Image

ഒക്ടോബർ മാസമെ, നിന്നോട് ( വിചാരസീമകൾ : പി.സീമ )

Published on 19 October, 2026
ഒക്ടോബർ മാസമെ, നിന്നോട് ( വിചാരസീമകൾ : പി.സീമ )

അന്നത്തെ 2019   ഒക്ടോബർ 16 പതിവ് പോലെ തന്നെയായിരുന്നു. ബർമുഡയും, ടി ഷർട്ടൂമിട്ടു ഇയർ ഫോൺ കാതിൽ തിരുകി ഭൂമിയിലെ ഏറ്റവും സന്തോഷവാനെപ്പോലെ  വെളുക്കെച്ചിരിച്ചു പുലർകാല നടത്തിനു പോകുന്ന ആൾ അന്ന് കോട്ടയം ലൂർദ് പള്ളിയിലേക്ക്  Lights കൊടുക്കാൻ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അന്ന് ഗോതമ്പു പുട്ടിന്റെ വ്യാസത്തിനും അളവിനും ഒന്നും  കുറ്റം പറഞ്ഞില്ല. ചെറുപയർ കറിയും കൂട്ടി പകുതി മാത്രം കഴിച്ചു  സ്പൂണിൽ ഞാൻ കൃത്യമായി എടുത്തു വെച്ച Tablets കഴിച്ചു. പിന്നെ തേപ്പുകാരൻ തേച്ചു മിനുക്കിയ ഷർട്ടും പാന്റ്സും ഇട്ട് കുടവയർ ഒട്ടും ഇല്ലാത്തതിൽ അഭിമാനത്തോടെ ഷർട്ട്‌ ഇൻ ചെയ്തു ബെൽറ്റ് കെട്ടി ഒരിക്കൽ കൂടി ആ  ശരീരഭംഗി കണ്ണാടിയിൽ നോക്കി ആസ്വദിച്ചു. പിന്നെ ലാപ്ടോപ് ബാഗ് എടുത്തപ്പോൾ ഞാൻ ഒരു ചോദ്യം ചോദിച്ചു

"കോട്ടയം വരെ ഈ Wagon R ഓടിച്ചു തനിയെ പോകണ്ടേ.. ഞാൻ കൂടെ വരട്ടെ?"

"വേണ്ട.. 4 മണിക്ക് ഞാൻ വന്നിട്ട്  അമ്പലത്തിലെ സപ്താഹ പിരിവിനു പിറവം വരെ പോകണം "  എന്ന് പറഞ്ഞു ആൾ കാറിൽ കയറി. പതിവ് പോലെ കുറച്ച് നേരം ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു മൊബൈലിൽ നോക്കി. എന്നത്തേയും പോലെ വളരെ അനായാസമായി വണ്ടി റിവേഴ്‌സ് എടുത്തു തിരിച്ചൊടിച്ചു പുഴയിലേക്കുള്ള വഴിയേ സുന്ദരമായി കാർ ഡ്രൈവ് ചെയ്തു  പോയി .(എന്നെ പ്രോത്സാഹിപ്പിച്ചിട്ടി ല്ല എങ്കിലും 66   വയസ്സിലും  ഏത് പാതിരാവിലും അദ്ദേഹം നന്നായി കാർ ഡ്രൈവ് ചെയ്തതിൽ  ഞാൻ ഇപ്പോഴും അഭിമാനിക്കുന്നു).

അന്ന് പോയ ആൾ പിന്നെ തിരികെ വന്നത് ഒക്ടോബർ 19 ന്.... മറക്കാനാകാത്ത ദിവസം.  മരണത്തിന്റെ മണമുള്ള ദിവസം. ഒക്ടോബർ മാസമേ നിന്നോട്.. കോട്ടയം S. H  മെഡിക്കൽ സെന്റർ നോട് എനിക്ക് വെറുപ്പാണ്.. 3 മണിക്ക് ICU വിൽ   കയറിക്കണ്ടു ഞാൻ സംസാരിച്ച ആളെ.,  Warfarin,   Plagerine എന്നീ ആന്റികൊയാ ഗുലന്റ്സ് കഴിക്കുന്നുണ്ട് എന്ന് ആദ്യമേ പറഞ്ഞിട്ടും തലയിൽ നേരിയ Internal bleeding ഉണ്ടായിട്ടും അത് തടയാൻ വേണ്ടത്ര ശ്രദ്ധ നൽകാതെ അകത്തു കിടത്തി  സന്ധ്യക്ക്‌  6.30 നു ഡോക്ടർ വന്നപ്പോൾ ഇനി വെന്റിലേറ്റർ വേണം എന്ന വിവരം  മാത്രം അറിയിച്ച ആശുപത്രി അധികൃതരെ വെറുക്കുന്നു.  First aid ന് കൊണ്ട് ചെന്ന ആളെ ICU വിൽ കിടത്തിയിട്ട്  ചികിത്സാ സൗകര്യങ്ങൾ കുറവെങ്കിൽ സീരിയസ് ആയി കോമ സ്റ്റേജിൽ ആകും മുൻപ് വേറെ എങ്ങോട്ടെങ്കിലും അയക്കാമായിരുന്നല്ലോ.  ഒരു വെന്റിലേറ്ററിൽ   എത്ര നാൾ വേണമെങ്കിലും ഒരാളെ കിടത്താമല്ലോ എന്നാണോ അവർ ചിന്തിച്ചത്.? ഒടുവിൽ   ഞാൻ യാചിച്ചു പറഞ്ഞു കോമ സ്റ്റേജിലായിപ്പോയ ആളെ രാജഗിരിയിൽ എത്തിച്ചു. മൂന്നു മണിക്കൂർ മുൻപ് വന്നെങ്കിൽ രക്ഷ പെട്ടേനെ.. ഇപ്പോൾ ഏറെ പ്രതീക്ഷയ്ക്ക് വകയില്ലെന്നു ഡോക്ടർ പറഞ്ഞിട്ടും  ഞാൻ സർജറിക്കായി സമ്മത പത്രം ഒപ്പിട്ടു കൊടുത്ത ആ തുലാവർഷ രാവിനെ ഇപ്പോഴും ഭയമാണ്...വെറുപ്പാണ്. മരണമേ നീയാണെന്റെ  വീടിനെ മൂന്നു ദേശങ്ങളായി തിരിച്ചത്.. ഞങ്ങളെ  വളരെ അകലെ മൂന്ന് ഭൂഖണ്ഡങ്ങളിൽ എന്ന പോലെയാക്കിയത്. മരണമേ നീ ഒരു കോമാളി  തന്നെയാണ്. ഏത് നേരത്തും കയറി വന്നു ആരെയും കൂട്ടിക്കൊണ്ട് പോകാൻ നിനക്കൊരു മടിയുമില്ല. നിന്നെ തോൽപ്പിക്കാൻ ഭൂമിയിൽ ഒരാളും  ഇനി ജനിക്കയുമില്ലല്ലോ .

ഈ ചിത്രം ആ വർഷത്തെ Wedding ആനിവേഴ്സറിയ്ക്ക് പിറവം പുഴത്തീ രം പാർക്കിൽ പോയിരുന്നപ്പോൾ എടുത്തതാണ്. അന്ന് ആൾ  ഈ Fb പേജ് എടുത്തു തന്നില്ല എങ്കിൽ എത്രയോ പേർ ഈ ഭൂമിയിൽ എനിക്ക് ഇപ്പോഴും അപരിചിതരായേനെ. ആരും അറിയാതെ ഞാൻ  ഇവിടെ ഇങ്ങനെ ജീവിച്ചു പോയേനെ. നേരിൽ കണ്ടിട്ടില്ല എങ്കിലും എന്റെ എഴുത്തുകൾ വായിക്കുന്നവർക്കായി ഈ ദിവസത്തെ ഒരിക്കൽ കൂടി ഒന്ന് ഓർത്തെടുത്തു എന്ന് മാത്രം. പോയവർ ഒക്കെ ഭാഗ്യം ചെയ്തവർ.. ജീവിച്ചിരിക്കുന്ന നമ്മൾക്ക്  ചിലപ്പോൾ  അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ, വേദനകൾ പ്രതിസന്ധികൾ   ഒന്നും അവർക്ക് അറിയണ്ടല്ലോ. ഇപ്പോൾ ജീവിതം ഒരു പോരാട്ടം തന്നെയാണ്.. തളർന്നു പോകാതെ തകർന്നു പോകാതെ മുന്നേറണം. ഒരുതരി വെളിച്ചത്തെ പോലും ഒരു പ്രകാശഗോപുരമാക്കാൻ പഠിക്കണം. പുഞ്ചിരിക്കു പിന്നിലെ വഞ്ചന തിരിച്ചറിയണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക