
വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ആരാധകരുമായി വിശേഷങ്ങള് പങ്കുവച്ച് നടി അഹാന കൃഷ്ണ. യുവ ഛായാഗ്രാഹകന് നിമിഷ് രവിയുമായുള്ള വിവാഹത്തിന്റെ മുഴുവന് വിശേഷങ്ങളും ഉള്ക്കൊള്ളിച്ചുകൊണ്ടുള്ള വിവാഹ ഡോക്യുമെന്ററി താരം പുറത്തുവിട്ടു. 'കോര് മെമ്മറി' എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബര് 13-നായിരുന്നു കോവളം താജ് റിസോര്ട്ടില് വച്ച് ഇരുവരുടെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില് സിനിമ മേഖലയില് നിന്ന് ദുല്ഖര് സല്മാന്, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാര്, ജേക്സ് ബിജോയ്, ഡൊമിനിക് അരുണ് തുടങ്ങിയ പ്രമുഖര് എത്തിയിരുന്നു.
വിവാഹത്തിന് മാസങ്ങള്ക്ക് മുമ്പ് തുടങ്ങിയ തയാറെടുപ്പുകള് കാണിച്ചുകൊണ്ടാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. ചടങ്ങിനായി അഹാന ഒരുക്കിയ സര്പ്രൈസുകളുടെ പിന്നിലെ കൃത്യമായ പ്ലാനിംഗും ഇതില് വ്യക്തമാക്കുന്നുണ്ട്. വിവാഹവേദിയിലേക്ക് വള്ളത്തില് വന്നിറങ്ങുന്ന അഹാനയുടെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വലിയ രീതിയില് ചര്ച്ച ചെയ്യപ്പെട്ടിരുന്നു.
ചുവപ്പും സ്വര്ണക്കസവോടുകൂടിയ ബോര്ഡറുള്ള പരമ്പരാഗത വിവാഹസാരിയിലും ട്രെഡീഷണല് ആഭരണങ്ങളിലുമാണ് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടിലായിരുന്നു നിമിഷ് രവിയുടെ വിവാഹവേഷം. വിവാഹത്തിന്റെ ഓരോ നിമിഷങ്ങളും കോര്ത്തിണക്കിയുള്ള ഈ മനോഹരമായ വീഡിയോ ഇതിനോടകം ആരാധകര്ക്കിടയില് തരംഗമായിക്കഴിഞ്ഞു.