
വാഹനാപകടത്തില് മരിച്ച കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര് ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല് നഷ്ടപരിഹാര തുക വിധിച്ചതിന് പിന്നാലെ സോഷ്യല് മീഡിയയില് ഉയര്ന്ന വ്യാജ പ്രചാരണങ്ങള്ക്കും സൈബര് ആക്രമണങ്ങള്ക്കും എതിരെ രൂക്ഷമായ പ്രതികരണവുമായി രേണു സുധി. സുധിയുമായുള്ള വിവാഹം രജിസ്റ്റര് ചെയ്തിട്ടില്ലെന്നും അതിനാല് നഷ്ടപരിഹാരം ലഭിക്കില്ലെന്നുമുള്ള തരത്തില് ചില വ്ലോഗര്മാരും യൂട്യൂബര്മാരും നടത്തുന്ന വ്യാജ പ്രചാരണങ്ങള്ക്കാണ് രേണു വീഡിയോയിലൂടെ വ്യക്തമായ മറുപടി നല്കിയിരിക്കുന്നത്.
കോടതി എല്ലാ ഔദ്യോഗിക രേഖകളും വിശദമായി പരിശോധിച്ചാണ് നഷ്ടപരിഹാര തുക വിധിച്ചിരിക്കുന്നതെന്നും അല്ലാതെ ആരും വ്യാജ സര്ട്ടിഫിക്കറ്റുകള് ഉണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടില്ലെന്നും രേണു വ്യക്തമാക്കി. തീയതിയുമായി ബന്ധപ്പെട്ട് തനിക്ക് പറ്റിയ ചെറിയൊരു നാക്കിന്റെ പിഴയാണ് ചിലര് വിവാദമാക്കിയതെന്നും രേണു സുധി കൂട്ടിച്ചേര്ത്തു.
രേണു സുധിയുടെ വാക്കുകള്: 'കാന്സര് വന്ന ശേഷം എനിക്ക് ചെറിയൊരു ഓര്മക്കുറവുണ്ട്. സംസാരത്തിനിടെ വിവാഹ വര്ഷം 2018 എന്നതിന് പകരം 2017 എന്ന് മാറിപ്പോയത് എന്റെ നാവിന്റെ പിഴയാണ്. അത് വച്ച് ചിലര് മോശമായ കാര്യങ്ങള് പ്രചരിപ്പിക്കുന്നുണ്ട്. സംശയമുള്ളവര്ക്ക് ചങ്ങനാശേരി തെങ്ങണ സബ് രജിസ്ട്രാര് ഓഫീസില് നേരിട്ട് പോയി രേഖകള് പരിശോധിക്കാവുന്നതാണ്. 2018 മെയ് ഏഴിനാണ് സുധീരദാസും രേഷ്മാ പി. തങ്കച്ചനും (രേണു സുധി) തമ്മിലുള്ള വിവാഹം അവിടെ രജിസ്റ്റര് ചെയ്തിട്ടുള്ളത്. അത് വന്ന് കണ്ട് ബോധ്യപ്പെടാന് ധൈര്യമുള്ളവര്ക്ക് സാധിക്കും.'
ഒരു രോഗിയായ തന്നെ നിരന്തരം വേട്ടയാടുന്ന ചില വ്ലോഗര്മാരുടെ പ്രവൃത്തിയെയും രേണു കടുത്ത ഭാഷയില് വിമര്ശിച്ചു. തനിക്ക് പണമോ നഷ്ടപരിഹാരമോ ലഭിക്കുന്നതിനേക്കാള് വലുത് സുധിച്ചേട്ടന്റെ സ്നേഹമാണെന്നും കിട്ടിയാല് കിട്ടി, ഇല്ലെങ്കില് ഇല്ല എന്ന നിലപാടിലാണ് താനെന്നും രേണു സുധി വ്യക്തമാക്കി. വ്യാജ വാര്ത്തകള് പ്രചരിപ്പിച്ച് ഒരു മനുഷ്യനെ മാനസികമായി തകര്ക്കാന് നോക്കുന്നത് ശരിയല്ലെന്നും രേണു ഓര്മിപ്പിച്ചു.