
ചെന്നൈ: ബി.ജെ.പി.യുടെ തമിഴ്നാട് സംസ്ഥാനപ്രസിഡന്റ്സ്ഥാനത്തേക്ക് നടന് ശരത് കുമാറിന്റെ പേരും പരിഗണനയില്. നിലവിലെ പ്രസിഡന്റായ നൈനാര് നാഗേന്ദ്രന് കേന്ദ്രമന്ത്രിസഭയില് അംഗത്വംനല്കിയേക്കും.
2007-ലാണ് ശരത് കുമാര് ഓള് ഇന്ത്യ സമത്വ മക്കള് കച്ചി രൂപവത്കരിച്ചത്. 2011-ല് അണ്ണാ ഡി.എം.കെ. മുന്നണിയില് മത്സരിച്ച് തെങ്കാശിയില്നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016-ല് തിരുച്ചെന്തൂരില്നിന്ന് മത്സരിച്ചെങ്കിലും ഡി.എം.കെ.യിലെ അനിതാ രാധാകൃഷ്ണനോട് പരാജയപ്പെട്ടു. 2021-ല് നടന് കമല്ഹാസന്റെ മക്കള് നീതി മയ്യത്തിന്റെ നേതൃത്വത്തിലുള്ള മുന്നണിയില് അംഗമായി 33 സീറ്റില് മത്സരിച്ചെങ്കിലും ഒന്നില്പ്പോലും വിജയിക്കാനായില്ല. ഒടുവില് 2024 മാര്ച്ചില് ബി.ജെ.പി.യില് ലയിച്ചു.
ബി.ജെ.പി.യിലെത്തിയെങ്കിലും പാര്ട്ടിയുടെ വക്താവായി ശരത് കുമാറിനെ എവിടെയും കാണാറില്ലായിരുന്നു. എന്നാല്, ഇപ്പോള് ബി.ജെ.പി. ഒരു നേതൃത്വപ്രതിസന്ധിയില് അകപ്പെട്ടിരിക്കെ പാര്ട്ടിയെ ശക്തമായ നിലയിലെത്തിക്കുകയെന്ന ഉത്തരവാദിത്വം ശരത് കുമാറിനെ ഏല്പ്പിക്കണമെന്ന രീതിയില് ചര്ച്ചകള് നടക്കുന്നുണ്ട്. മുതിര്ന്ന വനിതാനേതാവായ വാനതി ശ്രീനിവാസനും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.