
മലയാള സിനിമയുടെ ചരിത്രത്തില് തന്നെ വലിയ നേട്ടം കൈവരിച്ച ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില് എത്തിയ 'ദൃശ്യം'. രാജ്യത്തിനകത്തും പുറത്തുമായി ഏറ്റവും കൂടുതല് ഭാഷകളില് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ഈ ക്രൈം ത്രില്ലര് ഫ്രാഞ്ചൈസി. തിയറ്ററില് എത്തിയ ഒന്നും മൂന്നും പതിപ്പുകള് വലിയ സാമ്പത്തിക വിജയം നേടിയെങ്കിലും മൂന്നാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാല് കഥയില് വ്യത്യാസത്തോടെയെത്തിയ ദൃശ്യം 3 ഹിന്ദി റീമേക്ക് ആ ജനപ്രീതി സ്വന്തമാക്കിയിരിക്കുകയാണ്. ആഗോളതലത്തില് 509 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.
ഒക്ടോബര് 2 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ദൃശ്യം 3 ആദ്യ ഷോകള്ക്കിപ്പുറം തന്നെ മികച്ച ചിത്രമെന്ന അഭിപ്രായം നേടിയിരുന്നു. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തില് അജയ് ദേവ്ഗണ് ആണ് നായകന്. മലയാളം പതിപ്പിന്റെ മൂന്നാംഭാഗത്തില്നിന്ന് തീര്ത്തും വ്യത്യസ്തമാണ് 'ദൃശ്യം: ദ കണ്ക്ലൂഷന്'. മലയാളത്തില് ചിത്രത്തിന് നാലാം ഭാഗമുണ്ടാവുമെന്ന സൂചന നിര്മാതാക്കള് നല്കിയിരുന്നു. എന്നാല്, ഹിന്ദിയില് ഫ്രാഞ്ചൈസി അവസാനിപ്പിക്കാന് പോവുകയാണെന്നാണ് നിര്മാതാക്കള് വ്യക്തമാക്കിയത്.
അജയ് ദേവ്ഗണിന് പുറമേ ജയ്ദീപ് അഹ്ലാവത്, പ്രകാശ് രാജ്, തബു, ശ്രിയ ശരണ്, രജത് കപൂര് എന്നിവരും ചിത്രത്തില് പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. അഭിഷേക് പഥക്, ആമില് കിയാന് ഖാന്, പര്വേസ് ഷെയ്ഖ് എന്നിവര് ചേര്ന്ന് എഴുതിയ ചിത്രം നിര്മിച്ചിരിക്കുന്നത് അലോക് ജെയിന്, അജിത് അന്ധാരെ, കുമാര് മംഗത് പഥക്, അഭിഷേക് പഥക് എന്നിവര് ചേര്ന്നാണ്.