Image

'പണി'ക്ക് ശേഷം ജോജുവിന്റെ 'പരിപാടി'; 100 പുതുമുഖങ്ങള്‍, 100 കഥാപാത്രങ്ങള്‍, ഫസ്റ്റ് ലുക്ക് പുറത്ത്

Published on 26 October, 2026
 'പണി'ക്ക് ശേഷം ജോജുവിന്റെ 'പരിപാടി'; 100 പുതുമുഖങ്ങള്‍, 100 കഥാപാത്രങ്ങള്‍, ഫസ്റ്റ് ലുക്ക് പുറത്ത്

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച് ജോജു ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പരിപാടി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, നൂറോളം പുതുമുഖങ്ങള്‍ ക്യാരക്ടര്‍ റോളുകളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വമ്പന്‍ കാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബറില്‍ ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ജോജു ജോര്‍ജിന്റെ സംവിധാന അരങ്ങേറ്റമായ 'പണി'യുടെ അതേ ഴോണറിലുള്ള സിനിമയായാണ് 'പരിപാടി' ഒരുക്കുന്നത്.

എന്നാല്‍ കൂടുതല്‍ വിപുലമായ കാന്‍വാസും വലിയ താരനിരയും സാങ്കേതിക മികവും ചിത്രത്തിന്റെ പ്രത്യേകതകളാണ്.

തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'പരിപാടി'യുടെ പ്രധാന ലൊക്കേഷന്‍ ചാലക്കുടിയാണ്. ചിത്രത്തിലെ നൂറോളം പുതുമുഖങ്ങളും നാല് മാസത്തോളം നീണ്ട പ്രത്യേക പരിശീലന പരിപാടിക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. എല്ലാവര്‍ക്കും സംഭാഷണങ്ങളുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഇത്രയും വലിയൊരു സിനിമ ഒരുക്കുന്നതിലൂടെ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ചിത്രമെന്നതും 'പരിപാടി'യുടെ പ്രധാന ആകര്‍ഷണമാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയാണ്. മലയാളത്തില്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്‌സാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. മനു ആന്റണി ചിത്രസംയോജനവും അജയന്‍ അടാട്ട് സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.

2024ല്‍ പുറത്തിറങ്ങിയ 'പണി'യിലൂടെ സംവിധായകനെന്ന നിലയില്‍ ശ്രദ്ധ നേടിയ ജോജു ജോര്‍ജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 'പരിപാടി'. 'പണി' തിയേറ്ററുകളില്‍ മികച്ച പ്രതികരണവും ബോക്‌സ് ഓഫീസ് വിജയവും നേടിയതിന് പിന്നാലെ ജോജു ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ 'പരിപാടി' പ്രേക്ഷകര്‍ക്കിടയില്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. മാളികപ്പുറം, '2018', 'രേഖാചിത്രം', 'ആട് 3' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വിജയങ്ങള്‍ സ്വന്തമാക്കിയ കാവ്യ ഫിലിം കമ്പനിയുടെ ഈ പുതിയ ബിഗ് ബജറ്റ് ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് റിലീസിനെത്തുന്നത്.

ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാന്‍ ശങ്കര്‍ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈന്‍ : അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈന്‍ : സാബു മോഹന്‍, സംഘട്ടനം : അന്‍പറിവ് , ക്രീയേറ്റീവ് പ്രൊഡ്യൂസര്‍- ജയന്‍ നമ്പ്യാര്‍, നിര്‍മ്മാണ ഏകോപനം : ഗോപകുമാര്‍ ജികെ, നിര്‍മ്മാണ നിര്‍വ്വഹണം : വര്‍ക്കി ജോര്‍ജ്, നിര്‍മാണ നിയന്ത്രണം : ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : ഷമീര്‍ ശാം, രൂപപരിവര്‍ത്തന ചമയം : എന്‍ ജി റോഷന്‍, വിഎഫ്എക്‌സ് : ലിറ്റില്‍ ഹിപ്പോ, മുഖ്യ സഹസംവിധായകര്‍: രനിത്ത് രവീന്ദ്രന്‍, മന്‍സൂര്‍ റഷീദ്, സഹസംവിധായകന്‍: രമേശ് ഗിരിജ, സംവിധാന സഹായികള്‍ : ആദര്‍ശ് ബി നായര്‍, എം.എസ് ജയ്, യദുകൃഷ്ണ ഷാലി, മനു ദിനേശ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: ഷിനു പോള്‍, പരസ്യകല : സര്‍ക്കാസനം, പിആര്‍ഒ & മാര്‍ക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക