
സിനിമ പ്രേമികളും ആരാധകരും ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ജയിലര് 2 . ചിത്രത്തിലെ നായകന് രജിനികാന്താണെങ്കിലും മലയാളികളും ഒരു വിഭാഗം ഓഡിയന്സും കാത്തിരിക്കുന്നത് മോഹന്ലാലിന്റെ കഥാപാത്രത്തിനായാണ്. ചിത്രത്തിന്റെ ട്രെയ്ലറില് സെക്കന്ഡ് നേരത്തേക്കാണ് ലാലേട്ടന് പ്രത്യക്ഷപ്പെടുന്നതെങ്കിലും യൂട്യൂബിലെ കമന്റ് ബോക്സ് മുഴുവന് മോഹന്ലാല് ആരാധകര് കൈയടക്കിയിരുന്നു.ഇപ്പോഴിതാ സിനിമയിലെ ലാലേട്ടന്റെ എന്ട്രിയില് വരുന്ന പാട്ടിനെക്കുറിച്ചുള്ള റിപ്പോര്ട്ടുകളാണ് ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്.
1997 ല് ഐ വി ശശിയുടെ സംവിധാനത്തില് മോഹന്ലാല് തകര്ത്താടിയ വര്ണപ്പകിട്ട് സിനിമയിലെ പാട്ടിലായിരിക്കും ജയിലറില് മാത്യുവിന്റെ എന്ട്രി ഗാനം എന്നാണ് സോഷ്യല് മീഡിയയില് വരുന്ന റിപ്പോര്ട്ടുകള്. സിനിമയുടെ കേരള ബുക്കിംഗ് പങ്കുവെച്ച പോസ്റ്ററിലും ഈ സിനിമയിലെ 'ഒക്കേല ഒക്കേല' എന്ന ഗാനമാണ് ഇട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സോഷ്യല് മീഡിയയില് അഭ്യൂഹങ്ങള് പരന്നത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള് ഒന്നും പങ്കുവെച്ചിട്ടില്ല.
അതേസമയം, ജയിലര് ബുക്കിംഗ് തുടങ്ങി നിമിഷങ്ങള്കൊണ്ടാണ് ടിക്കറ്റുകള് വിറ്റ് പോകുന്നത്. ബുക്ക് മൈ ഷോ ആപ്പ് ഹാങ്ങായ അവസ്ഥയാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറില് 30,000ലധികം ടിക്കറ്റുകളാണ് വിറ്റ് പോയത്. ആദ്യ ദിനം തന്നെ ഒരു മികച്ച ഓപ്പണിങ് ആയിരിക്കും ചിത്രം നേടുക എന്നതില് സംശയമില്ല. ഇന്ത്യന് സിനിമയിലെ തന്നെ നിരവധി സൂപ്പര്താരങ്ങള് ചിത്രത്തില് അണിനിരക്കുന്നതിനാല് ജയിലര് 2വിന് അമിത പ്രതീക്ഷയാണ് ആരാധകര് നല്കുന്നത്.
ശിവരാജ്കുമാര്, ജാക്കി ഷെറോഫ് അതിഥി വേഷത്തില് ഹൃതിക് റോഷന് വരെ ഉണ്ടാകുമെന്നാണ് റിപ്പോര്ട്ടുകള്. മലയാള നടന്മാരായ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്, ഹക്കിം ഷാജഹാന് എന്നിവരും ചിത്രത്തില് പ്രധാന വേഷം ചെയ്യുന്നുണ്ട്.
2023ല് പുറത്തിറങ്ങി വലിയ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗം ഒക്ടോബര് 15ന് തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കര്ണാടകത്തിലും വമ്പന് റിലീസായി പ്രദര്ശനത്തിനെത്തിക്കുന്നത്. എസ് ജെ സൂര്യ, വിദ്യ ബാലന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്. മിഥുന് ചക്രവര്ത്തി, യോഗി ബാബു എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട് ഇവരുടെ ക്യാരക്ടര് വീഡിയോ നേരത്തെ തന്നെ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.