
കാലിൽ ചിലങ്ക കെട്ടി
അരങ്ങിലിറങ്ങാൻ ഒരുപാടു കൊതിച്ചവൾ,
താളത്തിനൊപ്പം മനസ്സിൽ ആയിരം സ്വപ്നങ്ങൾ നെയ്തവൾ.
ഓരോ മുത്തിലും ഒളിപ്പിച്ചിരുന്നോ -
രോരോ സ്വപ്നങ്ങൾ, ഓരോ മണിനാദത്തിലും
നാളെയുടെ പ്രതീക്ഷകൾ
കേട്ടിരുന്നു
കാലം അവളെ വിളിച്ചില്ല, അരങ്ങുകൾ കാത്തുനിന്നില്ല;
ജീവിതം കൊടുത്ത തിരക്കുകൾ തന്നെ
അവളുടെ നൃത്തം -
ചിലങ്കകൾ മൗനമായി ..
ഒടുവിലായ് നൂപുര മണിക -
ളോരോന്നായ് കൊഴിഞ്ഞുവീണു ;
വീണ്ടെടുക്കാൻ തുനിഞ്ഞ നേരം
അവളുടെ സ്വപ്നങ്ങളാകെയും
കൂടെ വീണുപോയി..
നഷ്ടപ്പെട്ടത് മുത്തുകൾ മാത്രമെങ്കിൽ
അവൾക്കത് സഹിക്കാനാവുമായിരുന്നു ;
മുത്തുകൾക്കൊപ്പം പൊയ് -
പോയത് അവളുടെ സ്വപ്നങ്ങളാകെ -
യുമായിരുന്നല്ലോ!
ഇന്നും ചിലങ്കയെടുക്കുമ്പോൾ
വിരലുകൾ വിറയ്ക്കാറുണ്ട് ;
കൊഴിഞ്ഞുപോയ മുത്തുകൾ ,
നഷ്ടസ്വപ്നങ്ങൾ -
അടരുവാനാവാത്ത
ഓർമ്മച്ചിത്രങ്ങൾ ...