Image

ശ്രേഷ്ഠ നവരാത്രി (കവിത: അൻവർ ഷാ ഉമയനല്ലൂർ)

Published on 18 October, 2026
ശ്രേഷ്ഠ നവരാത്രി (കവിത: അൻവർ ഷാ ഉമയനല്ലൂർ)

സിദ്ധിദാത്രീ, നവരാത്രിതൻ സുകൃതമായ്
തിന്മയ്ക്കുമേൽ നന്മയുയരും പ്രകാശമായ്
തിരുനാമമുണരുന്നയോരോ സ്മരണയാ-
യാത്മീ,യമാനുഷിക ഹൃദയസ്മിതങ്ങളാ-
യാ, മഹാചൈതന്യമുണരുന്ന ഹൃദയമേ,
ആ ദിവ്യ ചിന്തയാ,മാത്മീയ കാവ്യമേ,
മാതൃവിശുദ്ധിതൻ രൂപമായറിയുന്നു
ഭക്ത്യാർദ്ര ദർശനാനന്ദമാം സുസ്മിതം.

ആദിപരാശക്തിതൻ നവ-ഭാവങ്ങൾ
ആത്മീയ തേജസ്സായുണരുന്ന കർമ്മങ്ങൾ
ആബാലവൃദ്ധം നുകരുന്ന സിദ്ധികൾ
ശക്തമായുണരുന്നുദയമായ്; സാദരം
നവ-ഭാവരൂപത്തിലറിയുന്നു ദിവ്യകം
മഹിഷാസുര നിഗ്രഹത്തിൻ ജയസ്മിതം
ശരത് നവരാത്രിതൻ ശ്രേഷ്ഠമാം ഹൃദ്സ്വരം
കരളാലറിഞ്ഞാർദ്ര രജനിപോൽ തിരുവരം.

പ്രസന്നാർദ്ര ഭാവമോടുണരുന്നു പൂർണ്ണമായ്
ബ്രഹ്മകമലത്തിലായിന്നുമുപവിഷ്ടയായ്
ചക്ര,ഗദ,യംബുജ,ശംഖുമായ് തൃക്കരം
കാണ്മഭയ സിദ്ധിപ്രദായിനീ ശുഭസ്മിതം.
പകരുനീ,യിരുൾനീക്കിയഭയമാം സുകൃതമാം
ഓം ദേവി സിദ്ധിദാത്രൈ നമഃ പാഹിമാം.

ദുർഗ്ഗാഷ്ടമി,മഹാനവമിതൻ നന്മയാൽ
പുലരുന്നു വിജയദശമിതന്നാർജ്ജവം
നവഭാവ ഭക്ത്യാർദ്ര ഹൃദയങ്ങൾ സാദരം
അറിയുന്നു പാരിൻ പ്രകാശമേ, തൃപ്പദം.

പൂജിച്ചുനേടുന്നുണർവ്വിന്നനുഗ്രഹം
നേദിച്ചിടുന്നാർദ്രഹൃദയങ്ങൾ സാദരം
ദേവീ,വരദായിനീ കാവ്യരൂപിണീ,
കൈതൊഴുന്നേൻ ഹൃദയ കാവലായണയുക......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക