;
അവഗണിച്ചീടുവാനാകില്ലതിൻഗുണം.

ശൈശവത്തിൽ നമ്മളറിയാതെ വളരുന്നു
വാർദ്ധക്യമെത്തവേ,യാകെത്തളരുന്നു
ഇടജീവിതത്തിലടിമയായ്ത്തീർന്നവർ
ഉടമയാ-മുടലിന്റെയാജ്ഞ പാലിക്കുന്നു.

ഒരുവേളയാനന്ദ മൊ,ന്നെത്തി നോക്കവേ-
യിനി നിത്യ സുരലോകമെന്നു ധരിക്കുന്നു
കരിനീല മുകിലുകൾക്കാണുന്ന മയിലുകൾ
നൃത്തമാടുന്നപോ,ലാടിത്തിമിർക്കുന്നു.

ആശകൾ തിരമാലകൾപോലെ വരികിലും
മലർത്താലമേന്തി വരവേൽക്കാൻ ശ്രമിക്കയാൽ
അരുതെന്നു പറയാതെയരികത്തുനിൽക്കുന്ന
ദുർ ചിന്തകൾക്കൊത്തു ചിത്തം ചലിക്കുന്നു.

നന്മകൾമാത്രമീ നാടിന്നു നൽകിയോർ
മുന്നിൽ നടന്നുമറിഞ്ഞെന്നറിഞ്ഞ നാം
സ്വച്ഛമായൊഴുകുന്ന കാലമിച്ഛിക്കുവോർ
തുച്ഛമാണിന്നെന്നറിയാതെ പോകുന്നു.

നവലോകമിരുൾ നിറഞ്ഞീടാതിരിക്കട്ടെ;
പ്രജ്ഞയാലജ്ഞതയൊന്നായി നീക്കുക
ഓർക്കുക! മർത്യസമൂഹമേ, ജീവിതം
അർത്ഥ സമ്പുഷ്ടമാ,മൊരു കവിതയാക്കുക..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക