
ജിത്തു മാധവനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചതാണെന്ന് നടന്‍ സൂര്യ. ജിത്തു സീനിന്റെ കഥ പറഞ്ഞപ്പോള്‍ ആദ്യ 5 മിനിറ്റില്‍ തന്നെ ചിരിച്ചു പോയെന്നും സീന്‍ ഒരു കോമഡി ക്രൈം ത്രില്ലര്‍ ആണെന്നും നടന്‍ പറഞ്ഞു. കൂടാതെ നസ്രിയയുടെയും നസ്ലെന്റെയും കൂടെ വര്‍ക്ക് ചെയ്ത അനുഭവവും സൂര്യ പറഞ്ഞു. ഇന്നലെ ദുബായില്‍ നടന്ന സീനിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
'ജിത്തു മാധവനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചതാണ്, അത് ഒടുവില്‍ നടന്നു! അദ്ദേഹത്തിന്റെ കഥപറച്ചില്‍ കേട്ട് ആദ്യ 5 മിനിറ്റില്‍ തന്നെ ഞാന്‍ ചിരിച്ചുപോയി. 28 വര്‍ഷവും 48 സിനിമകളും പിന്നിട്ടിട്ടും, മലയാളി ടീമിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ എനിക്ക് പൂര്‍ണ്ണമായും ഒരു പുതുമ അനുഭവപ്പെട്ടു! നസ്രിയ, നസ്ലന്‍, സുഷിന്‍ ശ്യാം എന്നിവര്‍ വളരെ സ്‌പെഷ്യല്‍ ആയിരുന്നു. SCENE എന്നത് ജിത്തുവിന്റെ സ്‌റ്റൈലിലുള്ള കോമഡി നിറഞ്ഞ ഒരു ക്രൈം ത്രില്ലറാണ്. ഈ ദീപാവലിക്ക് തിയേറ്ററുകളില്‍ തികച്ചും അപ്രതീക്ഷിതവും പുതുമയുള്ളതുമായ ഒരു അനുഭവം തന്നെ പ്രതീക്ഷിക്കാം', സൂര്യ പറഞ്ഞു.
അതേസമയം, ഇന്നലെ നടന്ന പരിപാടിയില്‍ സൂര്യയുടെ പൊലീസ് കഥാപാത്രമായ ഇന്‍ബരാജിന്റെ ഗ്ലിംപസ് വീഡിയോ പുറത്തിറക്കിയിരുന്നു. 'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'സീന്‍'. ചിത്രത്തിലെ നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈശ്വരന്‍ എന്നാണ് ചിത്രത്തിലെ നസ്ലന്‍ കഥാപാത്രത്തിന്റെ പേര്. നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.