
എന്റെ കണ്ണിന് താഴെ,
ഒരു കുപ്പി വന്നുകൊണ്ടിടിച്ച ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.
ആഫ്രിക്കയിലെ കൽഹാരി മരുഭൂമിയിലൂടെ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാൻ. ചുറ്റും വരണ്ട മണ്ണും കല്ലും മുള്ളുകളും മാത്രം. പുറമേ നോക്കിയാൽ ജീവനില്ലാത്തതുപോലെ തോന്നുമെങ്കിലും ആ മരുഭൂമിക്കും അതിന്റേതായൊരു ലോകമുണ്ട്. അവിടെ ജീവിക്കുന്ന ഓരോ മൃഗത്തിനും ഈ ഭൂമിയിൽ അവകാശമുണ്ട്.
പെട്ടെന്നാണ് മലയാളം പാട്ട് ഉച്ചത്തിൽ മുഴക്കിക്കൊണ്ട് ഒരു 4×4 വാഹനം ചീറിപ്പാഞ്ഞുവന്നത്. അതിനുള്ളിലുണ്ടായിരുന്ന മലയാളികളായ ചെറുപ്പക്കാരിലൊരാൾ ഒരു വെള്ളക്കുപ്പി പുറത്തേക്കെറിഞ്ഞു.
അത് നേരെ വന്ന് എന്റെ വലതുകണ്ണിന് താഴെ ശക്തിയായി കൊണ്ടു.
വേദനകൊണ്ട് ഞാൻ പകച്ചുപോയി. എന്നാൽ കുപ്പിയെറിഞ്ഞയാൾ തിരിഞ്ഞുനോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് കടന്നുപോയതാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്. സ്വന്തം നാട്ടിൽനിന്നു വന്ന ഒരാൾ പ്രകൃതിയോടും സഹജീവികളോടും ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.
ഞാൻ ആ കുപ്പിയെടുത്ത് മാലിന്യബിന്നിൽ നിക്ഷേപിച്ചു. ഒരു മൃഗം അതിനെ ഭക്ഷണമാണെന്ന് കരുതി വിഴുങ്ങിയാലോ? അതിന്റെ ജീവൻ അപകടത്തിലായാലോ? മനുഷ്യന് തന്റെ തെറ്റ് തിരുത്താൻ അവസരമുണ്ട്. എന്നാൽ മിണ്ടാപ്രാണികൾക്ക് പലപ്പോഴും അതിനുള്ള അവസരം പോലും ലഭിക്കില്ല.
പ്രകൃതിയെ സ്നേഹിക്കുന്നു എന്ന് പറയുന്നതിലല്ല കാര്യം. നമ്മുടെ പ്രവൃത്തികളിലാണ് ആ സ്നേഹം തെളിയേണ്ടത് എന്ന തിരിച്ചറിവ് എനിക്ക് ലഭിച്ച അനുഭവമായിരുന്നു അത്.
ഈ തിരിച്ചറിവ് മറ്റൊരു യാത്രയിലും എന്നെ പരീക്ഷിച്ചു.
കൂടെയുണ്ടായിരുന്ന പ്രായമായ ഒരു പാകിസ്ഥാനി സ്ത്രീ കാട്ടിന്റെ മറവിലേക്ക് പോകാൻ തുടങ്ങിയപ്പോൾ, അവിടെയുണ്ടായിരുന്ന ടോയ്ലറ്റ് ഉപയോഗിക്കാൻ ഞാൻ അവരോട് നിർദേശിച്ചു. അതിൽ കോപിച്ച അവർ എന്റെ കരണത്തടിച്ചു.
“ഈ കാട് നിന്റേതാണോ?” എന്നായിരുന്നു അവരുടെ ചോദ്യം.
ഞാൻ മനസ്സിൽ പറഞ്ഞു.
“അല്ല, ഈ കാട് എന്റേതല്ല. പക്ഷേ ഈ കാടിനോടുള്ള സ്നേഹം എന്റേതാണ്.”
ആദ്യത്തെ സംഭവം എന്റെ ശരീരത്തെ വേദനിപ്പിച്ചെങ്കിൽ രണ്ടാമത്തേത് എന്റെ മനസ്സിനെയാണ് വേദനിപ്പിച്ചത്. രണ്ടും എന്നെ പഠിപ്പിച്ചത് ഒരേ കാര്യമാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത് നമ്മുടെ സ്വന്തമായതുകൊണ്ടല്ല, അതിൽ അനേകം ജീവികൾക്ക് അവകാശമുള്ളതുകൊണ്ടാണ്.
വിമാനത്തിൽ തുപ്പിയാലും കാട്ടിൽ തുപ്പരുത്!
വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവിടത്തെ കാഴ്ചകൾ മാത്രം കണ്ട് മടങ്ങിയാൽ പോരാ. പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള ബഹുമാനം കൂടി പഠിച്ചുവരണം.
ഒരു നാടിന്റെ സംസ്കാരം അറിയാൻ അവിടത്തെ വലിയ കെട്ടിടങ്ങളോ മനോഹരമായ കാഴ്ചകളോ മാത്രം നോക്കിയാൽ പോരാ. അവിടത്തെ ഏറ്റവും ബലഹീനമായ ജീവിയോട് മനുഷ്യൻ എങ്ങനെ പെരുമാറുന്നു എന്നു കൂടി നോക്കണം.
കാരണം, പ്രകൃതിയോടുള്ള സ്നേഹം വാക്കുകളിലല്ല, നമ്മുടെ പ്രവൃത്തികളിലാണ് തെളിയേണ്ടത്.