Image

ഫോമയുടെ നീക്കിയിരിപ്പ് 1.11 ലക്ഷം ഡോളര്‍; സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ച് ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി

എ.എസ് ശ്രീകുമാര്‍ Published on 19 October, 2026
ഫോമയുടെ നീക്കിയിരിപ്പ് 1.11 ലക്ഷം ഡോളര്‍; സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ച് ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി

ചിക്കാഗോ: ഫോമായുടെ 2024-2026 ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിലവിലെ ആകെ സാമ്പത്തിക നീക്കിയിരിപ്പ് 111,205.04 ഡോളര്‍. പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഷിക്കാഗോ, ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന ജനറല്‍ ബോഡിയില്‍ ട്രഷറര്‍ സിജില്‍ പാലക്കലോടി അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. 2024-2026 സാമ്പത്തിക വര്‍ഷത്തില്‍ ഫോമയുടെ ആകെ വരവ് 941,993.49 ഡോളറും ചെലവ് 919,395.09 ഡോളറുമാണ്. ഇതിലൂടെ 22,598.40 ഡോളറിന്റെ നെറ്റ് റവന്യു കൈവരിച്ചതായും ഫോമായുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകയുടെ നീക്കിയിരിപ്പുമായാണ് ഈ കമ്മിറ്റി പടിയിറങ്ങുന്നതെന്നും സിജില്‍ പാലയ്ക്കലോടി പറഞ്ഞു.

നിലവിലെ സാമ്പത്തിക നീക്കിയിരിപ്പില്‍ പ്രവര്‍ത്തന ഫണ്ടായി 81,642.38 ഡോളറും ഹെല്‍പ്പിങ് ഹാന്‍ഡ് വാലറ്റില്‍ 14,119 ഡോളറും ഉള്‍പ്പെടുന്നു. കൂടാതെ, വയനാട് ദുരന്തനിവാരണ ഫണ്ടിനും ഡാലസ് ചാരിറ്റി ഫണ്ടിനുമായി ഗോഫണ്ട് വഴി ലഭിക്കാനുള്ള 15,443 ഡോളറുമുണ്ട്. ഈ തുകകള്‍ ഉള്‍പ്പെടെയാണ് ആകെ സാമ്പത്തിക നീക്കിയിരിപ്പ് 111,205.04 ഡോളറിലെത്തിയത്.

പ്രവര്‍ത്തന ഫണ്ടില്‍ കേരളത്തിലെ ഭവനപദ്ധതിക്കായി നാഷണല്‍ കമ്മിറ്റി അംഗീകരിച്ച 50,000 ഡോളറും ഉള്‍പ്പെടുന്നു. മുന്‍ ഭരണസമിതിയില്‍നിന്ന് 88,606 ഡോളറിന്റെ പ്രാരംഭ നീക്കിയിരിപ്പാണ് ലഭിച്ചത്. ഇതില്‍ വയനാട് ദുരന്തബാധിതര്‍ക്കുള്ള ഭവനപദ്ധതിക്കായി നീക്കിവെച്ച 40,000 ഡോളറും ഉള്‍പ്പെട്ടിരുന്നു. ഭരണകാലയളവില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഹെല്‍പ്പിങ് ഹാന്‍ഡ് പദ്ധതികള്‍, കേരള കണ്‍വന്‍ഷന്‍, കേരള ബിസിനസ് മീറ്റ്, വനിതാ ഉച്ചകോടി, യൂത്ത് സമ്മിറ്റ്, സമ്മര്‍ ടു കേരള, നാഷണല്‍ കണ്‍വന്‍ഷന്‍ തുടങ്ങിയ പരിപാടികള്‍ ഫോമാ സംഘടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കമ്മിറ്റിയുടെ ഭരണകാലയളവില്‍ ഫോമ വിജയകരമായി നടപ്പാക്കിയ സുപ്രധാന സാമൂഹിക, സന്നദ്ധ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മയോടൊപ്പം പദ്ധതി, നേഴ്‌സിങ് സ്‌കോളര്‍ഷിപ്പ്, 21 പേര്‍ക്കുള്ള ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് പദ്ധതി, തയ്യല്‍ മെഷീന്‍, മുച്ചക്ര സ്‌കൂട്ടര്‍, വീല്‍ ചെയര്‍, കുളത്തൂപ്പുഴ ആദിവാസികള്‍ക്കുള്ള സ്വയം തൊഴില്‍ ടൂള്‍ കിറ്റ് പദ്ധതി, ഹൗസിങ് പ്രോജക്ടുകള്‍,  മെഡിക്കല്‍ ക്യാമ്പുകള്‍, ഹെല്‍പ്പിങ് ഹാന്‍ഡ് പദ്ധതികള്‍, കേരള കണ്‍വന്‍ഷന്‍, കേരളത്തിലെയും അമേരിക്കയിലെയും  ബിസിനസ് മീറ്റ്, വിമന്‍ സമ്മിറ്റ്, യൂത്ത് സമ്മിറ്റ്, സമ്മര്‍ ടു കേരള പരിപാടി, വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, നാഷണല്‍ കണ്‍വന്‍ഷന്‍. ഈ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തിന് വലിയ പ്രയോജനം നല്‍കിയിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് ടീം, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിമന്‍സ് ഫോറം ടീം, യൂത്ത് ഫോറം ടീം, സംഭാവന നല്‍കിയവര്‍, സന്നദ്ധപ്രവര്‍ത്തകര്‍, വിവിധ ഉപസമിതികളിലെ അംഗങ്ങള്‍ എന്നിവരുടെ സമര്‍പ്പണത്തിനും കഠിനാധ്വാനത്തിനും അചഞ്ചലമായ പിന്തുണയ്ക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നുവെന്ന് സിജില്‍ പറഞ്ഞു.  ഫോമാ എന്നത് ഒരു സംഘടനയ്ക്കപ്പുറം, ആയിരക്കണക്കിന് ആളുകളുടെ കൂട്ടായ്മയുടെ കരുത്താണ്. അതുകൊണ്ടുതന്നെ ഈ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനകാലയളവിന്റെ ഏറ്റവും വലിയ നേട്ടം വ്യക്തിപരമായ വിജയമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ ഒരുമിച്ച് നേടിയ വിശ്വാസമാണ് അതിന്റെ യഥാര്‍ത്ഥ നേട്ടം.

''ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം നാള്‍ മുതല്‍ അവസാന നാള്‍വരെ, ഉത്തരവാദിത്വബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. സേവനത്തിന്റെ വഴിയില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനുള്ള ഉത്തരവാദിത്വമാണ് ഈ അനുഭവം എനിക്ക് നല്‍കിയത്. ഒപ്പമുണ്ടായിരുന്ന പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ക്കും, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ക്കും, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും, വിമന്‍സ് ഫോറം അംഗങ്ങള്‍ക്കും, യൂത്ത് ഫോറം അംഗങ്ങള്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സംഭാവന നല്‍കിയവര്‍ക്കും, വിവിധ ഉപസമിതികളിലെ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ആഭ്യന്തര ഓഡിറ്റര്‍മാരായ അശോക് പിള്ള, സി.പി.എ, സാബു ജോണ്‍, ബാഹ്യ ഓഡിറ്ററായ സുമന്‍ തോമസ്, നികുതി രേഖകള്‍ തയ്യാറാക്കിയ പി.ടി. തോമസ് എന്നിവരുടെ വിലപ്പെട്ട പിന്തുണയ്ക്കും ആത്മാര്‍ത്ഥമായ സേവനത്തിനും പ്രത്യേകം നന്ദി അറിയിക്കുന്നു...'' സിജില്‍ പറഞ്ഞു.

ബിജു തോണിക്കടവില്‍, പോള്‍ ജോസ്, പ്രദീപ് നായര്‍, സാമുവല്‍ മത്തായി, മഞ്ജു പിള്ള, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഫോമാ നാഷണല്‍ കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം പുതിയ നേതൃത്വം ഫോമയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുകയും നമ്മുടെ സമൂഹത്തെ മികവോടെ സേവിക്കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
 

Join WhatsApp News
Observer 2026-10-19 18:05:06
എങ്ങനെ മിച്ചം വരാതിരിക്കും? അങ്ങനെ ഒരു ചീപ്പ് സ്ഥലത്താണല്ലോ കൺവൻഷൻ നടത്തിയത്. പോരാഞ്ഞിട്ട് ഒരു പരിപാടിയും അവിടെയും നേരത്തെയും നടന്നില്ല. പണം ലാഭിച്ചിട്ട് എന്ത് കാര്യം? മറ്റൊന്ന് കൂടി, അടുത്ത ഫോമാ പ്രസിഡന്റ് ആരെന്ന സൂചനയും ഈ മിച്ചം നൽകുന്നുണ്ടോ?
ഫോമൻ 2026-10-19 20:03:12
മൂന്ന് GOFUND അക്കൗണ്ടുകളിലേക്ക് ഇപ്പോഴും ഫോമയ്ക്ക് കൊടുക്കുന്ന ഡൊണേഷനുകൾ വഴിമാറി ആരുടെയൊക്കെയോ പോക്കറ്റിലേക്ക് പോകുന്നു. അത് ചോദ്യം ചെയ്തപ്പോൾ ബ ...ബ ...ബ. അത് അന്വേഷിക്കാൻ ഫോമാ വേറൊരു കമ്മറ്റിയെ വെച്ചിരിക്കുകയാണ് ഇപ്പോൾ.
ശങ്കരൻകുട്ടി 2026-10-19 20:25:37
ഫോമായുടെ GoFundMe വഴി സംഭാവനകൾ സ്വീകരിക്കുന്നുണ്ട്, പക്ഷേ GoFundMe അക്കൗണ്ടിൽ വന്ന പണം പിൻവലിക്കാൻ ഫോമയ്‌ക്ക് കഴിയുന്നില്ല. കാരണം അത് മുൻപിരുന്ന ആരുടെയോ അക്കൗണ്ടുകളുലേക്ക് വഴി മാറി വീഴുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ GoFundMe വഴിയുള്ള എല്ലാവിധ പിരിവുകളും നിറുത്തണമെന്ന് ആരോ പറയുന്നത് കേട്ടു.
ജോൺ കുര്യൻ 2026-10-19 22:47:11
പത്രാധിപർ ചട്ടുകമാകാൻ പാടില്ല. കൊടുക്കുന്ന കമന്റുകൾ നന്നായി മുക്കുന്നുണ്ട്. ഇട്ട കമന്റുകൾ വെട്ടി നിരത്തുന്നുമുണ്ട്. ഇതൊക്കെ എത്ര മുക്കിയാലും നാളെ ഡെമോക്ലസിന്റെ വാൾ പോലെ ഉച്ചിയിൽ പതിയ്ക്കും
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-20 13:27:59
💥🔥To@👉ജോൺ കുര്യൻ - : 🔹എന്തു കൊണ്ടോ, അരികും മൂലയും പിന്നെ ചിലരുടെ പേരുകളും ചുരണ്ടികളയും ചില വാർത്തയുടെ / ലേഖനത്തിന്റെ / സാഹിത്യ സൃഷ്ട്ടിയുടെ പ്രതികരണങ്ങളിൽ നിന്നും e.malayalee പത്രാധിപൻ. 🔸എന്നാൽ കാരണം ഒട്ടു പറയുകയുമില്ല. അത് പ്രയാസമുണ്ടാക്കുന്നുണ്ട്. പലപ്രാവശ്യം ഈ സങ്കടം ഉണർത്തിച്ചിട്ടുണ്ട്. No ഫലം.. 🔹ഈ പ്രതികരണം Post ചെയ്യണേ...🙏🙏🙏 ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക