
ദുരൂഹതകളും ഉദ്വേഗവും നിറഞ്ഞ മുഹൂര്ത്തങ്ങളുമായി ദിലീപ് നായകനാകുന്ന പുതിയ ചിത്രം നീക്കത്തിന്റെ ടീസര് പുറത്തിറങ്ങി. മലയാളത്തിന്റെ പ്രമുഖ സംവിധായകനായ ഷാജി കൈലാസിന്റെ മകന് ജഗന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്മിക്കുന്നത് ഉര്വ്വശി തിയറ്റേഴ്സ്, പെന് സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളില് സന്ദീപ് സേനന്, ഡോ. ജയന്തിലാല് ഗഡ, അലക്സ് ഇ. കുര്യന് എന്നിവര് ചേര്ന്നാണ്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് സോഷ്യല് മീഡിയയില് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിലീപിന്റെ അഭിനയജീവിതത്തില് ഇതുവരെ കാണാത്ത ഗൗരവമേറിയ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ഒരു പൊലിസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലൂടയാണ് നീക്കത്തിന്റെ കഥാ പുരോഗതി. ഇവിടെ പൊലിസുകാരുടെ ടാര്ഗറ്റ് ദിലീപിന്റെ കഥാപാത്രമാണ്. കഥാപാത്രത്തിന് പിന്നിലെ ദുരൂഹതകളിലേക്കും ഉദ്വേഗജനകമായ മുഹൂര്ത്തങ്ങളിലേക്കും വിരല് ചൂണ്ടുന്നതാണ് ചിത്രത്തിന്റെ അവതരണം. പൂര്ണമായും ഒരു ഇമോഷണല് ത്രില്ലര് ഡ്രാമ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിദ്ദിഖ്, കലാഭവന് ഷാജോണ്, ബിനു പപ്പു, ബിലാസ് ചന്ദ്രന്, സാദിഖ്, ഡ്രാക്കുള സുധീര്, കോട്ടയം രമേഷ്, ശാരി, ഷെല്ലി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളമാണ് ചിത്രീകരണം പൂര്ത്തിയായത്. വിബിന് ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഉടന് തന്നെ ഉര്വശി തിയേറ്റേഴ്സ് പ്രദര്ശനത്തിനെത്തിക്കും.
പ്രൊജക്റ്റ് ഡിസൈനര്: മനു ആലുക്കല്, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഇ.എസ് സൂരജ്, പ്രൊഡക്ഷന് ഡിസൈന്: സന്തോഷ് രാമന്, മേക്കപ്പ്: റോണക്സ് സേവ്യര്, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആര്ട്ട് ഡയറക്ഷന്: സുനില് ലാവണ്യ, ആക്ഷന്: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടര്: സെമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടര്: മുകേഷ് വിഷ്ണു, പ്രൊഡക്ഷന് കണ്ട്രോളര്: നോബിള് ജേക്കബ് ഏറ്റുമാനൂര്, പബ്ലിസിറ്റി ഡിസൈന്സ്: യെല്ലോ ടൂത്ത്സ്, ഡിജിറ്റല് മാര്ക്കറ്റിംഗ്: ഉണ്ണി രാജേന്ദ്രന്, പിആര്ഒ: ഐശ്വര്യ രാജ്, വാഴൂര് ജോസ്.