
ജീവിതം ഓരോരുത്തരെയും പഠിപ്പിക്കുന്ന ചില പാഠങ്ങൾ ഉണ്ട്. ഓരോ അനുഭവവും ഓരോ അധ്യായമാണ്. കണ്ടു മുട്ടുന്ന ഓരോ മനുഷ്യനും ഒരു പാഠമാണ്. ഒന്നുകിൽ അയാൾ നിങ്ങളുടെ വഴികാട്ടിയാകും. അല്ലെങ്കിൽ നിങ്ങളുടെ വഴി തെറ്റിപ്പോയി എന്ന് പിന്നീട് ജീവിതം തന്നെ മനസ്സിലാക്കി തരും. എന്തെങ്കിലും നേട്ടങ്ങൾക്കായി കൂടെ കൂടുന്നവർ ആണെങ്കിൽ ആ ലക്ഷ്യം നിറവേറ്റിയാൽ ഒരു അപരിചിതനെ പോലെ അയാൾ അല്ലെങ്കിൽ അവർ നിങ്ങളിൽ നിന്നും ഇറങ്ങിപ്പോകാം.
സ്വന്തം കുടുംബം എന്ന് പറഞ്ഞാൽ ഈ ഭൂമിയിൽ അത് സ്വന്തം കുടുംബം മാത്രമാണ്. മറ്റാരെയെങ്കിലും എന്നെങ്കിലും അങ്ങനെ ചേർത്ത് പിടിച്ചാലും അവർ നമ്മളെ അങ്ങനെ കരുതണം എന്നില്ല. നാം അവർക്ക് സമൂഹത്തിന്റെ ഭാഗമായ ഒരു വ്യക്തി മാത്രമായിരിക്കും. അതറിഞ്ഞു വരുമ്പോൾ കാലം ഏറെ കടന്നു പോയിട്ടുണ്ടാകും. ചിലപ്പോൾ എല്ലാവരെയും ഏറെ സ്നേഹിച്ച തന്നാൽ ആകും വിധമൊക്കെ സഹായിച്ച, ഏറെ നന്മകൾ ചെയ്ത അയാൾ കഥാവശേഷനായെന്നും വരാം. ജീർണ്ണിച്ചു തുടങ്ങിയ ഒരു വീടോ പ്രായം ചെന്ന അച്ഛനമ്മമാരോ അയാളുടെ ഭാര്യയോ മക്കളോ ആ വീട്ടിൽ അവശേഷിക്കുന്നുണ്ടാകും. ചിലപ്പോൾ ആരും ഉണ്ടാകണം എന്നുമില്ല.
ജീവിക്കുന്നത്ര നാൾ നല്ല ഒരു മനുഷ്യനായിരിക്കുക.. കാരണം ജീവിതം ഒന്നേയുള്ളു. അതിൽ നന്ദി എന്ന ഒരു വാക്കിന്റെ അർത്ഥം എന്തെന്ന് മാത്രം മനസിലാക്കുക. ഒരു പക്ഷെ ഏറെ സ്നേഹം നൽകിയവനെ, എന്നോ ചേർത്ത് പിടിച്ചവനെ കാലക്രമേണ മറ്റുള്ളവർ എന്ത് കൊണ്ടോ മറന്ന് പോകുന്ന ഒരു കലികാലമാണിത്. എല്ലാം നല്ലതിന് എന്ന് മാത്രം ചിന്തിക്കുന്നു. ഇന്ന് ഒരു നന്മ ചെയ്താൽ നാളെ അത് ആയിരം മടങ്ങായി മറ്റെവിടെ നിന്നെങ്കിലും തിരിച്ചു കിട്ടും എന്ന് എന്നിട്ടും എന്നെ പഠിപ്പിക്കുന്ന ജീവിതമേ..നിനക്ക് നന്ദി..
തനിച്ചെങ്കിലും നീ കൃത്യമായി കൊണ്ട് ചെന്നെത്തിക്കുന്ന.... നീ കൈ പിടിച്ചു നടത്തുന്ന വഴികളിൽ ഇന്നും എന്നെ മുന്നോട്ട് നയിക്കാനുള്ള അക്ഷരങ്ങളുടെ ഇത്തിരി വെളിച്ചമുണ്ട്. ഒരിക്കലും മറക്കാത്ത അടർന്നു പോകാത്ത ഒരുപാട് സ്നേഹങ്ങളുണ്ട്...രോഗാതുരമായില്ല എങ്കിൽ അത് മാത്രം മതി ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ.