
മലയാളത്തിലും മറ്റ് ഭാഷകളിലും ക്ലാസിക് ചിത്രങ്ങളുടെ റീ-റിലീസ് ട്രെന്ഡ് തുടരുമ്പോള് ആരാധകര്ക്ക് ആവേശമായി തെലുങ്കില് നിന്നും മറ്റൊരു ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തുന്നു. പ്രഭാസിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച ആക്ഷന് ചിത്രം ഛത്രപതിയാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്.
2005-ല് പുറത്തിറങ്ങി വന് വിജയം നേടിയ ഈ ചിത്രം, രണ്ട് പതിറ്റാണ്ടുകള്ക്ക് ശേഷമാണ് ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. പ്രഭാസിന്റെ പിറന്നാള് സമ്മാനമായി ഒക്ടോബര് 23-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില് റീ-റിലീസ് ചെയ്യുന്നത്. റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ 4K റീ-റിലീസ് ട്രെയിലര് അണിയറപ്രവര്ത്തകര് പുറത്തുവിട്ടു.
ഭാനുപ്രിയ, ശ്രിയ ശരണ്, പ്രദീപ് റാവത്ത്, കോട്ട ശ്രീനിവാസ റാവു, സുപ്രീത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ശ്രീ വെങ്കടേശ്വര സിനി ചിത്രയുടെ ബാനറില് ബി.വി.എസ്.എന്. പ്രസാദാണ് നിര്മാണം. എം.എം. കീരവാണി സംഗീതവും കെ.കെ. സെന്തില് കുമാര് ഛായാഗ്രഹണവും നിര്വഹിച്ചിരിക്കുന്നു.
ഒരു ശ്രീലങ്കന് അഭയാര്ഥിയാണ് ചിത്രത്തില് പ്രഭാസ് അവതരിപ്പിച്ച ശിവജി. 2005 സെപ്റ്റംബര് 29 ന് തിയറ്ററുകളില് എത്തിയ ചിത്രം വലിയ പ്രേക്ഷകപ്രീതിയും സാമ്പത്തിക വിജയവും നേടിയിരുന്നു. പുതിയ സാങ്കേതിക തികവോടെ 4K ദൃശ്യ മികവിലാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നത്. റീ റിലീസിലും ചിത്രം കാണികളെ നേടും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്ത്തകര്.