
ലക്ഷ്യമുണ്ടാകണം, സദയസ്മിതാനന്ദ-
ലക്ഷ്മീകടാക്ഷമായുണരട്ടെ നന്മകം
ലക്ഷോപലക്ഷം ജനിക്കുന്ന ഭൂമിയി-
ലലക്ഷ്യരായ്ത്തീരുന്നതില്ലേ പരശതം ?
ലക്ഷ്മണരേഖ വരയ്ക്കേണ്ടതാണകം;
ലക്ഷ്യപൂർത്തിക്കായൊരുക്കേണമാ,മനം
ലഗ്നാധിപനല്ല തടസ്സമെന്നറിയണം
ലക്ഷ്മീകാന്ത സ്മരണയോടുണരണം.
ലക്ഷീകരിക്കുക യുവരമ്യ ഭാവിതൻ-
ലക്ഷണംതന്നെയാണുന്മേഷ ചിന്തകം
ലബ്ദപ്രതിഷ്ഠരായ് മാറിയോരാകെയും
ലവലേശമലസരല്ലായിരു,ന്നോർക്കണം.
ലജ്ജിത ഭാവമ,ല്ലുജ്ജ്വല ചിന്തയാൽ
ലാലസഹൃത്തുമായുണരട്ടെ സാദരം
ലാഞ്ഛനമില്ലാതിരിക്കട്ടെ; നിർഭയം
ലക്ഷ്യോദയം നുകർന്നീടട്ടെ യുവമനം.
ലളിതമ,ല്ലിന്നേതു വിജയത്തിളക്കവും
ലിഖിതരൂപത്തിൽ നേടുന്നതിൻ വൈഭവം;
ലാവണ്യ പുലരിപോൽ പകരട്ടെ ഗ്രാമ്യകം;
ലക്ഷ്യപൂർത്തിക്കായ്ത്തുണയ്ട്ടെ ദൈവകം.
ലഹരിയാകട്ടെനിന്നുദയബോധം; സദാ-
ലക്ഷ്യത്തിനായ് വെടിഞ്ഞീടട്ടെ-ലഹരികൾ
ലോകജ്ഞനാകട്ടെ; നിൻ രമ്യ ഭാവിതൻ-
ലേഖകനാകട്ടെ യൂർജ്ജസ്മരണയും.
ലോകത്രയം നമുക്കേകുന്നു നന്മതൻ
ലോകതത്ത്വങ്ങളുയർത്തുന്ന ചിന്തകം
ലോക ചരിത്രമാകട്ടെ നിൻ ജീവിതം;
ലോകൈകനാഥൻ തുണയ്ക്കട്ടെ സന്തതം.
ലോഭനീയസ്മിതത്തിൽ നീ വഴങ്ങാതെ,
ലോക നന്മയ്ക്കായുഷസ്സായിമാറുക;
ലോപിച്ചിടാതെ,നിൻ ബാല്യസ്മരണകൾ
ലേപനംപോൽ മാതൃഹൃത്തിൽപ്പുരട്ടുക.
ലോകമുറങ്ങിയനാളിലുറങ്ങാതെ,
ലാളിച്ചുറക്കിയ താതഹൃദയത്തെയും
ലോഭമില്ലാതെ വന്ദിക്കുക; സാദരം
ലോചനാനന്ദമായ് കാരുണ്യമേകുക.
ലോകമുത്സാഹത്തിൻ വേദിയാണറിയുക;
ലക്ഷ്യഹൃദയാർദ്രമായ് കടമകൾ ചെയ്യുക
ലക്ഷോപലക്ഷമുണ്ടാകിലും വ്യതിരിക്ത-
ലക്ഷ്യേമോടുദയം പകർന്നുനൽകീടുക...