Image

'മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാന്‍ അവസരം ചോദിച്ചിട്ടുണ്ട്'; അനന്യ

Published on 09 October, 2026
 'മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാന്‍ അവസരം ചോദിച്ചിട്ടുണ്ട്'; അനന്യ

 

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, അനന്യ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് ദി തേര്‍ഡ് മര്‍ഡര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഇന്റര്‍വ്യൂവില്‍ അനന്യ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടിലെന്നാണ് താരം പറയുന്നത്. മമ്മൂട്ടിയോട് ഒരിക്കല്‍ അവസരം ചോദിച്ചിട്ടുണ്ടെന്നും അനന്യഅഭിമുഖത്തില്‍ പറയുന്നു.

'മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ ഇപ്പോഴും അവസരം കിട്ടിയിട്ടില്ല. മമ്മൂക്കയുടെ കൂടെ അഭിനയിക്കുക എന്നത് എപ്പോഴും ആഗ്രഹമുള്ള കാര്യമാണ്. ഇതുവരെ അതിന് സാധിച്ചിട്ടില്ല. മമ്മൂക്ക മാത്രമല്ല, ടൊവിനോ, നിവിന്‍ എന്നിങ്ങനെ കുറേ പേരുണ്ട്. ഇവരുടെയൊന്നും കൂടെ ഞാന്‍ അഭിനയിച്ചിട്ടില്ല. ഇപ്പോഴുള്ള കുറെ ആളുകളുടെ കൂടെയും അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. ഒരിക്കല്‍ മമ്മൂക്കയെ കണ്ടപ്പോള്‍ എനിക്ക് മമ്മൂക്കയുടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂക്ക 'ആ, നമുക്ക് നോക്കാം' എന്നാണ് പറഞ്ഞത്,' അനന്യ പറഞ്ഞു.

അതേസമയം, തേര്‍ഡ് മര്‍ഡര്‍ ചിത്രം കണ്ട ശേഷം നിരവധി സിനിമാ പ്രവര്‍ത്തകരും നിരൂപകരും ചിത്രത്തിന് അഭിനന്ദങ്ങളുമായെത്തി. അതില്‍ എഴുത്തുകാരന്‍ നജീബ് മൂടാടി എഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇപ്രകാരമാണ്. 'അക്രമിക്കാന്‍, ജീവനെടുക്കാന്‍ പിറകില്‍ ആരോ ഉണ്ടെന്ന ഭീതിയോടെ ജീവിക്കേണ്ടി വരുന്നതിലും വലിയ ഗതികേടെന്താണ്?. 'ദി തേര്‍ഡ് മര്‍ഡര്‍' അതാണ് അനുഭവിപ്പിക്കുന്നത്'.

അരികില്‍ ഒരാള്‍, ചാപ്റ്റേഴ്‌സ്, ചാപ്‌റ്റേഴ്. അവസാനമായി ഇപ്പോള്‍ ദി തേര്‍ഡ് മര്‍ഡറും. സുനില്‍ ഇബ്രാഹിമിന്റെ സിനിമകളൊക്കെയും മനുഷ്യ മനസ്സിന്റെ കാണാപ്പുറങ്ങളാണ് തുറന്നു വെക്കുന്നത്. പരിചിതരായ മനുഷ്യരുടെ അപരിചിതമായ മുഖങ്ങള്‍ ചെയ്തികള്‍, മടുപ്പിക്കാത്ത, ഉദ്വേഗമുണര്‍ത്തുന്ന കഥ പറച്ചിലാണ്, ക്രാഫ്റ്റാണ് സുനില്‍ ഇബ്രാഹിമിന്റെ സിനിമകളുടെ സൗന്ദര്യം. പതിനാല് വര്‍ഷം മുമ്പ് ഇറങ്ങിയ 'ചാപ്റ്റേഴ്‌സ്' ഇപ്പോഴും പുതിയ സിനിമ പോലെ നമുക്ക് കാണാനാവും. 'ദി തേര്‍ഡ് മര്‍ഡറി'ലേക്ക് വരുമ്പോള്‍ ത്രില്ലറും ഇമോഷണല്‍ ഫാമിലി സ്റ്റോറിയും കൂടി ചേരുന്നതിന്റെ ആര്‍ദ്രതയുമുണ്ട്.

ഇന്ദ്രന്‍സും സൈജു കുറുപ്പും ജിബിന്‍ ഗോപിനാഥുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ തങ്ങളുടെ റോളില്‍ മികവ് പുലര്‍ത്തുന്നു.വിനയ് ഫോര്‍ട്ട് എന്ന നടനെ, നാടക-ഫിലിം ഇന്‍സ്റ്റിട്യൂട്ട് ഉത്പന്നത്തെ കുറെയായി തമാശ വേഷങ്ങളില്‍ മാത്രം തളച്ചിട്ടത് എത്ര ഖേദകരമാണ് എന്ന് 'ദി തേര്‍ഡ് മര്‍ഡര്‍' ബോധ്യപ്പെടുത്തും. ശരീരഭാഷ കൊണ്ടും ഭാവങ്ങള്‍ കൊണ്ടും വിനയന്‍ എന്ന ഭീരുവും നിസ്സഹായനും പാവവുമായ മനുഷ്യനെ അസാധ്യ മനോഹരമായാണ് അയാള്‍ ചെയ്തു വെച്ചിരിക്കുന്നത്. മണികണ്ഠന്‍ പട്ടാമ്പിയും ആനന്ദ് മന്മഥനും ആദിത്യന്‍ ആയി അഭിനയിച്ച കുട്ടിയും എടുത്തു പറയേണ്ടതുണ്ട്.സൂപ്പര്‍ താര- സംവിധായക സിനിമകള്‍ പോലും ആദ്യ ദിവസങ്ങളില്‍ തന്നെ 15 ആള് തികയാത്തതിനാല്‍ ഷോ ഇല്ലാതെ പോവുന്ന ഇക്കാലത്ത് ഏറെക്കുറെ നിറഞ്ഞ തിയേറ്ററില്‍ സിനിമ കാണുന്നതിന്റെ സുഖം ചെറുതല്ല. വ്യത്യസ്തമായ നല്ല സിനിമകള്‍ക്ക് ഇവിടെ പ്രേക്ഷകരുണ്ട് എന്ന് 'ദി തേര്‍ഡ് മര്‍ഡറിന്റെ' തിയേറ്റര്‍ റെസ്പോണ്‍സ് തെളിയിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക