
അമല്‍ നീരദിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എല്ലാവരും ആഗ്രഹിക്കുന്നതിന്റെ കാരണം പറഞ്ഞ് നടന്‍ സുദേവ് നായര്‍. 'ഭീഷ്മപര്‍വ'ത്തിലെ രാജന്‍ മോന്‍ തനിക്ക് മലയാളത്തില്‍ വലിയ സ്വീകാര്യത നേടിത്തന്നെന്നും എവിടെ പോയാലും മലയാളികള്‍ തന്നെ രാജന്‍ മോന്‍ എന്നാണ് വിളിക്കുന്നതെന്നും നടന്‍ പറഞ്ഞു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
'വെറുതെയല്ല അമല്‍ നീരദിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എല്ലാവരും ആഗ്രഹിക്കുന്നത് കാരണം 'ഭീഷ്മപര്‍വ'ത്തിലെ രാജന്‍ മോന്‍ എനിക്ക് മലയാളത്തില്‍ വലിയ സ്വീകാര്യത നേടി തന്നു. എനിക്ക് മലയാളത്തില്‍ രണ്ടുമൂന്ന് ഐഡന്റിറ്റികളുണ്ട്. ഒന്ന് 'എസ്ര', മറ്റൊന്ന് 'ഭീഷ്മപര്‍വ'ത്തിലെ രാജന്‍ മോന്‍. എവിടെ പോയാലും മലയാളികള്‍ ഉണ്ടെങ്കില്‍ രാജന്‍ മോന്‍ എന്നാണ് വിളിക്കുന്നത്. 'ഭീഷ്മപര്‍വ'ത്തിന്റെ റീച്ച് ഭയങ്കരമാണ്. അതിന് മുന്‍പ് എനിക്ക് അര്‍ബന്‍ റീച്ചായിരുന്നു. മമ്മൂക്കയുടെ റീച്ച് ഉള്ളതുകൊണ്ട് അത് മാറി. കൂടുതല്‍ ജനങ്ങള്‍ക്ക് എന്നെ പരിചയമായി', സുദേവ് പറഞ്ഞു.
'ഞാന്‍ ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. എല്ലാ സിനിമകളിലും ചെയ്തതുപോലെ തന്നെയാണ് ഇതിലും വര്‍ക്ക് ചെയ്തത്. പക്ഷേ അമല്‍ നീരദിന്റെ പ്രസന്റേഷനും ഫ്രെയിമിങ്ങും ബി.ജി.എമ്മും മമ്മൂക്കയുടെ കൂടെയുള്ള പ്ലേസ്‌മെന്റും എല്ലാം ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് സ്വാഭാവികമായി ഒരു കണക്ഷന്‍ ഉണ്ടാകും. അതൊരു ഭാഗ്യമാണ്', സുദേവ് പറഞ്ഞു.
അതേസമയം, സുദേവ് നായര്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയ ഉടുമ്പന്‍ചോല വിഷന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. മാത്യു തോമസ് മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഏറെ ഗൗരവമുള്ളതും മാസ് ആക്ഷന്‍ സാധ്യതകളുള്ളതുമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തനും സുദേവ് നായരും ശ്രീനാഥ് ഭാസിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗോപി സുന്ദറിന്റെ സ്‌കോറും ഗാനങ്ങളും ചിത്രത്തിന് കൂടുതല്‍ ഊര്‍ജം നല്‍കിയതായി അഭിപ്രായം ഉയരുന്നുണ്ട്.