Image

'ബബിത ബൈജു കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളില്‍ എത്തും'; ബിജു മേനോന്റെ ആ പഴയ പ്രവചനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Published on 15 October, 2026
 'ബബിത ബൈജു കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളില്‍ എത്തും'; ബിജു മേനോന്റെ ആ പഴയ പ്രവചനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

 

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവനായികമാരില്‍ ഒരാളാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് തമിഴിലും മലയാളത്തിലുമെല്ലാം തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് താരം. ഇതിനിടെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഒരു സിനിമയിലെ ബിജു മേനോന്റെ ഡയലോഗ് യാഥാര്‍ഥ്യമായതുപോലെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയും സിനിമാപ്രേമികളും.

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത് 2017-ല്‍ റിലീസ് ചെയ്ത 'രക്ഷാധികാരി ബൈജു-ഓപ്പ്' എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ ട്രോളന്മാരും ആരാധകരും ചര്‍ച്ചയാക്കുന്നത്. ചിത്രത്തില്‍ ബിജു മേനോന്റെ കഥാപാത്രമായ ബൈജുവിന്റെ മകളുടെ പേര് 'ബബിത ബൈജു' എന്നാണ്. സിനിമയിലെ ഒരു രംഗത്തില്‍ മകളോട് സംസാരിക്കുന്നതിനിടെ, 'ബബിത ബൈജു, കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും' എന്ന് ബിജു മേനോന്‍ പറയുന്നുണ്ട്. ഈ പഴയ രംഗമാണ് ഇന്ന് മമിത ബൈജുവിന്റെ കരിയര്‍ വളര്‍ച്ചയുമായി ചേര്‍ത്ത് ആരാധകര്‍ ആഘോഷമാക്കുന്നത്. പേരിലെ സാമ്യവും സിനിമയിലെ ആ കഥാപാത്രത്തിന്റെ സര്‍നെയിമും യാദൃശ്ചികമായി മമിതയുടെ യഥാര്‍ഥ പേരുമായി ഒത്തുവന്നതാണ് കൗതുകത്തിന് കാരണം. നക്ഷത്ര മനോജ് എന്ന ബാലതാരമാണ് ചിത്രത്തില്‍ ബബിതയായി വേഷമിട്ടത്.

യഥാര്‍ഥത്തില്‍ മമിതയുടെ വീട്ടുകാര്‍ നല്‍കിയ പേര് നമിത എന്നായിരുന്നു. ചെറിയൊരു അശ്രദ്ധ മൂലം നമിത എന്നത് മമിതയായി മാറുകയായിരുന്നു. പിന്നീട് ആ പേര് മാറ്റാന്‍ വീട്ടുകാര്‍ തയാറായില്ല. സിനിമയിലേക്ക് എത്തിയപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നമിത എന്ന പേരില്‍ മറ്റൊരു നായികയുണ്ടായിരുന്നതിനാല്‍, ഈ അബദ്ധത്തില്‍ സംഭവിച്ച പേര് മമിതയ്ക്ക് കരിയറില്‍ വലിയ അനുഗ്രഹമായി മാറുകയും ചെയ്തു.

കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ മമിത ബൈജു ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരമാണ്. വിജയ്യുടെ കൂടെ ജനനായകനിലും സൂര്യയുടെ നായികയായി വിശ്വനാഥ് ആന്‍ഡ് സണ്‍സിലും അഭിനയിച്ച് തമിഴിലും ആരാധകരെക്കൂട്ടി. നിവിന്‍ പോളി ചിത്രമായ ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ ഇപ്പോള്‍ വീണ്ടും തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് താരം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക