
സൗദി അറേബിയ : സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വ്യോമാക്രമണത്തില് സൗദിയ എയര്ലൈന്സ് പൈലറ്റ് ഉള്പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ റണ്വേയില് നിര്ത്തിയിട്ടിരുന്ന യാത്രാവിമാനവും അടിസ്ഥാന സൗകര്യങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില് നിരവധി പേര്ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്ന്ന് ഇന്ത്യയും യുഎഇയും ഉള്പ്പെടെയുള്ള രാജ്യങ്ങള് റിയാദിലേക്കുള്ള വിമാന സര്വീസുകള് റദ്ദാക്കി.
ഇന്നലെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഹൂതി വിമതര് നടത്തിയ ബാലിസ്റ്റിക് മിസൈല് ആക്രമണത്തിന്റെ വിവരങ്ങള് സൗദി സിവില് ഏവിയേഷന് അതോറിറ്റിയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. വിമാനത്താവള ടെര്മിനലുകള്ക്കും റണ്വേയില് നിര്ത്തിയിട്ടിരുന്ന സൗദിയ വിമാനത്തിനും നേരെ രണ്ട് ഘട്ടങ്ങളായാണ് ആക്രമണമുണ്ടായത്.
വിമാനത്തിനുള്ളിലുണ്ടായിരുന്ന സൗദി പൗരനായ പൈലറ്റ് ക്യാപ്റ്റന് ഹമൂദ് അലി അല്ഖല്ത്താമി, മറ്റ് രണ്ട് സൗദി പൗരന്മാര് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണസമയത്ത് വിമാനത്തില് യാത്രക്കാര് ഉണ്ടായിരുന്നില്ലെന്ന് സൗദിയ എയര്ലൈന്സ് സ്ഥിരീകരിച്ചു.
പ്രസാദ് തീയാടിക്കല്