Image

ആസിഫ് അലി-ജിസ് ജോയ് കൂട്ടുകെട്ടില്‍ 'കോട്ടയം ബെല്‍റ്റ്' ചിത്രീകരണം പൂര്‍ത്തിയായി

Published on 14 October, 2026
 ആസിഫ് അലി-ജിസ് ജോയ് കൂട്ടുകെട്ടില്‍ 'കോട്ടയം ബെല്‍റ്റ്' ചിത്രീകരണം പൂര്‍ത്തിയായി

 

ആസിഫ് അലിയും സംവിധായകന്‍ ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്ന 'കോട്ടയം ബെല്‍റ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഇരുവരുടെയും ആറാം വരവിലൊരുങ്ങുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലര്‍ ജോണറിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഷൂട്ടിംഗ് പാക്കപ്പ് ആയ വിവരം അറിയിച്ചത്.

നാല് സഹോദരങ്ങളുടെ ജീവിതകഥയും അവരുടെ ജീവിതത്തിലെ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങള്‍ക്കും അധികാരപ്പോരാട്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ത്രില്ലറിന്റെ ചടുലതയോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ സിനിമ പ്രേമികളുടെ ഇടയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയിട്ടുള്ള ചിത്രത്തിന്റെ വിതരണാവകാശം ഐ.എം.പി. ഫിലിംസിനാണ് ലഭിച്ചിരിക്കുന്നത്.

ആസിഫ് അലിക്കൊപ്പം പ്രമുഖരായ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, ഷൈന്‍ ടോം ചാക്കോ, ബോബി കുര്യന്‍, വിഷ്ണു അഗസ്ത്യ, അലന്‍സിയര്‍, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പില്‍ അശോകന്‍, രഞ്ജിത്ത് ശേഖര്‍, ജിയോ ബേബി, രഞ്ജി പണിക്കര്‍, വിജയ് സത്യ (പശുപതി), മഹേന്ദ്ര തുടങ്ങി നീണ്ട നിരയാണ് ചിത്രത്തിലുള്ളത്. കൂടാതെ ശ്രുതി രാമചന്ദ്രന്‍, ശരണ്യ രാമചന്ദ്രന്‍, സാന്ദ്ര ചന്ദ്രന്‍, എയ്ക ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'1983', 'ക്വീന്‍', 'കാണെക്കാണെ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ നിര്‍മാതാവായ ടി.ആര്‍. ഷംസുദ്ദീനും വേണു ഗോപാലകൃഷ്ണനും ചേര്‍ന്നാണ് 'കോട്ടയം ബെല്‍റ്റ്' നിര്‍മിക്കുന്നത്. ഡ്രീം ക്യാച്ചര്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. സുരേഷ് ഗോപാലന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. ബോബി ആന്‍ഡ് സഞ്ജയ് ടീം ചിത്രത്തിന് ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ നല്‍കുന്നു.

സംഗീതം: ഗോവിന്ദ് വസന്ത, ഛായാഗ്രഹണം: ബിനേന്ദ്ര മേനോന്‍, ചിത്രസംയോജനം: ഇ.എസ്. സൂരജ്, കലാസംവിധാനം: അജയന്‍ മങ്ങാട്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സുധി കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സാഗര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക