
നെടുമ്പാശേരിയില് മിനി കൂപ്പര് കാറിടിച്ച് മൂന്നുപേര് കൊല്ലപ്പെട്ട സംഭവത്തില് സംവിധായകനും നടനുമായ മേജര് രവി പ്രതികരിച്ചു. അമിതവേഗത്തിലും മദ്യപിച്ചും അപകടമുണ്ടാക്കിയിട്ടും യാതൊരു കുറ്റബോധവുമില്ലാതെ 'ഇതൊക്കെ എന്റെ വാപ്പ നോക്കിക്കൊള്ളും' എന്ന് പ്രതി പറയുന്ന മനോഭാവം സങ്കടകരവും ദേഷ്യമുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പണത്തിന്റെ അഹങ്കാരം കാണിച്ച് ഉണ്ടാക്കിയ കാശ്, റോഡിലിറങ്ങി പാവപ്പെട്ട മനുഷ്യരെ കൊല്ലാനുള്ള ലൈസന്സ് ആക്കി മക്കള്ക്ക് നല്കരുതെന്ന് അദ്ദേഹം ഓര്മിപ്പിച്ചു.
മേജര് രവിയുടെ വാക്കുകളില് നിന്ന്: 'അപകടം വരുത്തിവച്ചതിനു ശേഷവും ആ പയ്യന് യാതൊരു കുറ്റബോധവുമില്ലാതെ 'ഇതൊക്കെ എന്റെ വാപ്പ നോക്കിക്കൊള്ളും' എന്നാണ് പറയുന്നത്. നമ്മളൊക്കെ വണ്ടി ഓടിക്കുമ്പോള് അബദ്ധത്തില് ആരുടെയെങ്കിലും ശരീരത്തില് ഒന്ന് തട്ടിയാല് പോലും അന്ന് രാത്രി ഉറങ്ങാന് സാധിക്കാത്ത മനുഷ്യരാണ്. മക്കളെ സ്നേഹിച്ചു വളര്ത്താം, എന്നാല് മക്കള് ചോദിക്കുന്നതെല്ലാം വാങ്ങി കൊടുത്തില്ലെങ്കില് അവര് ആത്മഹത്യ ചെയ്യുമെന്ന് ഭയന്ന് അച്ചടക്കമില്ലാതെ വളര്ത്തിയാല്, ഒടുവില് ബലിയാടാകുന്നത് സമൂഹത്തിലെ നിരപരാധികളാണ്. 22 വയസുള്ള രണ്ട് പെണ്കുട്ടികളും ഒരു ആണ്കുട്ടിയുമാണ് അവിടെ മരിച്ചു വീണത്. പണത്തിന്റെ അഹങ്കാരം കാണിച്ച് ഉണ്ടാക്കിയ കാശ് റോട്ടിലിറങ്ങി പാവപ്പെട്ട മനുഷ്യരെ കൊല്ലാനുള്ള ലൈസന്സ് ആക്കി മക്കള്ക്ക് കൊടുക്കരുത്. പണമുണ്ടെങ്കില് മക്കളെ നല്ല മനുഷ്യരായി വളര്ത്താന് പഠിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ 18-ഓ 19-ഓ വയസില് മദ്യപിച്ച് ഷാപ്പുകള് തോറും കയറിയിറങ്ങുന്ന മക്കളെ നമ്മുടെ സമൂഹം ഒരു കാലത്തും അംഗീകരിക്കില്ല'.