Image

റാണി പത്മിനി;സിനിമാക്കഥകളെക്കാൾ ട്വിസ്റ്റുള്ള ദുരന്ത ജീവിതം!: ആർ. ഗോപാലകൃഷ്ണൻ

Published on 16 October, 2026
റാണി പത്മിനി;സിനിമാക്കഥകളെക്കാൾ  ട്വിസ്റ്റുള്ള ദുരന്ത ജീവിതം!: ആർ. ഗോപാലകൃഷ്ണൻ

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ പ്രമുഖ അഭിനേത്രിയായിരുന്ന റാണി പത്മിനി കൊല്ലപ്പെട്ടിട്ട് , 40 ആണ്ട്.... എൺപതുകളിൽ മലയാള സിനിമയിൽ അരങ്ങേറിയ നടി.

സൌന്ദര്യവും സാമാന്യമായ ഒരു അഭിനയ ശേഷിയും കൊണ്ട്‌ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ശ്രദ്ധനേടിയ

താരമായിരുന്നു റാണിപത്മിനി. ഗ്ലാമര്‍ റോളുകളിലൂടെയാണെങ്കിലും കൈ നിറയെ സമ്പത്തും പ്രശസ്തിയുമായി

അഭിനയജീവിതത്തിന്റെ സജീവമായി നില്‍ക്കുമ്പോഴായിരുന്നു റാണി പത്മിനിയെ സ്വന്തം വീട്ടുവേലക്കാര്‍ തന്നെ കൊലപ്പെടുത്തിയത്‌. 1986 ഒക്ടോബര്‍ 15-നായിരുന്നു സിനിമാലോകത്തെതന്നെ

ഞെട്ടിച്ച റാണിയുടെ ദുരൂഹ മരണം. അത്രമേല്‍ ഞെട്ടിക്കുന്നതും അവിശ്വനീയവുമായിരുന്നു

റാണിയുടെ കൊലപാതകം.

മദ്രാസിലെ അന്ന നഗറിൽ ചൗദ്രിയുടേയും (വിശ്വനാഥൻ) തിരുവനന്തപുരത്തുകാരി യായ ഇന്ദിരകുമാരിയുടേയും മകളായി റാണി പത്മിനി ജനിച്ചു. മാതാപിതാക്കൾക്കളുടെ ഏകമകളായിരുന്നു എന്നു ചിലയിടത്തും മറ്റു ചില രേഖകളിൽ അവർക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ടെന്നും കാണുന്നു - ഏതായാലും അവരാരും പൊതു സമൂഹത്തിനു മുന്നിലില്ല.

സിനിമ നടിയാകണമെന്ന്‌ ആഗ്രഹിച്ചെങ്കിലും നടക്കാത്ത ആ ആഗ്രഹം ഇന്ദിര സാധിച്ചത്‌ മകള്‍ റാണി പത്മിനിയിലൂടെയാണ്‌. (ഇന്ദിരാ കുമാരി തിരുവനന്തപുരത്തെ ഒരു ധനിക കുടുംബത്തിലെ പുത്രിയായിരുന്നു വെന്നും കുടുംബത്തെ ധിക്കരിച്ച് സിനിമാ മോഹവുമായി കോടമ്പാക്കത്ത് എത്തി ഏകയായി ജീവിച്ചു എന്ന് തിക്കുറുശ്ശിയുടെ ഒരു കുറിപ്പിൽ ഉണ്ട് ) റാണി പത്മിനിയുടെ പിതാവ് ചൗദ്രിയെക്കുറിച്ചു കൂടുതൽ ഒന്നും കേട്ടില്ല.

1981-ല്‍ മോഹനൻ്റെ 'കഥയറിയാതെ'

(റിലീസ് 1981 മാർച്ച് 12) എന്ന ചിത്രത്തിലൂടെയായിരുന്നു റാണിയുടെ സിനിമാ രംഗപ്രവേശനം. തൊട്ടു പിന്നാലെ പി.ജി. വിശ്വംഭരൻ്റെ 'സംഘർഷം'വും

(റിലീസ്: 1981 ജൂലൈ 31) ഇറങ്ങി.

ആദ്യ സിനിമ 'അനുരക്തെ' എന്ന കന്നഡ സിനിമയിൽ ആണെന്നും കേട്ടിട്ടുണ്ട് (1980). ഏതായാലും 1981-ൽ എന്ന വർഷം തന്നെ നാലു സിനിമകളിൽ കൂടി സാമാന്യം ഭേദപ്പെട്ട റോളുകൾ റാണി പത്മിനിക്കു കിട്ടുകയും ചെയ്തു: 'തേനും വയമ്പും'; 'താറാവ്'; 'പറങ്കിമല'; 'തുഷാരം' . 'തുഷാരം' എന്ന സിനിമയിലൂടെ റാണി പത്മിനി തിരക്കുള്ള നടിയാക്കി എന്നു തന്നെ പറയാം... ജേസി; മോഹൻ; ഐ വി ശശി; ഭരതൻ; ഹരിഹരൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമയിൽ റാണിക്ക് റോളുകൾ കിട്ടി. 'തുഷാരം' (1981) 'പറങ്കിമല' (1981), 'ശരം' (1982), 'കിളികൊഞ്ചൽ' (1984), 'കനവുഗൽ കർപനഗൽ' (1982) തുടങ്ങിയ സിനിമകളിൽ അവർ പ്രധാന വേഷങ്ങളിൽ വിജയകരമായി അഭിനയിക്കുകയും ചെയ്തു.

എന്നാൽ, ഈ ഉയർച്ച നിലനിർത്താൻ അവർക്കു കഴിഞ്ഞില്ലെന്നു പറയാം. അതല്ലങ്കിൽ, പ്രൊഫഷണൽ മാനേജിമെന്റിൽ വന്ന തെറ്റാണോ എന്നു പറയാനാകില്ല; അതോ പണത്തിനും പ്രസിദ്ധിക്കുമായി എന്തും ചെയുമെന്ന നിലപാടോ എന്നും സംശയമുണ്ട്... കുറെ നല്ല വേഷങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും റാണി പിന്നീട് ശ്രദ്ധിക്കപ്പെട്ടത് അവരുടെ സെക്സി ഇമേജിലൂടെയാണ്‌. അമ്മ ഇന്ദിരാ മകളെ അത്തരം വേഷങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചു എന്നും സിനിമയുടെ പിന്നാമ്പുറക്കഥകളിൽ കേട്ടിട്ടുണ്ട്.

ഹിന്ദിയുടെ ഗ്ലാമറിൽ പയറ്റാനായി ബോംബൈയില്‍ എത്തിയെങ്കിലും അതും വിജയച്ചില്ല; അതുകൊണ്ട്‌ ബോംബെ വിട്ട്‌ വീണ്ടും മദ്രാസിലെത്തിയ റാണി വലിയൊരു ബംഗ്ലാവ്‌ വാടകയ്ക്കെടുത്ത്‌ താമസം ആരംഭിച്ചു. ഇവിടേക്ക്‌ ഡ്രൈവര്‍, കുക്ക്‌, വാച്ച്മാൻ എന്നിവരെ ആവശ്യമുണ്ടെന്ന്‌ പത്രത്തില്‍ ഇന്ദിരയും റാണിയും പരസ്യം നല്‍കി. ഇത്‌ കണ്ടാണ്‌ ഡ്രൈവര്‍ ജോലിയിലേക്ക്‌ 'ജബരാജ്‌' എത്തുന്നത്‌; ജബരാജ്‌ എത്തി ഒരു മാസം കഴിഞ്ഞപ്പോള്‍ വാച്ച്മാനായി നരസിംഹന്‍ എന്ന ആളുമെത്തി. ജബരാജ്‌ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും അതിലുപരി ജബരാജും നരസിംഹനും സുഹൃത്തുക്കളാണ്‌ എന്നതും അമ്മക്കും മകളക്കും അജ്ഞാതമായ കാര്യമായിരുന്നു. ഇവരെ കൂടാതെ ഗണേശന എന്ന പാചകക്കാരനും ഇതിനോടകം റാണിയുടെ ബംഗ്ലാവിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.

ഒരിക്കല്‍ റാണിയെ കടന്നുപിടിക്കാൻ ശ്രമിച്ച ജെബരാജിനെ റാണി പൊതിരെ തല്ലുകയും അപ്പോള തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. ഇതാണ്‌ റാണിയെ കൊല്ലുക എന്ന ക്രൂരകൃത്യത്തിന്‌ അയാളെ പ്രേരിപ്പിച്ചത്‌. ഇതിനിടെ വാടകയ്ക്ക്‌ താമസിച്ചിരുന്ന ബംഗ്ലാവ്‌ വിലക്കു വാങ്ങിയാൽ കൊള്ളാമെന്നൊരു ആഗ്രഹം റാണിയിലുണ്ടായി. അതിനായി വലിയ ഒരു സംഖ്യ വീട്ടില്‍ റാണി സൂക്ഷിച്ചു. ഈ വിവരമറിഞ്ഞ ജബരാജ്‌ ഈ പണം എങ്ങനെയും കൈക്കലാക്കണമെന്ന്‌ മോഹിച്ചു. ഇതിനായി നരസിംഹനെയും ഗണേശനെയും കൂടെ കൂട്ടി. പണത്തിനായി അമ്മയെയും മകളെയും കൊലപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടു.

എന്തോ ആവശ്യത്തിന്‌ റാണി അടുക്കളയിലേക്ക്‌ പോയ സമയത്ത്‌ ഇന്ദിരയെ കഠാര കൊണ്ട്‌ തുരുതുരെ

കുത്തിവിഴ്ത്തി. അമ്മയുടെ അലര്‍ച്ച കേട്ട്‌ ഓടിയെത്തിയ റാണി കണ്ടത്‌ കഴുത്തിലും വയറിലും കുത്തേറ്റ്‌ ചോരയില കുളിച്ചുകിടന്ന അമ്മയെയാണ്‌. അപകടം മനസ്സിലാക്കി മുകളിലേക്ക്‌ ഓടിരക്ഷപ്പെടാൻ ശ്രമിച്ച റാണിയെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം 15 ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങളും, 10,000 രൂപയും മൂന്നായി ഭാഗം വച്ചശേഷം പ്രതികൾ മൂന്നുവഴിക്ക്‌ മുങ്ങി. (അക്കാലത്ത് ആ തുക സാമ്മാന്യം വലിയ തുക തന്നെയാണ്.)

അയല്‍ക്കാരുമായോ ബന്ധുക്കളുമായോ യാതൊരു സമ്പര്‍ക്കവും ഇല്ലാത്തതിനാല്‍ റാണിയും ഇന്ദിരയും മരിച്ചത്‌ ആരുമറിഞ്ഞില്ല. അഞ്ചുദിവസം കഴിഞ്ഞ്‌ ബംഗ്ലാവ്‌ വാങ്ങുന്ന കാര്യം സംസാരിക്കാന്‍ ഇവരുടെ വീട്ടിലെത്തിയ ബ്രോക്കറാണ്‌ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുന്നത്‌ ശ്രദ്ധിച്ചത്‌. വീട്ടിനുള്ളില്‍ കടന്ന ബ്രോക്കല്‍ കുളിമുറിയില്‍ നോക്കിയപ്പോള്‍ കണ്ടത്‌ ചത്തുവീര്‍ത്ത ശവങ്ങളെയാണ്‌. ബ്രോക്കര്‍ പോലീസിലറിയിച്ചു. രണ്ട്‌ പേരുടെയും ജഡങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആരും എത്തിയതുമില്ല. മോർച്ചറിയില നിന്നും മൃതദേഹങ്ങള ചലച്ചിത്ര പരിഷത്ത്‌ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.

അന്വേഷണത്തിൽ റാണി പത്മിനിയുടെ ഡ്രൈവറേയും വീട്ടുജോലിക്കാരനേയും വാച്ചറേയും പോലീസ് അറസ്റ്റു ചെയ്തു. മൂന്നര വർഷത്തെ വിചാരണയ്ക്കൊടുവിൽ പ്രധാന പ്രതികളെയെല്ലാം വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ സിനിമാലോകത്തെ ചിലരാണ്‌ ഇതിന്റെ പിന്നിലെന്നും ജബരാജ്‌ ഈ യഥാർത്ഥ പ്രതികളുടെ കൂടി കുറ്റം സ്വയമേറ്റതാണെന്നും ഉള്ള ഉപകഥയും (പതിവുപോലെ) പ്രചരിച്ചിരുന്നു. (ആ വധശിക്ഷ നടപ്പായില്ലെന്നും പ്രധാന പ്രതി തടവുചാടിയെന്നും ഒരിക്കൽ കേട്ടിരുന്നു; ശരിയാണോയെന്ന് നിശ്ചയമില്ല.)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക