Image

സൗദി-പാക്-തുർക്കി പ്രതിരോധ സഖ്യത്തിനെതിരെ ഇറാൻ; യമനിൽ ഇടപെടരുതെന്ന് മുന്നറിയിപ്പ്

Published on 11 October, 2026
സൗദി-പാക്-തുർക്കി പ്രതിരോധ സഖ്യത്തിനെതിരെ ഇറാൻ; യമനിൽ ഇടപെടരുതെന്ന് മുന്നറിയിപ്പ്

 സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട പ്രതിരോധ സഖ്യം പ്രവർത്തനസജ്ജമായതിനു പിന്നാലെ ശക്തമായ വിമർശനവുമായി ഇറാൻ. യെമനിലെ സംഘർഷത്തിൽ ഇടപെടുന്നത് മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഒക്ടോബർ അഞ്ചിനാണ് സഖ്യം പ്രവർത്തനഘട്ടത്തിലേക്ക് കടന്നതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. സൗദിയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഹൂതി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് നീക്കം. സൗദിയെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പാകിസ്ഥാനും തുർക്കിയും അറിയിച്ചിട്ടുണ്ട്.

സൗദിയിലേക്ക് പതിനായിരക്കണക്കിന് പാക് സൈനികരെ വിന്യസിച്ചേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി, ഈ വാർത്തകൾ ശരിയാകില്ലെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു. യെമൻ വിഷയത്തിൽ സൈനിക ഇടപെടൽ ഉണ്ടായാൽ മേഖലയ്ക്ക് അത് ദോഷകരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മക്ക കരാർ ഉൾപ്പെടെയുള്ള ധാരണകൾ മുസ്‌ലിം സമൂഹത്തിന്റെ താൽപര്യങ്ങൾക്ക് എതിരായി ഉപയോഗിക്കരുതെന്നും ബഖായി ആവശ്യപ്പെട്ടു.

പ്രതിരോധ സഖ്യത്തെ ഇറാനിലെ ചില പാർലമെന്റ് അംഗങ്ങളും വിമർശിച്ചു. തുർക്കിയും പാകിസ്ഥാനും ചേർന്നുള്ള കരാർ കടലാസിലും രാഷ്ട്രീയ പ്രസ്താവനകളിലും ഒതുങ്ങുന്നതാണെന്ന് പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശകാര്യ സമിതി അംഗം അഹ്മദ് ബക്ഷായേഷ് പരിഹസിച്ചു.

അമേരിക്കയുമായുള്ള വർഷങ്ങളായുള്ള ബന്ധം പോലും സൗദിക്ക് സുരക്ഷ ഉറപ്പാക്കാനായില്ലെന്നും പുതിയ കരാറിലൂടെ സുരക്ഷ ഉറപ്പാകുമെന്ന് കരുതേണ്ടെന്നും സമിതി അംഗം ഇബ്രാഹിം റെസായി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

ഇറാന്റെ വിമർശനങ്ങളിൽ പാകിസ്ഥാനാണ് പ്രധാനമായും ലക്ഷ്യമാകുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള വിഷയങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ നിഷ്പക്ഷതയെ ഇറാൻ നിയമനിർമാതാക്കൾ ചോദ്യം ചെയ്തു.

യമനിലെ ജനങ്ങൾക്കെതിരായ യുദ്ധത്തിൽ സൗദിക്കൊപ്പം ചേരുന്നതിലൂടെ പാകിസ്ഥാൻ മധ്യസ്ഥനെന്ന നിലയിൽനിന്ന് സംഘർഷത്തിലെ കക്ഷിയായി മാറുകയാണെന്ന് ഇറാൻ പാർലമെന്റ് അംഗം അഹ്മദ് നാദേരി ആരോപിച്ചു.

ഇറാന്റെ മാധ്യമങ്ങളും പ്രതിരോധ സഖ്യത്തിനെതിരെ രംഗത്തെത്തി. തുർക്കിയും പാകിസ്ഥാനും സൗദിയുടെ യെമൻ യുദ്ധത്തിൽ പങ്കുചേരുകയാണെന്ന വിമർശനമാണ് തസ്നിം ഉന്നയിച്ചത്. സഖ്യം യഥാർഥത്തിൽ മക്ക സഖ്യമാണോ അതോ യമനിലെ ജനങ്ങൾക്കെതിരായ കൂട്ടുകെട്ടാണോ എന്നും നൂർ ന്യൂസ് ചോദിച്ചു.

സൗദിയുടെ സുരക്ഷയും യമനിലെ സംഘർഷവും മുൻനിർത്തി രൂപപ്പെട്ട പുതിയ പ്രതിരോധ നീക്കം പശ്ചിമേഷ്യയിലെ നയതന്ത്ര ബന്ധങ്ങളിൽ കൂടുതൽ സംഘർഷത്തിന് വഴിവെക്കുമോ എന്ന ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക