Image

ഈ പിറന്നാളിന് ആ ഫോണ്‍ കോള്‍ ഇല്ല: ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി സംവിധായകന്‍ ബെല്‍രാജിന്റെ ഭാര്യ

Published on 27 October, 2026
 ഈ പിറന്നാളിന് ആ ഫോണ്‍ കോള്‍ ഇല്ല: ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി സംവിധായകന്‍ ബെല്‍രാജിന്റെ ഭാര്യ

 

വിവാഹത്തിന്റെ സന്തോഷവും ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിന്റെ തിളക്കവും മായും മുന്‍പേ വിധി തട്ടിയെടുത്ത പ്രിയതമന്റെ ഓര്‍മ്മകളില്‍ യുവസംവിധായകന്‍ ബെല്‍രാജ് കളരിക്കലിന്റെ (ചെഗു) ഭാര്യ ആതിര.

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ മാസമായിരുന്നു കാപ്പി സ്‌ക്വാഡ് വെബ് സീരീസ് സ്രഷ്ടാവായ ബെല്‍രാജും ആതിരയും വിവാഹിതരായത്. എന്നാല്‍ ഒക്ടോബറിലുണ്ടായ ബെല്‍രാജിന്റെ അപ്രതീക്ഷിത വിയോഗം ആതിരയുടെ ജീവിതത്തില്‍ ഇരുട്ട് വീഴ്ത്തി.

വിവാഹശേഷമുള്ള ആദ്യ ജന്മദിനത്തില്‍, ബെല്‍രാജ് തനിക്ക് നല്‍കിയ കരുതലിന്റെയും സ്‌നേഹത്തിന്റെയും നിമിഷങ്ങള്‍ കോര്‍ത്തിണക്കി ആതിര സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഏവരുടെയും കണ്ണീരണിയിക്കുന്നതാണ്.

ആതിരയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

'എന്റെ ജന്മദിനത്തില്‍ പോസ്റ്റ് ചെയ്യാന്‍ നീ തിരഞ്ഞെടുത്ത ചിത്രം ഇതാണിത്. നമുക്ക് ഒന്നിച്ച് ഇത്രയധികം മനോഹരമായ പുതിയ ചിത്രങ്ങളുള്ളപ്പോള്‍ എന്തുകൊണ്ടാണ് ഈ പഴയ ഫോട്ടോ തന്നെ തിരഞ്ഞെടുത്തതെന്ന് ഞാന്‍ നിന്നോട് ചോദിച്ചിരുന്നു. അപ്പോള്‍ നീ നല്‍കിയ മറുപടി ഇതായിരുന്നു: 'നമ്മള്‍ തമ്മിലുള്ള ഈ ബന്ധം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ലെന്ന് എല്ലാവരെയും കാണിക്കാനാണ് എനിക്ക് ഇഷ്ടം.'

എല്ലാ ജന്മദിനത്തിലും നീ എനിക്ക് ചെയ്യാറുള്ള ആ അര്‍ദ്ധരാത്രിയിലെ ഫോണ്‍ കോള്‍ ഇന്ന് ഞാന്‍ ഒരുപാട് മിസ്സ് ചെയ്തു. തിരക്കുപിടിച്ച ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും നീ അത് മുടക്കാറുണ്ടായിരുന്നില്ല...

എനിക്ക് ലഭിക്കുന്ന ആദ്യത്തെ ബര്‍ത്ത്‌ഡേ വിഷ് നിന്റേത് തന്നെയാണെന്ന് നീ എന്നും ഉറപ്പുവരുത്തിയിരുന്നു. എനിക്ക് ചെയ്തുതന്ന എല്ലാത്തിനും ഒത്തിരി നന്ദി. എന്നെ തിരഞ്ഞെടുത്ത്, എന്നില്‍ വിശ്വസിച്ച്, ഈ രീതിയില്‍ സ്‌നേഹിച്ചതിന് നന്ദി. എന്നെന്നും നിന്റേത് മാത്രം, നിന്റെ കുഞ്ഞിമാളു.'

കോട്ടയം മണിമല സ്വദേശിയായ ബെല്‍രാജ് കളരിക്കല്‍ (ചെഗു), 'നിഴല്‍', 'മധുരം', 'ഡാകിനി' തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ്, അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിനോഷ് ജോര്‍ജ് കേന്ദ്രകഥാപാത്രമാകുന്ന 'കാപ്പി സ്‌ക്വാഡ്' എന്ന വെബ് സീരീസിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. വലിയ പ്രതീക്ഷയോടെ തന്റെ കരിയറിലെ പുതിയൊരു അദ്ധ്യായം തുടങ്ങുമ്പോഴാണ് അപ്രതീക്ഷിത മരണം അദ്ദേഹത്തെ തേടിയെത്തിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക