
ലുലുമാളിൽ എന്നും എപ്പൊഴും തിരക്കോടു തിരക്ക്... ഓണക്കാലമായതുകൊണ്ടുപിന്നെ പറയാനുമില്ല..
ആവശ്യമുളളതെല്ലാം ഒരു കൂടാരത്തിനുളളിൽത്തന്നെ കിട്ടുമെന്നുളളതുകൊണ്ടുകൂടിയാവും ഈ തിരക്ക്..
ഓപ്പണിംഗിന്റെ സമയത്ത് മോൻ നാട്ടിലുണ്ടായിരുന്നതുകൊണ്ട് ഞങ്ങളു രണ്ടാളുംകൂടി ഇവിടെ വന്നിരുന്നു. അന്ന് അവനെടുത്തു തന്ന
സാരിയാണ് ഞാനിന്ന് ഉടുത്തിരിക്കുന്നത്..!
രചനയുടെ വീട്
ലുലുമോളിനടുത്താണെന്നാ പറഞ്ഞത്..
അശ്വിൻ കല്യാണംകഴിക്കാൻ പോകുന്ന കുട്ടി.
"അമ്മയെ അവൾക്ക് കാണണമെന്നു പറഞ്ഞു. നാളെ പത്തുമണി കഴിഞ്ഞ് അമ്മ ലുലുമോളിലെത്തണേ.. മെയ്ൻ എന്ട്രൻസിനടുത്ത് അവളു നില്പുണ്ടാവും.."
ആ കുട്ടിയെ നേരിൽ കാണണമെന്ന് എനിക്കുമുണ്ടായിരുന്നു. ഫോട്ടോയിൽ കാണാൻ അവൾ സുന്ദരിയാണ്.
അവർ ഒന്നിച്ചു പഠിച്ചവരൊന്നുമല്ല. എങ്ങിനെ പരിചയപ്പെട്ടു എന്നൊന്നും ഞാൻ ചോദിച്ചിട്ടുമില്ല..
ഓട്ടേയിൽനിന്നിറങ്ങിയപാടെ അവളെ തിരഞ്ഞെന്റെ കണ്ണുകൾ പാഞ്ഞു.. എത്തിയിട്ടില്ല.. വാച്ചു നോക്കി, ഞാനല്പം നേരത്തെയാണ്..
അശ്വിനു കല്യാണപ്രായമായെന്ന് വിചാരിക്കാനേ കഴിയുന്നില്ല. ഇന്നലെക്കൂടി ഞാൻ അവനെ എടുത്തുകൊണ്ടു നടന്നപോലെ.. മുടിയും താടിയും വളർത്തി ആറടിപ്പൊക്കത്തിൽ ഒരൊത്ത പുരുഷനായിരിക്കുന്നു അവൻ...!
"അമ്മാ.."
പൂമ്പറ്റയെപ്പോലെ പാറിവന്നൊരു കെട്ടിപ്പിടുത്തം.. "എന്റെ അമ്മ...! അശ്വിനെ എനിക്കുതന്ന എന്റെ അമ്മ."
അവൾ പറഞ്ഞത് അങ്ങനെതന്നെയാണ്... പരിസരം മറന്നുളള സ്നേഹപ്രകടനം കണ്ട് ചിരിച്ചു കടന്നു
പോകുന്നവർ..!
"വാ.നമുക്ക് മാളിനുള്ളിലേക്ക് കയറാം...."
അവൾ എന്നെ ചേർത്തുപിടിച്ചാണു നടക്കുന്നത്..
"നമുക്കാദ്യം എന്തേലും കഴിക്കാം..അമ്മ ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്ന് എനിക്കറിയാം.."
അശ്വിനുളളപ്പോഴാണ് ചൊവ്വേനേരെ ഭക്ഷണമുണ്ടാക്കുന്നതും,കഴിക്കുന്നതും.. അവൻ പോയിക്കഴിയുമ്പോൾ അടുക്കളയും ഉറങ്ങും.ഓഫീസിലെ കാന്റീനിൽ നിന്നാണ് മിക്കപ്പോഴും എന്റെ കഴിപ്പ്.
"എന്റെ അമ്മയെ ആദ്യംകണ്ട ഓർമ്മയ്ക്ക്, ഒരുചൂരിദാർ സെറ്റ്, അല്ലെങ്കിൽ ഒരു സാരി....അമ്മയ്ക്കുവാങ്ങിത്തരണമെനിക്ക്.."
"മോളെ....നിനക്ക് ജോലിയൊക്കെ കിട്ടിയിട്ടുമതി അതൊക്കെ..."
"ഞാൻ കുട്ടികൾക്ക് ടൂഷ്യനെടുത്തു കാശുണ്ടാക്കുന്നുണ്ടമ്മാ.."
"മോളു പഠിപ്പ് തുടരുന്നോ.. അതോ ജോലിക്കുവല്ലതും ശ്രമിക്കുന്നോ..."
"രണ്ടും ഉണ്ടമ്മാ..."
അമ്മയില്ലാത്ത കുട്ടിയാണെന്ന് മോൻ പറഞ്ഞിരുന്നു.. അനിയത്തിക്കുട്ടികൂടിയുണ്ട്..
അവൻ കണ്ടുപിടിച്ച അവന്റെ പെണ്ണ്..!
അച്ഛനെപ്പോലെ മകനും തന്റെ പാതിയെ തനിയെ കണ്ടെത്തിയിരിക്കുന്നു.
അശ്വിനെ എട്ടുമാസം പ്രഗ്നന്റായിരുക്കുമ്പോഴായിരുന്നു സുകുവേട്ടന്റെ ആകസ്മിക മരണം. അവനിപ്പോൾ ഇരുപത്തിയഞ്ചു തികഞ്ഞിരിക്കുന്നു..
രണ്ടു വർഷം കൂടിക്കഴിഞ്ഞാൽ എന്റെ ഔദ്യോഗിക ജീവിതം അവസാനിക്കുകയാണ്..
വിദേശത്തു പഠനം, അതുകഴിഞ്ഞു ജോലി....അവൻ പെട്ടെന്നെടുത്ത തിരുമാനമായിരുന്നു..
"നീ പോയാൽ അമ്മയിവിടെ ഒറ്റയ്ക്കാവൂല്ലേ...
നാട്ടിലെങ്ങാനും ഒരു ജോലി തരപ്പെടുത്തുന്നതല്ലേ നല്ലത്.."
"എന്നിട്ടോ...കൂടിവന്നാൽ ഒരു പതിനയ്യായിരം ശമ്പളം കിട്ടുമായിരിക്കും..
എനിക്കും അവമ്മാരോടൊപ്പം യു.കെ.യ്ക്കു പോകണം.."
അച്ഛനെപ്പോലെയാണ്. ഇനി എന്തുപറഞ്ഞാലും അവന്റെ തീരുമാനം അവൻ മാറ്റില്ല..!
പഠിത്തം കഴിഞ്ഞു, നല്ല ജോലിയുമായി..
നാട്ടിൽ പലവട്ടം വന്നുപോകുകയും ചെയ്തു.. കല്യാണം കഴിഞ്ഞാൽ ഈ പെങ്കൊച്ചിനേയും അവനങ്ങു കൊണ്ടുപോകും.. അപ്പൊഴും ഞാനൊറ്റയ്ക്ക്..
രണ്ടു ചൂരിദാർസെറ്റ് തിരഞ്ഞെടുത്തു കഴിഞ്ഞു...
"മോളെ അമ്മയ്ക്കൊന്നു മതി.. മറ്റേത് നിനക്കിരിക്കട്ടെ..."
"രണ്ടും അമ്മയ്ക്കുതന്നെ..."
ബിൽ പേ ചെയ്യുന്നിടത്തു നീണ്ട ക്യൂ...
കൊച്ചു കുട്ടിയേപ്പോലെ തന്നെ കൈപിടിച്ചുനടത്തുന്ന ഭാവി മരുമകൾ..
ഓട്ടോയിൽ ഒപ്പം കയറി, രണ്ടുവളവു പിന്നിട്ട്, വലതുവശത്തേക്കു കൈചൂണ്ടി...
"അവിടെയാണ് എന്റെ വീട്...
അമ്മയെ പിന്നെ കൊണ്ടുപോകാം. " കവിളത്ത് ധൃതിയിൽ ഒരു മുത്തം കൂടി...
മനസ്സിൽ സന്തോഷത്തിന്റെ തിരതല്ലൽ..
അശ്വിനെ അവൾ ജീവനുതുല്യം സ്നേഹിക്കുന്നുണ്ട്..
അതിന്റെ ബഹിർസ്ഫുരണമാണ് ഈ പ്രകടിപ്പിക്കുന്നത്രയും.തിരിഞ്ഞു നോക്കി. ഓട്ടോ മറയുന്നതുവരെ
അവൾ അവിടത്തന്നെ നില്ക്കുന്നുണ്ടായിരുന്നു.
എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുവന്നു.. അതു തുളുമ്പി പുറത്തേയ്ക്കൊഴുകാതെ
കണ്ണുകളടച്ച് അല്പനേരം...