
ചെണ്ടമേളത്തിന്റേയും ബാൻഡുമേളത്തിന്റേയും അകമ്പടിയോടെ പ്രദക്ഷിണം,ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വളരെ സാവധാനം നീങ്ങുമ്പോൾ ഒരു ചെറു സംഘം കതിനകളും കരിമരുന്നുo കൊതുമ്പിന്റെ ചൂട്ടുകറ്റയുമൊക്കെയായി മുന്നേ പോകും. അവർ നടത്തുന്ന തകർപ്പൻ കതിനാവെടികൾ കേട്ട് നാടുണരും.. പ്രദക്ഷിണത്തിന്റെ വരവ് നാടറിയും നാടാകെ വഴിയോരത്തേയ്ക്കു ഒലിച്ചിറങ്ങും., വീട്ടുമുറ്റങ്ങളിലും ഗെയിറ്റിങ്കലും നേരത്തേ തയ്യാറാക്കിവച്ചിട്ടുള്ള പുണ J വാളന്മാരുടെ ചിത്രങ്ങൾക്കു മുമ്പിൽ ഭക്തിയുടേയും വിശ്വാസത്തിന്റേയും മെഴുകുതിരികൾ തെളിയും. മതത്തിന്റേയും ജാതിയുടേയും അതിരുകളില്ലാതെ നെഞ്ചകങ്ങളിൽ തെളിഞ്ഞു കത്തുന്ന പരസ്പരസ്നേഹത്തിന്റെ മെഴുകുതിരികളുമായി പ്രദക്ഷിണത്തിന്റെ വരവിനായി നാട് കാത്തു നിൽക്കുo.
ആരെങ്കിലും വരിതെറ്റിയ്ക്കുകയോ സംസാരിയ്ക്കുകയോ ചെയ്താൽ നിയന്ത്രിക്കാൻ എട്ടുപത്തു പേരുണ്ടാവും.
കൈക്കാരന്മാർ, സെക്രട്ടറി പള്ളിക്കമ്മററി അംഗങ്ങൾ തുടങ്ങിയ പരീശന്മാരും ശാസ്ത്രിമാരും യൂദാസുമാരുമൊക്കെയുണ്ട്.
ഇതിലൊന്നും പെടാത്ത സ്ഥിരം മദ്യപാനിയും കുമ്പസാരം കുർബ്ബാന സ്വീകരണം ഇതൊക്കെ ആണ്ടിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം അനുഷ്ഠിക്കുകയും ചെയ്യുന്ന ചാക്കോച്ചേട്ടന്റെ അധികാര പരിധിയിലാണ് കുഞ്ഞുങ്ങൾ. അതു പുള്ളി സ്വയം ഏറ്റെടുക്കുന്ന പുണ്യകർമ്മമാണ്. മദ്യപാനി ആണെങ്കിലും ഞായറാഴ്ച പള്ളിയിൽ വരുമ്പോൾ കുടിയ്ക്കാറില്ല....
മാറി മാറി വന്ന ഇടവക വികാരിമാർ ... ഇടയന്മാർ ആരുഉപദേശിച്ചിട്ടും ഈ കുഞ്ഞാട് നേർവഴിയ്ക്കു വന്നില്ല.
അടിച്ച വഴി വന്നില്ലേൽ പിന്നെ പോയ വഴിയ്ക്കു വിട്ടേക്കുക എന്ന് എല്ലാവരും കരുതി.
കുഞ്ഞുങ്ങൾ ആരെങ്കിലും വരിതെറ്റിച്ചാൽ ചാക്കോച്ചേട്ടൻ ഓടി വന്ന് ചെവിയ്ക്കു കിഴുക്കും
അതിന്റെ പേരിൽ പിറ്റേ ദിവസം ചെക്കന്റെ അപ്പൻ വഴക്കുണ്ടാക്കും.
ലക്കും ലഗാനുമില്ലാതെ നിൽക്കുന്ന പുള്ളിയോട് ആരും എതിർക്കാനൊന്നും പോവില്ല.
പണി കഴിഞ്ഞ് വീട്ടിലേയ്ക്കുവരുമ്പോൾ രണ്ടു മൂന്നു ഷാപ്പിലെങ്കിലും കയറും. ആദ്യത്തെ ഷാപ്പിൽ നിന്നും അമ്മയ്ക്കിഷ്ടപ്പെട്ട അപ്പവും താറാവു കറിയും മേടിച്ചു കയ്യിൽക്കരുതും.
.. പക്ഷേ ആരെങ്കിലുമൊക്കെ ആയിട്ടുള്ള വഴക്കിനിടയിൽ മിക്കപ്പോഴും ആ സ്നേഹപ്പൊതി തെറിച്ചുമണ്ണിൽ വീണു ചിതറും.
വഴക്കില്ലാത്ത ദിവസവും ആ പാവം മാതാവിനതു തിന്നാൻ യോഗമില്ല... ആടിയാടി കുഴഞ്ഞു നടക്കുന്നതിനിടയിൽ എവിടെങ്കിലും വീഴും.. എഴുന്നേറ്റ് വീണ്ടും വീണ്ടും വീഴും.
ശരീരമാകെ മുറിവുകളുമായ് എത്തുന്ന മകനെക്കണ്ടു കരഞ്ഞു അത്താഴം കുടിയ്ക്കാതെ കിടന്നുറങ്ങും.
എന്നിട്ടും ഈ മകനെ ഓർത്താണോ തൊണ്ണൂറ്റിരണ്ടു വയസ്സു വരെ ജീവിച്ചതു..... അത്താഴവും വിളമ്പി മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ നേരിയ പ്രകാശത്തിൽ കൊന്ത എത്തിച്ചു കൊണ്ട് തിണ്ണയിലിരിയ്ക്കും ആ സ്നേഹമയി .
പ്രഭാതത്തിൽ നമ്മൾ കാണുന്നതു തികച്ചും വ്യത്യസ്തനായ ചാക്കോച്ചേട്ടനെയാണ്.... ആരോടും മിണ്ടാതെ.. നോക്കാതെ പണിയ്ക്കു പോവുന്ന ഒരു സാധു മനുഷ്യൻ...
മദ്യം എത്ര മനുഷ്യരെ ... കുടുംബങ്ങളെയാണ് നശിപ്പിച്ചിട്ടുള്ളത്.
പ്രദക്ഷിണത്തിനിടയ്ക്കു നടക്കുന്ന ചെറു വഴക്കുകളൊന്നും ഞങ്ങൾ അറിയാറില്ല.
പള്ളിപ്പറമ്പിലാകെ നിരന്നിരിക്കുന്ന കടകൾ പ്രധാനമായും മുത്തുമാലകൾ കുപ്പിവളകൾ പലനിറത്തിലുള്ള ബലൂണ കൾ റിബ്ബണുകൾ പീപ്പി...പൊട്ടാസ് തോക്ക് പിന്നെ വാഴനാരിൽ കോർത്തു വെച്ചിരിക്കുന്ന ഉഴുന്നാട മാല ഈന്തപ്പഴം കോലൈസ്...
ഇതൊക്കെ ആയിട്ട് അർമാദിച്ചു നടക്കുന്നതിനിടയിൽ മുതിർന്നവരുടെ വഴക്കും വക്കാണവുമൊന്നും കാണാറില്ല
ഭക്തിയും ആത്മീയതയും ഒന്നുമില്ലെങ്കിലും ആ കൂട്ടായ്മയുടെ സന്തോഷം വളരെ വലുതാണ്. അതൊരു പള്ളിയിൽ മാത്രം ഒതുങ്ങുന്നില്ല. അത് നാടിന്റെ വികാരമാണ്. ആർജവമുള്ള മനസ്സുകളിൽ . സ്നേഹത്തിന്റെ കെട്ടിയേറ്റവും സന്തോഷത്തിന്റെ ചെണ്ടമേളവും ' ഫ്രണ്ട്ലി തല്ലിപ്പിടുത്തങ്ങളും 'നിറഞ്ഞാടി പിരിയുകയും ഒരാഴ്ച നീളുന്ന പെരുന്നാൾ വിശേഷങ്ങളുടെ അയവിറക്കലുകളുo.......
കെട്ടിച്ചു വിട്ട പെണ്ണുങ്ങൾ മാപ്ലയും കുട്ടികളുമായ് ഉടുത്തൊരുങ്ങിവന്ന് പഴയ കൂട്ടുകാരെക്കാണാനും വിശേഷങ്ങൾ പൊങ്ങച്ചങ്ങൾ ഒക്കെപ്പറയുമ്പോൾ ലഭിക്കുന്ന ആനന്ദം വേറേ എവിടെക്കിട്ടും?
വിവാഹിതകൾ കെട്ടിയോനുമായി നടക്കും...... അല്ലറ ചില്ലറ നോട്ടവും ചിരിയുമായി യുവതീ യുവാക്കളും.. പൊട്ടാസ് വെടി പൊട്ടിച്ചു ചെറിയ ആൺകുട്ടികളും
സങ്കടങ്ങളും സന്തോഷങ്ങളും പങ്കിടുന്ന അമ്മച്ചിമാരും....
എല്ലാവരും മനസ്സ് നിറഞ്ഞ് ചിരിച്ചു സന്തോഷിക്കുന്ന ഒരു ദിവസം....
പെരുന്നാൾ നടത്തിപ്പുകാരന് (പ്രസിദേന്തി ) പത്രാസു o മണിപവ്വറും കാണിയ്ക്കാനൊരു ദിവസം.. പള്ളിക്കമ്മിറ്റിക്കാർക്കു ഷൈൻ ചെയ്യാൻ ഒരു ദിവസം...
എന്തൊക്കെ ആയാലും ഇടവകപ്പള്ളി പെരുന്നാൾ... അതൊരു ആനന്ദമാണ്.
വർഷത്തിൽ ഒരിക്കൽ മാത്രം എത്തുന്ന നാൾ..... നാളുകളുടെനാൾ ...... പെരുന്നാൾ... അത് അനുഭവിച്ചുമാത്രം
അറിയേണ്ടുന്ന ഒന്ന്....... ബേപ്പൂർ സുൽത്താന്റെ ഭാഷയിൽ ഇമ്മിണി ബല്യ ഒന്ന്.