Image

സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന അംഗീകാരം; ലിറ്റ് ബിരുദം ഏറ്റുവാങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് സത്യന്‍ അന്തിക്കാട്

Published on 10 October, 2026
 സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന അംഗീകാരം; ലിറ്റ് ബിരുദം ഏറ്റുവാങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് സത്യന്‍ അന്തിക്കാട്

കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങിയതിന്റെ സന്തോഷവും അനുഭവങ്ങളും പങ്കുവച്ച് പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഗവര്‍ണറില്‍ നിന്ന് ബഹുമതി ഏറ്റുവാങ്ങിയ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ ചലച്ചിത്ര ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച് മനസ് തുറന്നത്. ധന്യമായ ആ നിമിഷം സ്വപ്നമായിപ്പോലും താന്‍ സങ്കല്‍പ്പിച്ചിട്ടില്ലെന്നും അതിന്റെ അമ്പരപ്പ് വിട്ടുമാറാതെയാണ് ആ നിമിഷങ്ങളിലൂടെ കടന്നുപോയതെന്നും അദ്ദേഹം കുറിച്ചു.

ഈ വലിയ അംഗീകാരം സ്വീകരിക്കുമ്പോഴും തനിക്കൊപ്പം പ്രിയ സുഹൃത്ത് ശ്രീനിവാസന്‍ ഉണ്ടെന്ന് വിശ്വസിക്കുന്നതായി സത്യന്‍ അന്തിക്കാട് വ്യക്തമാക്കി. 'ശ്രീനിവാസന്‍ കൂടെയുണ്ടാകുമ്പോഴാണ് ഞാന്‍ പൂര്‍ണനാകുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസന്‍ എന്നോടൊപ്പം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മനസില്‍, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കല്‍പ്പിക്കുന്നു,' അദ്ദേഹം കുറിച്ചു. തങ്ങളുടെ കൂട്ടുകെട്ടില്‍ പിറന്ന 'സന്ദേശം', 'വരവേല്‍പ്പ്', 'തലയണമന്ത്രം', 'ഞാന്‍ പ്രകാശന്‍' തുടങ്ങിയ ചിത്രങ്ങളെയും അദ്ദേഹം സ്മരിച്ചു.

തൃശൂര്‍ ജില്ലയിലെ അന്തിക്കാടെന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് യാതൊരു കലാപാരമ്പര്യവുമില്ലാതെ സിനിമയിലെത്തിയ വഴിത്താരകളെ സംവിധായകന്‍ കുറിപ്പില്‍ ഓര്‍ത്തെടുക്കുന്നു. സര്‍വകലാശാലാ ബഹുമതിയെക്കുറിച്ച് മക്കളോട് ചോദിച്ചപ്പോള്‍, 'ഞങ്ങളൊക്കെ അധ്യാപകര്‍ പഠിപ്പിച്ച പാഠങ്ങള്‍ പഠിച്ചാണ് ഡിഗ്രി നേടിയത്, അച്ഛന്‍ വിഷയങ്ങള്‍ സ്വയം കണ്ടെത്തുകയും പ്രേക്ഷകരുടെ മനസില്‍ പതിപ്പിക്കുകയും ചെയ്ത് വിജയിച്ച ആളാണ്' എന്ന് മക്കള്‍ നല്‍കിയ ധൈര്യമാണ് തന്നെ വേദിയില്‍ ഉറപ്പിച്ചുനിര്‍ത്തിയത് എന്ന് അദ്ദേഹം പറയുന്നു.

കുഞ്ഞുണ്ണി മാഷ്, ഗുരുനാഥന്‍ ഡോ. ബാലകൃഷ്ണന്‍, സംവിധായകരായ ഹരിഹരന്‍, ചന്ദ്രകുമാര്‍, ജേസി എന്നിവരെയും തന്റെ സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇളയരാജ, ജോണ്‍സണ്‍, കെ.ജെ. യേശുദാസ്, ഒപ്പം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അദ്ദേഹം നന്ദിയോടെ ഓര്‍ത്തു.

തുടര്‍ന്നുള്ള കലാജീവിതത്തിനും വ്യക്തിജീവിതത്തിനും ഈ അംഗീകാരം വലിയ ഊര്‍ജമായിരിക്കുമെന്നും അംഗീകാരത്തേക്കാള്‍ ഉപരി ഇതൊരു അനുഗ്രഹമായാണ് കാണുന്നതെന്നും വ്യക്തമാക്കിയാണ് സത്യന്‍ അന്തിക്കാട് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക