
മലയാള ചലച്ചിത്ര ഗാന രചനയിൽ തന്റേതായ ഒരിടം സൃഷ്ടിച്ച് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാകുകയാണ് തിരുവനന്തപുരം സ്വദേശി ഡോ. ലിയോൺ സൈമൺ.

ചെറുകഥകളിലൂടെയും നർമം കലർന്ന സോഷ്യൽ മീഡിയ കുറിപ്പുകളിലൂടെയും അക്ഷരങ്ങളുടെ ലോകത്ത് സഞ്ചരിച്ചു കൊണ്ടിരുന്ന സൈമൺ സ്വപ്നത്തിൽ പോലും കരുതിയില്ല താൻ പ്രശസ്ത ഗായകർക്കുവേണ്ടി വരികൾ എഴുതുമെന്ന്. എല്ലാം ദൈവത്തിന്റെ അനുഗ്രഹമായി കരുതുകയാണ് അഞ്ചുതെങ്ങ് കോട്ടയ്ക്കു സമീപം ജോർജ്ജ് സൈമൺ - കസ്തൂലസൈമൺ ദമ്പതികളുടെ എട്ടു മക്കളിൽ ആറാമനായി ജനിച്ച ഡോ. ലിയോൺ സൈമൺ.
ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മകനും പ്രശസ്ത ഗായകനുമായ എസ്.പി ചരൺ ആദ്യമായി മലയാളത്തിൽ ആലപിച്ച യുഗ്മ ഗാനത്തിന്റെ രചന നിർവ്വഹിച്ചതും ഡോ. ലിയോൺ സൈമണാണ്.
ഉടനെ തിയേറ്ററിൽ എത്തുന്ന വിട പറയാതെ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനം എഴുതിയത്. പ്രശസ്ത ഗായിക മാതംഗി അജിത്കുമാറും എസ്.പി ചരണുമാണ് ആലപിച്ചത്.

ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തുന്ന കുട്ടികളുടെ കഥപറയുന്ന കുസൃതികൾ എന്ന ചിത്രത്തിനായി അഞ്ച് ഗാനങ്ങൾ രചിച്ചതും ഡോ. ലിയോൺ സൈമണാണ്.
മുംബൈയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യത്തിനായി ഗുജറാത്തിലെ വഡോദരയിൽ എത്തിയപ്പോഴാണ് ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചിരുന്ന കൺസ്ട്രക്ഷൻ മാനേജർ വിനീതിന്റെ നിർബന്ധത്തിനു വഴങ്ങി ആദ്യമായി ഒരു ക്രിസ്തീയ ഗാനം എഴുതുന്നത്. ആ എഴുത്തിലൂടെയാണ് ഗാന രചനാ രംഗത്തേക്ക് എത്തുന്നത്.
നിരവധി ക്രിസ്തീയ ഗാനങ്ങൾ, ആൽബംങ്ങൾ അങ്ങിനെ ജോലി തിരക്കിനിടയിലും എഴുത്തിനായി സമയം കണ്ടെത്തി.

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര, പി.ജയചന്ദ്രൻ ,എസ്. പി ചരൺ , സുദീപ് കുമാർ ,വിദ്യാധരൻ മാസ്റ്റർ തുടങ്ങി മലയാള സംഗീത ലോകത്തിലെ പ്രശസ്തരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതും ഒരു ഭാഗ്യമായി ഡോ. ലിയോൺ സൈമൺ കരുതുന്നു.
ഗാനരചന രംഗത്ത് ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.

വിദേശത്ത് പ്രോജക്ട് കൺട്രോൾ പ്രൊഫഷണൽ , ഗവേഷകൻ, വാസ്തുവിദഗ്ധൻ, എ.ഐ സ്പെഷ്യലിസ്റ്റ്, സോഫ്റ്റ് വെയർ ഡെവലപ്പർ എന്നിവയ്ക്ക് പുറമെ ഗാനരചയിതാവ് എന്ന മേൽവിലാസവും ഡോ. ലിയോൺ സൈമണുണ്ട്. ഭാര്യ സുജ ലിയോണും കോളേജ് വിദ്യാർഥികളായ വർഷയും ഹർഷയും പ്രോത്സാഹനവും കരുത്തുമായി കൂടെയുണ്ട്.
പ്രൊഫഷണൽ രംഗത്തെ കൃത്യതയും കലാരംഗത്തെ സർഗാത്മകതയും ഒരേ സമയം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നതാണ് ഡോ. ലിയോൺ സൈമണിന്റെ പ്രത്യേകത.