
അസമിലെ ഗുവഹത്തിയിൽ നീലാചൽ കുന്നിനു മുകളിലായി സ്ഥിതി ചെയ്യുന്ന കാമാഖ്യ ക്ഷേത്രം ഇന്ത്യയിലെ പ്രധാന ശക്തിപീഠങ്ങളിലൊന്നാണ്. ശാക്തേയ വിശ്വാസത്തിൻ്റെയും താന്ത്രിക ആരാധനാപാരമ്പര്യത്തിൻ്റെയും പ്രധാന കേന്ദ്രമായ ഈ ക്ഷേത്രം സ്ത്രീ ശക്തിയുടെയും സൃഷ്ടിയുടെയും പ്രതീകം കൂടിയാണ് . ആദിപരാശക്തിയുടെ പത്ത് ഭാവങ്ങളെ പ്രതിനിധീകരിക്കുന്ന ഈ പുണ്യഭൂമിയിൽ ദശമഹാവിദ്യയിലെ ദേവതമാരായ കാളി , താര, ത്രിപുര സുന്ദരി , ഭുവനേശ്വരി ,ഭൈരവി, ഛിന്നമസ്ത, ധൂമാവതി ,ബഗളാമുഖി , മാതംഗി കമല എന്നിവരുടെ ആരാധനാസ്ഥലങ്ങൾ കാണാം . കാമാഖ്യ ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ കാമാഖ്യാദേവിയെ ത്രിപുര സുന്ദരി , മാതംഗി,കമല എന്നീ മഹാവിദ്യകളുടെ പീഠങ്ങളായി ആരാധിക്കുന്നു .
ഭുവനേശ്വരിയുടെയും ബഗളാമുഖിയുടെയും ക്ഷേത്രങ്ങൾ തെല്ലു ദൂരം മാറിയാണ് . മറ്റ് എഴ് മഹാവിദ്യകൾക്കും കാമാഖ്യാ ക്ഷേത്ര സമുച്ചയത്തിലാണ് ആരാധനാസ്ഥലങ്ങളുള്ളത്. ഐതിഹ്യപ്രകാരം ക്ഷേത്രം ദേവ നിർമ്മിതമാണെന്ന് കരുതപ്പെടുന്നു . എന്നാൽ ചരിത്രപരമായി കാമാഖ്യ ക്ഷേത്രവും അനുബന്ധ ദശമഹാവിദ്യാ ക്ഷേത്രങ്ങളും പതിനാറാം നൂറ്റാണ്ടിൽ കോച്ച് രാജവംശത്തിലെ നരനാരായണ രാജാവും അദ്ദേഹത്തിൻ്റെ സഹോദരൻ ശുക്ല ധ്വജനും ചേർന്നാണ് പുനർനിർമ്മിച്ചത്. പിന്നീട് പതിനേഴ് , പതിനെട്ട് നൂറ്റാണ്ടുകളിൽ അഹോം രാജാക്കന്മാർ ഈ ക്ഷേത്രങ്ങൾ വിപുലീകരിച്ച് സംരക്ഷിച്ചു.

ഹിന്ദുപുരാണ വിശ്വാസമനുസരിച്ച് ദക്ഷയാഗശാലയിൽ വച്ച് തൻ്റെ ഭർത്താവായ പരമശിവനെ പിതാവ് ദക്ഷൻ അവഹേളിക്കുന്നത് സഹിക്കാനാവാതെ സതീദേവി യാഗാഗ്നിയിൽ ദേഹം ത്യജിച്ചു. ആ ദുഃഖത്തിൻ്റെ തീവ്രതയിലുള്ള ശിവൻ്റെ താണ്ഡവനൃത്തത്തിൽ പ്രപഞ്ചത്തിൻ്റെ നിലനിൽപ്പു തന്നെ അപകടത്തിലായി. ശിവൻ്റെ ദുഃഖം ശമിപ്പിച്ച് പ്രപഞ്ചത്തിൻ്റെ സംതുലനാവസ്ഥ നിലനിർത്തുവാൻ ദേവന്മാർ മഹാവിഷ്ണുവിൻ്റെ സഹായം തേടി. സതീദേവിയുടെ ശരീരവും തോളിലേറ്റി പ്രപഞ്ചമാകെഅലയുന്ന ശിവനെ ആ ബന്ധനത്തിൽ നിന്നും മോചിപ്പിക്കുവാനായി മഹാവിഷ്ണു സുദർശനചക്രമുപയോഗിച്ച് സതീദേവിയുടെ ശരീരം ഖണ്ഡിച്ചു. ശരീര ഭാഗങ്ങൾ ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ പതിച്ചപ്പോൾ ആവിർഭവിച്ച ശക്തിപീഠങ്ങളിൽ ദേവിയുടെ യോനിഭാഗം പതിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ശക്തിപീഠമാണ് കാമാഖ്യ .
സാധാരണ ക്ഷേത്രങ്ങളിൽ കാണാറുള്ളത് പോലെ ഇവിടെ വിഗ്രഹരൂപത്തിലുള്ള ദേവീപ്രതിഷ്ഠയല്ല. പ്രകൃതിദത്തമായ പാറയിലുള്ള യോനീരൂപമാണ് ആരാധിക്കുന്നത്. അതിൽ നിന്ന് ഉറവജലം ഒഴുകുന്നതായും വിശ്വസിക്കപ്പെടുന്നു. ആ പുണ്യസ്ഥാനത്തെ കേവലം ഒരു ശരീരഭാഗത്തിൻ്റെ ആരാധനയായി മാത്രം വിശേഷിപ്പിക്കുവാൻ സാധിക്കുകയില്ല . ശാക്തേയപാരമ്പര്യത്തിൽ അത് ജീവൻ്റെ സൃഷ്ടിയെയും പ്രത്യുത്പാദന ശക്തിയെയും പ്രതിനിധീകരിക്കുന്നു. സ്ത്രീശരീരത്തിലെ സൃഷ്ടിശക്തിയെ ദേവീസങ്കല്പത്തിൽ ആരാധിക്കുന്നതിലൂടെ ജീവൻ്റെ ഉത്ഭവത്തെയും സൃഷ്ടിപരമായ കഴിവിനെയും കൂടിആദരിക്കുക യാണ് ചെയ്യുന്നത്.

തൃപ്പൂത്തും , അംബുബാച്ചിയും -കേരളത്തിലെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ പാർവ്വതിദേവിയുടെ തൃപ്പൂത്തും കാമാഖ്യയിലെ അംബുബാച്ചിയും ദേവിയുടെ ആർത്തവവുമായി ബന്ധപ്പെട്ട ആരാധനാപാരമ്പര്യങ്ങളാണ് . ചെങ്ങന്നൂരിൽ തൃപ്പൂത്താറാട്ട് പ്രാധാന്യം നേടുമ്പോൾ എല്ലാ വർഷവും ജൂൺ മാസത്തിൽ കാമാഖ്യയിൽ ക്ഷേത്രനട മൂന്നു ദിവസം അടച്ചിട്ട് നാലാം ദിവസം പ്രത്യേക ചടങ്ങുകളോടെ വീണ്ടും തുറക്കുന്നതാണ് സവിശേഷത. ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഉടയാടയ്ക്കും അംബുബാച്ചി കാലത്ത് ദേവിയുടെ ആർത്തവത്തെ പ്രതീകപ്പെടുത്തുന്ന ചുവന്ന തുണിക്കഷണത്തിനും ഭക്തർ വലിയ പവിത്രതയാണ് കൽപ്പിക്കുന്നത് ചെറിയൊരു തുണിക്കഷണമാണ് കാമാഖ്യയിൽ നിന്നും ലഭിക്കുന്നത് . ഞങ്ങളുടെ തീർത്ഥയാത്രാ സംഘത്തിലെ പലരും പൂജാമുറിയിൽ സൂക്ഷിക്കുവാനായി ഭക്തിപൂർവം അത് വാങ്ങുന്നുണ്ടായിരുന്നു . ഈ ദിവസങ്ങളിൽ ബ്രഹ്മപുത്രയിലെ ജലം ചുവന്നതായി മാറുമെന്നൊരു വിശ്വാസവുമുണ്ട്. ഇത് സ്ഥിതീകരിക്കപ്പെട്ട ഭൗതിക സംഭവമല്ല.ഭാരതീയ സങ്കല്പത്തിൽ ബ്രഹ്മപുത്ര നദിയെ പുരുഷനായാണ് കണക്കാക്കുന്നത്. " ബ്രഹ്മാവിൻ്റെ പുത്രൻ" എന്ന അർത്ഥം വരുന്ന പേരു തന്നെ പുരുഷ സങ്കല്പത്തെ സൂചിപ്പിക്കുന്നു . ഈ വിശ്വാസങ്ങളെല്ലാം പ്രകൃതിയുടെ സൃഷ്ടിശക്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു . രണ്ടു ക്ഷേത്രങ്ങളിലെ പാരമ്പര്യങ്ങളും സ്ത്രീശക്തിയുടെ മഹത്വത്തെ ഉയർത്തിപ്പിടിക്കുന്ന ഭാരതീയ വിശ്വാസ സംസ്കാരത്തിൻ്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. അസം ക്ഷേത്രങ്ങളിലെ ഗർഭഗൃഹങ്ങളുടെ പ്രത്യേകത : അസം ക്ഷേത്രങ്ങളിലെ ഗർഭഗൃഹങ്ങൾ മറ്റു ക്ഷേത്രങ്ങളിലെ ഗർഭഗൃഹങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് . ഭൂമിക്കടിയിലായി നിലവറയ്ക്കു സമാനമായ ഗർഭഗൃഹങ്ങളാണ് അവിടത്തെ പ്രത്യേകത . ഇരുണ്ടതും ഈർപ്പമുള്ളതുമായ ഗർഭഗൃഹങ്ങളിൽ വിളക്കുകളുടെ പ്രകാശം മാത്രമേ ഉള്ളൂ . അവിടേയ്ക്കുള്ള ഇടുങ്ങിയ പടികളിറങ്ങുമ്പോൾ വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ കാൽ വഴുതി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ് . പ്രതിഷ്ഠയെ തൊട്ട് പ്രാർത്ഥിച്ച് ആരാധന ചെയ്യുന്നതും കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണാത്ത മറ്റൊരു പ്രത്യേകതയാണ് .
ഭൂമിയുടെ ആഴങ്ങളിൽ പ്രകൃതിയുടെ ആദിമ രഹസ്യം ഒളിപ്പിച്ചു വച്ചിരിക്കുന്നത് പോലെ തോന്നിക്കുന്ന കാമാഖ്യയിലെ ഗർഭഗൃഹവും ആരാധനയുടെ സവിശേഷതയും ആത്മീയമായ ആഴവും ഒരു പോലെ വെളിപ്പെടുത്തുന്നതാണ് .
ബലി പാരമ്പര്യം .
ക്ഷേത്രത്തിലെ ആരാധനാ സമ്പ്രദായങ്ങളിൽ ശക്തി ആരാധനയ്ക്കും താന്ത്രിക വിശ്വാസങ്ങൾക്കും വലിയ സ്ഥാനമുണ്ട്. പുഷ്പങ്ങൾ , സുഗന്ധദ്രവ്യങ്ങൾ ഫലങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയ വഴിപാടുകൾക്കൊപ്പം ബലിയും ഉൾപ്പെടുന്നു .ക്ഷേത്രത്തിൻ്റെ ചരിത്രവും താന്ത്രിക വിശ്വാസവും പ്രാദേശിക സംസ്കാരവും ചേർന്നതാണ് കാമാഖ്യയിലെ ബലിപാരമ്പര്യം. ആടുകൾ പ്രാവുകൾ പോത്തുകൾ എന്നിവയാണ് ബലി പാരമ്പര്യമായി ബന്ധപ്പെട്ട് പ്രധാനമായും പരാമർശിക്കപ്പെടുന്ന ജീവികൾ . പൂജയുടെയും ആചാരത്തിൻ്റെയും വ്യത്യാസമനുസരിച്ച് ബലികളിലും ചടങ്ങുകളിലും വ്യത്യാസങ്ങളുണ്ടാകാം. മറ്റൊരു കാര്യം ലിംഗഭേദങ്ങളുമായി ബന്ധപ്പെട്ടതാണ് . പരമ്പരാഗത ബലി ആചാരങ്ങളിൽ പുല്ലിംഗജീവികൾക്കാണ്പ്രാധാന്യം നൽകുന്നത് . നല്ല മര്യാദരാമന്മാരായി ക്ഷേത്രപരിസരത്ത് യഥേഷ്ടം വിഹരിക്കുന്ന ധാരാളം മുട്ടനാടുകളെ കാണാം. പ്രകൃതിയുടെ സൃഷ്ടിചക്രത്തിൽ ജീവൻ്റെ തുടർച്ചയെ അടയാളപ്പെടുത്തുന്ന മാതൃത്വം ബലി ആചാരങ്ങൾക്കപ്പുറം ചിന്തിക്കേണ്ട സത്യമായതിനാൽ പെൺമൃഗങ്ങളെയും പക്ഷിണികളെയും ബലിയിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത് . എന്നാലിത് എല്ലാ കാലത്തും പാലിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഉറപ്പിക്കുവാനുള്ള ഔദ്യോഗിക രേഖകളില്ല. ബലി നടക്കുന്ന സമയം ക്ഷേത്രാന്തരീക്ഷം വാദ്യമേളങ്ങളുടെ അകമ്പടിയാൽ മുഖരിതമാകും. പ്രാവുകൾ ബലിപീഠത്തിലേക്ക് സ്വയം പറന്നു വന്ന് സമർപ്പിക്കാറുമുണ്ടെന്ന് ഞങ്ങളുടെ ഗൈഡ് വിശദീകരിച്ചിരുന്നു.

ദേവിയുടെ പ്രീതിയ്ക്കായി ഒരു ജീവനെ ബലി കഴിയ്ക്കുമ്പോൾ അതേ ദേവീ സാന്നിധ്യമാണ് എല്ലാ ജീവജാലങ്ങളിലും കുടി കൊള്ളുന്നതെന്ന വിശ്വാസവുമുണ്ടല്ലോ. വിശ്വാസങ്ങളും ആചാരങ്ങളും ഒരു വശത്ത് തുടരുമ്പോൾ കരുണയുടെയും സഹജീവിസ്നേഹത്തിൻ്റെയും പാഠങ്ങളും ഇവിടെ ദർശിക്കാനാകും. ബലിയുടെ ആചാരങ്ങൾ നിലനിൽക്കുന്ന അതേ ക്ഷേത്രപരിസരത്ത് പ്രാവുകളെ ആകാശത്തേക്ക് പറത്തിവിടുന്ന കാഴ്ചയും കാണാം . ക്ഷേത്ര സന്ദർശനവേളയിൽ അനന്ത് അംബാനി പ്രാവുകളെ പറത്തി വിട്ട സംഭവം ഈ വൈരുധ്യത്തെ ചൂണ്ടിക്കാണിക്കുന്നു. ഒരു ജീവനെ ദേവിയ്ക്ക് ബലിയർപ്പിക്കുന്നതും,മറ്റൊരു ജീവനെ സ്വതന്ത്രമാക്കുന്നതും ഭക്തിയുടെ ഭാഷയിലാണിവിടെ വ്യാഖ്യാനിക്കപ്പെടുന്നത്. കർമ്മബന്ധനങ്ങളിൽ നിന്നുള്ള മോചനമാണ് ബലിയുടെ പൊരുൾ എന്നിരിക്കെ, ഒരു ജീവൻ്റെ ജീവിക്കാനുള്ള അവകാശവും അവസരവും മാനിക്കേണ്ടതാണ്. അതിലല്ലേ കാരുണ്യത്തിൻ്റെ യഥാർത്ഥ മഹത്വം കുടികൊള്ളുന്നത്? സ്പർശനത്തിലൂടെയും പ്രദക്ഷിണത്തിലൂടെയും ഭക്തി പ്രകടിപ്പിക്കുന്നത് ക്ഷേത്രപരിസരത്തെ പ്രധാന കാഴ്ചയാണ് . "എത്രത്തോളം പ്രദക്ഷിണം വയ്ക്കാൻ സാധിക്കുന്നുവോ അത്രത്തോളം നന്നാണെന്ന് " ഞങ്ങളുടെ തീർത്ഥാടനസംഘത്തിലെ അമ്മമാർ പറയുന്നുണ്ടായിരുന്നു.
ക്ഷേത്രപരിസരത്തിലെ ചില ശിലകളിലും ശില്പങ്ങളിലും ഭക്തർ കൈ വച്ച് പ്രാർത്ഥിച്ച് ആത്മീയ നിർവൃതി നേടാറുണ്ട്. ദർശന സൗഭാഗ്യത്തിലുപരി സ്പർശനത്തിലൂടെ ദൈവിക സാന്നിധ്യം അനുഭവിക്കുന്ന ഭക്തിഭാവമായും ഈ ആചാരത്തെ കരുതാം . ചുവപ്പു നിറത്തിന് ഇവിടെ ഏറെ പ്രാധാന്യം കൽപ്പിക്കുന്നു. ചുവന്ന ചെമ്പരത്തിമാലകളും പൂക്കളും വസ്ത്രങ്ങളും പൂജകളിൽ ഉപയോഗിക്കാറുണ്ട്. ശബരിമലയിൽ കറുപ്പുവസ്ത്രം ധരിക്കുന്നത് പോലെ ഇവിടെ കണ്ട ഭക്തരിൽ ഭൂരിഭാഗവും ചുവന്ന വസ്ത്രമാണ് ധരിച്ചിരുന്നത് . സ്ത്രീ ശക്തിയുടെ മഹത്വം കാമാഖ്യ വിളിച്ചോതുമ്പോൾ ബ്രഹ്മപുത്ര നദിയുടെ നടുവിലുള്ള മയിൽ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഉമാനന്ദ് ക്ഷേത്രം ശിവാരാധനയുടെ ആത്മീയ പ്രഭ പ്രതിഫലിപ്പിക്കുന്നു . ശിവൻ കാമദേവനെ ഭസ്മമാക്കിയ സ്ഥലമാണിതെന്നു കൂടി ഐതിഹ്യമുണ്ട്. കാമാഖ്യയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചരിത്രവും അനാവരണം ചെയ്യുന്നത് വിസ്മയങ്ങളുടെയും അന്വേഷണങ്ങളുടെയും ഒരു ലോകമാണ്
. ഭക്തിയും പാരമ്പര്യവും ഒത്തുചേരുന്ന കാമാഖ്യയിൽ ഓരോ ആചാരത്തിനു പിന്നിലും ഒരു വിശ്വാസ പശ്ചാത്തലമുണ്ട്. കാലങ്ങളിലൂടെ കൈമാറി വന്ന സംസ്കാരിക പൈതൃകത്തിൻ്റെ ആഴങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത് . കാലത്തിൻ്റെ ഒഴുക്കിലും ഐതിഹ്യങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും സംഗമിക്കുന്ന കാമാഖ്യ , പാരമ്പര്യത്തിൻ്റെ സവിശേഷതകളും വിശ്വാസസങ്കല്പങ്ങളുടെ വൈവിധ്യവും ഇഴ ചേരുന്ന അപൂർവമായൊരു അനുഭവമായി ഓരോ സന്ദർശകൻ്റെയും മനസ്സിൽ മായാത്ത ഭക്തിമുദ്ര പതിപ്പിയ്ക്കുന്നു.