Image

കോലങ്ങൾ ഗ്രാമീണ ജീവിതത്തിൻ്റെ നേർവരകൾ (മലയാള സിനിമ /സ്മൃതി: മാത്യു സണ്ണി കെ)

Published on 09 October, 2026
കോലങ്ങൾ ഗ്രാമീണ ജീവിതത്തിൻ്റെ നേർവരകൾ (മലയാള സിനിമ /സ്മൃതി: മാത്യു സണ്ണി കെ)

മനുഷ്യ മനഃശാസ്ത്രത്തെയും നമ്മുടെ പൊള്ളയായ സാമൂഹിക വ്യവസ്ഥിതിയെയും ഇത്രമേൽ നഗ്നമായി നിരീക്ഷിക്കുന്ന  ജോർജിന്റെ ഈ സൃഷ്ടി എക്കാലത്തെയും മികച്ചൊരു രാഷ്ട്രീയ-സാമൂഹിക അലിഗറിയായി  തലയുയർത്തി നിൽക്കുന്നു

"നരകം  മറ്റു മനുഷ്യരാണ്."
- ഴാങ് പോൾ സാർത്ര്
സാർത്രിന്റെ ഈ വാക്യത്തെ അക്ഷരംപ്രതി ദൃശ്യവൽക്കരിച്ച ക്ലാസിക് ചലച്ചിത്രാനുഭമാണ് കെ.ജി. ജോർജിന്റെ 'കോലങ്ങൾ'. നാട്ടിൻപുറം നന്മകളാൽ സമൃദ്ധമാമെന്ന ക്ലീഷേകളെ  ക്യാമറ ലെൻസിലൂടെ നിഷ്കരുണം പൊളിച്ചെഴുതുന്ന  ചിത്രം. മനുഷ്യന്റെ ഉളളിൽ അടക്കി വെച്ചിരിക്കുന്ന കുശുമ്പും കുന്നായ്മയും  തുറന്നുവിട്ടാൽ, അത്  ആണവായുധത്തേക്കാൾ മാരകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

ദാരിദ്ര്യം മനുഷ്യനെ ഒളിഞ്ഞുനോട്ടക്കാരനാക്കുന്നു; അപവാദം അവരുടെ വിശപ്പടക്കുന്നു എന്നൊരു ചൊല്ലുണ്ട്. നാല്പതിലേറെ വർഷങ്ങൾക്ക് മുൻമ്പ്, വറുതിയും ദാരിദ്ര്യവും നിഴലിച്ചുനിൽക്കുന്ന കേരളീയ ഗ്രാമമാണ്  ഈ  ചിത്രത്തിന്റെ  പശ്ചാത്തലം .പട്ടിണിയും തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും ചേർന്ന് മനുഷ്യന്റെ ചിന്താമണ്ഡലത്തെ എങ്ങനെ മലീമസമാക്കുന്നു എന്ന് കൂടി ഈചിത്രം പറയുന്നുണ്ട്  . സ്വന്തം ജീവിതം വഴിമുട്ടുമ്പോഴാണ് മനുഷ്യൻ അയൽക്കാരന്റെ സ്വകാര്യതകളിലേക്ക് ക്യാമറ തിരിക്കാനും, അപവാദങ്ങൾ സൃഷ്ടിച്ച് സാഡിസ്റ്റിക് ആയ ആനന്ദം കണ്ടെത്താനും തുടങ്ങുന്നത് എന്ന നഗ്നസത്യം ജോർജ് ഇതിലൂടെ തുറന്നുകാട്ടുന്നു.

ആൾക്കൂട്ടം  ഒരു നിശബ്ദ കൊലയാളിയാണ്.കാലമെത്ര മാറിയാലും, സാങ്കേതികവിദ്യ ആകാശത്തോളം വളർന്നാലും മനുഷ്യന്റെ അടിസ്ഥാന ചോദനയായ പരദൂഷണത്തിനും  അസഹിഷ്ണുതയ്ക്കും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് 'കോലങ്ങൾ' ഓർമ്മിപ്പിക്കുന്നു. മനുഷ്യ മനഃശാസ്ത്രത്തെയും നമ്മുടെ പൊള്ളയായ സാമൂഹിക വ്യവസ്ഥിതിയെയും ഇത്രമേൽ നഗ്നമായി നിരീക്ഷിച്ചതുകൊണ്ടുതന്നെയാണപതിറ്റാണ്ടുകൾക്കിപ്പുറവും ജോർജിന്റെ ഈ സൃഷ്ടി എക്കാലത്തെയും മികച്ചൊരു രാഷ്ട്രീയ-സാമൂഹിക അലിഗറിയായി  തലയുയർത്തി നിൽക്കുന്നത്.

സദാചാരം എന്നത് പലപ്പോഴും നമുക്ക് സൗകര്യപ്രദമായ ഒരു മുഖംമൂടി മാത്രമാണ്. ചന്തമറിയയുടെ മകൾ കുഞ്ഞമ്മയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ആഖ്യാനം വികസിക്കുന്നത്. അവളുടെ യൗവനത്തിന് ചുറ്റും വട്ടമിട്ടു പറക്കുന്ന ഗ്രാമത്തിലെ കാമക്കണ്ണുകളെ ക്യാമറ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നുണ്ട്. ജീവനുതുല്യം സ്നേഹിക്കുന്ന പൈലിയെന്ന കടത്തുകാരനെയും,  സ്വന്തമാക്കാൻ നടക്കുന്ന മദ്യപാനിയായ വർക്കിയെയും അവഗണിച്ച്, ബലൂൺ വിൽപനക്കാരനായ ചെറിയാനിൽ  അവൾ പ്രണയം കണ്ടെത്തുന്നു. എന്നാൽ ഈ  പ്രണയത്തെ, അധികാരത്തിന്റെയും പണത്തിന്റെയും പിൻബലത്തിൽ കള്ള് വർക്കിയും ദല്ലാളും ചേർന്ന് 'അപവാദം എന്ന ആയുധമുപയോഗിച്ച് കുഴിച്ചുമൂടുന്നു.

ചന്തമറിയയുടെ കഥാപാത്ര സൃഷ്ടി ക്ലാസിക്കലാണ് .ചന്തയിൽ പുരുഷന്മാരോട് തർക്കിച്ച് സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന അവർ, സ്വന്തം മകളുടെ കാര്യം വരുമ്പോൾ  തികഞ്ഞ യാഥാസ്ഥിതികയും സദാചാരത്തിന്റെ വക്താവും ആയി മാറുന്നു. അനാഥനായ ചെറിയാനേക്കാൾ അവർക്ക് പഥ്യം പണക്കാരനായ കള്ള് വർക്കിയെയാണ്. സമൂഹത്തിന്റെ സകലമാന ഇരട്ടത്താപ്പുകളുടെയും പ്രതിരൂപമായി മറിയയെ സംവിധായകൻ മാറ്റിയെടുക്കുന്നുണ്ട്.

സിനിമയുടെ ആഖ്യാനഘടനയ്ക്ക് ഒരു പൂർണ്ണവൃത്തം നൽകിക്കൊണ്ട് ചിത്രത്തിന്റെ ഓപ്പണിങ് ഷോട്ടും ക്ലൈമാക്സും സംഭവിക്കുന്നത് ഗ്രാമത്തിന്റെ കടവിലാണ്. പുലർകാലത്ത് അക്കരേക്ക് പാലുമായി പോകുന്ന കുഞ്ഞമ്മയുടെ സ്വാതന്ത്ര്യത്തിലും നിഷ്കളങ്കതയിലും തുടങ്ങുന്ന ചിത്രം, അവസാനിക്കുന്നത് കള്ള് വർക്കിയുടെ ഭാര്യയായി അതേ വഞ്ചിയിൽ അവൾ   ഇരിക്കുന്ന ഫ്രെയിമിലാണ്. കുഞ്ഞമ്മയെ കീഴടക്കിയ വർക്കിയുടെ അഹങ്കാരം നിറഞ്ഞ വിജയച്ചിരി ആ കടവിലാകെ മുഴങ്ങുമ്പോൾ അത് ഗ്രാമത്തിന്റെ മൊത്തം അട്ടഹാസമായി പ്രേക്ഷകനിൽ തറയ്ക്കുന്നു.

സിനിമയിലെ 'ഇക്കരയും അക്കരെയും' കേവലം ഭൂമിശാസ്ത്രപരമായ രണ്ട് ഫ്രെയിമുകളല്ല; ഗ്രാമീണരുടെ സങ്കുചിതമായ മാനസികാവസ്ഥയുടെ കൃത്യമായ അതിർവരമ്പുകളാണവ. അക്കരെ നിന്ന് വരുന്നവരെയെല്ലാം 'വരുത്തന്മാർ' എന്ന് മുദ്രകുത്തി  അപരവൽക്കരിക്കുന്ന ഗ്രാമീണ മനഃശാസ്ത്രത്തെയാണ് ഇവിടെ വിമർശിക്കുന്നത്. ഉപജീവനത്തിനായി വന്ന ചെറിയാനും, പുതിയതായി വന്ന ബ്ലോക്ക് ഉദ്യോഗസ്ഥനും  ആൾക്കൂട്ടത്തിന്റെ  വിദ്വേഷത്തിന് ഇരകളാകുന്നു. പുറത്തുനിന്നെത്തുന്ന എന്തിനെയും ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഗ്രാമീണരുടെ ഈ പക, നാട്ടിൻപുറത്തിന്റെ കാല്പനിക മുഖംമൂടിയെ പൂർണ്ണമായും വലിച്ചുകീറുന്നതാണ്.

പൂർണ്ണമായും ഇരുണ്ടൊരു ചിത്രമല്ല കോലങ്ങൾ; മനുഷ്യത്വത്തിന്റെ ചില നേർക്കാഴ്ചകളും ഈ ചിത്രം നൽകുന്നുണ്ട്. ചെറിയാന് തലചായ്ക്കാൻ നാല് സെന്റ് സ്ഥലം കൊടുക്കുന്ന രാമൻ നായർ ഈ ഗ്രാമത്തിലെ വിവേകത്തിന്റെ ശബ്ദമാണ്. "എവിടുന്നോ കേറിവന്നവന്മാർക്ക് എന്തിനാ സ്ഥലം കൊടുക്കുന്നത്?" എന്ന് ചോദിക്കുന്ന പരമുവിനോട് "എല്ലാവർക്കും എവിടെയെങ്കിലുമൊക്കെ താമസിക്കണ്ടേ?" എന്ന് ചോദിക്കുമ്പോൾ ആ ആർജ്ജവത്തിന് മുന്നിൽ ഗ്രാമത്തിന്റെ സങ്കുചിതത്വം നാണംകെടുന്നുണ്ട്. ഇന്നത്തെ അന്യസംസ്ഥാന തൊഴിലാളികളോടുള്ള നമ്മുടെ സമൂഹത്തിന്റെ വിദ്വേഷത്തിന്റെ ആദ്യരൂപമായി ഇതിനെ വായിച്ചെടുക്കാം.

അതുപോലെ തന്നെയാണ് പൈലിയെന്ന കടത്തുകാരനും. താൻ സ്നേഹിച്ച കുഞ്ഞമ്മയെ സ്വന്തമാക്കിയ ചെറിയാനോട് പകപോക്കാതെ അവനെ സഹായിക്കാൻ നിൽക്കുന്ന യാതൊരു ഈഗോയുമില്ലാത്ത അസ്സൽ മനുഷ്യൻ. പിന്നീട് നാട്ടുകാരുടെ വ്യാജ നറേറ്റീവുകളിൽ പെട്ട് സമനില തെറ്റുമ്പോഴും, സത്യം തിരിച്ചറിഞ്ഞ് യാതൊരു ലജ്ജയുമില്ലാതെ മാപ്പുചോദിക്കാൻ കാണിക്കുന്ന പൈലിയുടെ ആർജ്ജവം ഗ്രാമത്തിലെ കളങ്കമില്ലാത്ത മനുഷ്യ മനസ്സിന്റെ ബാക്കിപത്രമാണ്.

ഗ്രാമത്തിന്റെ  കപടസദാചാര ബോധത്തിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് മറിയയുടെ അയൽക്കാരിയായ സ്ത്രീയും മകളുമാണ്.  ഗർഭിണിയാകുന്ന പെൺകുട്ടിയുടെ   ഗർഭം കലക്കിക്കുകയും, പിന്നീട് ഒന്നുമറിയാത്ത ഒരാളുടെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്ന  പ്രവൃത്തി ഞെട്ടിക്കുന്നതാണ്. ധാർമ്മികതയേക്കാൾ ഉപരി സമൂഹത്തിൽ 'മുഖം രക്ഷിക്കാൻ' വേണ്ടി ഏതറ്റം വരെയും പോകുന്ന ഗ്രാമീണരുടെ പ്രതിച്ഛായയാണിത്.
അതേസമയം, ഗാർഹിക ഹിംസയുടെ ക്രൂരമായ മുഖം   വരച്ചുകാട്ടുന്നത് പരമു എന്ന കഥാപാത്രത്തിലൂടെയാണ്. കവലകളിൽ വീരവാദം മുഴക്കുകയും മറ്റുള്ളവരുടെ കാര്യങ്ങളിൽ സദാചാര പോലീസ് ചമയുകയും ചെയ്യുന്ന പരമു, സ്വന്തം വീട്ടിലെത്തുമ്പോൾ തികഞ്ഞൊരു സാഡിസ്റ്റായി മാറുന്നു.  നിരന്തരമായ ഉപദ്രവങ്ങൾ സഹിക്കുന്ന  ഭാര്യയുടെ  സമനില തെറ്റുന്നു. ആണത്തമെന്നത് വീട്ടിനുള്ളിലെ സ്ത്രീയെ തല്ലിച്ചതയ്ക്കലാണെന്ന് വിശ്വസിക്കുന്ന ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയുടെ പരിണതഫലമാണത്.

കമ്പ്യൂട്ടറും സ്മാർട്ട്ഫോണും ഇല്ലാതിരുന്ന ഒരു കാലത്ത് മനുഷ്യൻ തങ്ങളുടെ പരദൂഷണ പ്രിയം കൊണ്ട് എങ്ങനെയാണ് ഒരു ഫിസിക്കൽ സോഷ്യൽ മീഡിയ നെറ്റ്വർക്ക് സൃഷ്ടിച്ചതെന്നത് ഏറെ കൗതുകകരമാണ്. കവലകളും കടത്തിണ്ണകളും ചായക്കടകളുമായിരുന്നു അന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ. അവിടെവെച്ചാണ് വ്യാജവാർത്തകൾ നിർമ്മിക്കപ്പെട്ടതും ഷെയർ ചെയ്യപ്പെട്ടതും .യാതൊരു വസ്തുതയുമില്ലാതെ കുഞ്ഞമ്മയെയും ചെറിയാനെയും ആൾക്കൂട്ടം വിചാരണ ചെയ്തത് ഇന്നത്തെ കാലത്തെ സൈബർ അറ്റാക്കിന്റെയും ആൾക്കൂട്ട കൊലപാതകങ്ങളുടെയും ആദിമ രൂപം തന്നെയാണ്.

ഇതൊരു ഗ്രാമത്തിന്റെ മാത്രം കഥയല്ല; സമകാലിക രാഷ്ട്രീയത്തിന്റെ വളരെ കൃത്യമായൊരു രൂപകം  കൂടിയാണ്. സത്യം എപ്പോഴും രാമൻ നായരെപ്പോലെ ന്യൂനപക്ഷത്തിന്റെ കയ്യിലായിരിക്കുമെങ്കിലും, വ്യവസ്ഥിതിയുടെയും സമൂഹത്തിന്റെയും പിന്തുണ ലഭിക്കുന്നത് മറിയയെയും പരമുവിനെയും പോലുള്ള കപടസദാചാരവാദികൾക്കായിരിക്കും. യേശുവിനെ ക്രൂശിക്കാൻ ആവശ്യപ്പെടുകയും കൊലപാതകിയായ ബറബാസിനെ സ്വതന്ത്രനാക്കാൻ വിളിച്ചുപറയുകയും ചെയ്ത അതേ ആൾക്കൂട്ടത്തിന്റെ മറ്റൊരു മുഖം. വ്യാജപ്രചരണങ്ങളിൽപ്പെട്ട് യാഥാർത്ഥ്യമറിയാതെ തമ്മിലടിക്കുന്ന പൈലിയെപ്പോലുള്ളവർ ഇന്നത്തെ കാലത്തെ രാഷ്ട്രീയക്കാരുടെ കയ്യിലെ പാവകളായ സാധാരണ വോട്ടർമാരുടെ പ്രതീകമാണ്.

നാട്ടിൻപുറത്തെ ഈ 'നന്മയുടെ' കാര്യത്തിൽ നമ്മൾ മലയാളികൾക്ക് മാത്രമല്ല സൂക്കേടുള്ളതെന്ന് ലോകസിനിമ പരിശോധിച്ചാൽ മനസ്സിലാകും. കോലങ്ങളിലെ കേരളീയ ഗ്രാമവും ഗ്യൂസെപ്പെ ടൊർണാറ്റോറെ ( സംവിധാനം ചെയ്ത വിഖ്യാത ഇറ്റാലിയൻ ചിത്രം 'മലേന'യിലെ സിസിലിയൻ ഗ്രാമവും തമ്മിൽ ഭൂമിശാസ്ത്രപരമായി വലിയ അകലമുണ്ടെങ്കിലും, ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ
ഒരേ  മുഖമാണ് . സുന്ദരികളായ നായികമാരുടെ നിഷ്കളങ്കതയെ ഗ്രാമവാസികളുടെ അസൂയയും ലൈംഗികദാരിദ്ര്യവും ചേർന്ന് എങ്ങനെയാണ് വേട്ടയാടുന്നതെന്ന് ഈ  ചിത്രങ്ങൾ  ഒരേസ്വരത്തിൽ പറയുന്നു.

മലേനയിൽ ആൾക്കൂട്ടം പരസ്യമായി അവളെ മുടിമുറിച്ച് തെരുവിലിട്ട് അപമാനിക്കുമ്പോൾ കോലങ്ങളിൽ അത് നിരന്തരമായ പരദൂഷണത്തിലൂടെയുള്ള മാനസിക ക്രൂരതയായാണ വെളിപ്പെടുന്നത്. അന്ന് വിചാരണകൾ ചായക്കടകളിലായിരുന്നെങ്കിൽ ഇന്നത് ഫേസ്ബുക്കിലും വാട്സാപ്പിലുമാണെന്ന് മാത്രം.

കമ്പ്യൂട്ടറും സ്മാർട്ട്ഫോണും ഇല്ലാതിരുന്ന ഒരു കാലത്ത് മനുഷ്യൻ തങ്ങളുടെ പരദൂഷണ പ്രിയം കൊണ്ട് എങ്ങനെയാണ് ഒരു ഫിസിക്കൽ സോഷ്യൽ മീഡിയ നെറ്റ്വർക്ക് സൃഷ്ടിച്ചതെന്നത് ഏറെ കൗതുകകരമാണ്.   നാട്ടിൻപുറം നന്മകളാൽ സമൃദ്ധമാണ് എന്ന പൊതുബോധത്തെ അതിനിശിതമായി പരിഹസിക്കുന്ന ഈ ചിത്രം ഇറ്റാലിയൻ നിയോ-റിയലിസത്തിന്റെ  സ്വാധീനം പ്രകടമാക്കുന്നുണ്ട്. ദാരിദ്ര്യവും കഷ്ടപ്പാടും യാതൊരു കൃത്രിമത്വവുമില്ലാതെ പച്ചയായിത്തന്നെ സിനിമയിൽ കാണാം.

മലയാള സിനിമയുടെ സ്ഥിരം ശൈലിയായ മെലോഡ്രാമ  ഈ ചിത്രത്തിൽ തീർത്തുമില്ല. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ പ്രേക്ഷകനെക്കൊണ്ട് കരയിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നില്ല. ക്യാമറ ഒരു നിസ്സംഗനായ നിരീക്ഷകനായി മാറി നിന്ന് സംഭവങ്ങളെ ഒപ്പിയെടുക്കുക മാത്രമാണ് ചെയ്യുന്നത്.

കൂടാതെ, കോലങ്ങളിൽ ഒരു പ്രത്യേക നായകനോ വില്ലനോ ഇല്ല. ഒരു ഗ്രാമം മുഴുവനായും അതിലെ ആൾക്കൂട്ടവുമാണ് പ്രധാന കഥാപാത്രവും വില്ലനും  കുഞ്ഞമ്മ, പൈലി, ചെറിയാൻ, മറിയ, പരമു എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ബഹുസ്വര ആഖ്യാനമാണ് ചിത്രത്തിന്റേത്.

ദുരന്തങ്ങൾക്കിടയിലും ഗ്രാമത്തിനോ വ്യവസ്ഥിതിക്കോ ഒരു മാറ്റവും സംഭവിക്കാത്ത ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ് വർക്കിയുടെ വിജയച്ചിരിയോടെ അവസാനിക്കുന്ന ദൃശ്യം ബാക്കിവെക്കുന്നത്. നാടകീയതകൾ ഒഴിവാക്കി, ഒരു ഡോക്യുമെന്ററിക്ക് സമാനമായ റിയലിസ്റ്റിക് ശൈലിയിലാണ് കെ.ജി. ജോർജ്   ഒരുക്കിയിരിക്കുന്നത്. മനുഷ്യപ്രകൃതിയുടെ ഇരുണ്ട തലങ്ങളെ ഒട്ടും മയപ്പെടുത്താതെ പ്രേക്ഷകന്റെ മുഖത്തേക്ക് വലിച്ചെറിയുന്ന ഈ മാസ്റ്റർപീസ് ഇന്നും സാംഗത്യമുള്ളതായി തുടരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക