Image

ഇരട്ടക്കൊല: അനില ബേബിയുടെ മാനസികാരോഗ്യം കോടതിയുടെ പരിഗണനയിൽ; കേസ് ഇനി ഒക്ടോ. 16-നു

Published on 08 October, 2026
ഇരട്ടക്കൊല: അനില ബേബിയുടെ മാനസികാരോഗ്യം കോടതിയുടെ  പരിഗണനയിൽ; കേസ് ഇനി ഒക്ടോ. 16-നു

സാൻ ഹോസെ, കാലിഫോർണിയ:  അഞ്ജന ഹരിയെയും ആന്‍ മേരി മാത്യുവിനെയും കൊലപ്പെടുത്തിയ  കേസില്‍ പ്രതിയായ അനില ബേബിക്ക്, 33,  വിചാരണ നേരിടാനുള്ള മാനസികാരോഗ്യം ഉണ്ടോ എന്നത് കോടതി പരിഗണിക്കും.  പ്രതിഭാഗം അഭിഭാഷകൻ ഷോൺ എം. ജോർജ്,  അനില ബേബിയുടെ മാനസികാരോഗ്യം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചു. ഇതേതുടർന്ന് ഇക്കാര്യത്തിനു ഡോക്ടർമാരെ നിയോഗിക്കുന്നതും മറ്റും പരിശോധിക്കാൻ  കോടതി അടുത്ത വെള്ളിയാഴ്ച (ഒക്ടോബർ 16) വീണ്ടും കേസ് പരിഗണിക്കുമെന്ന് പ്രോസിക്യൂഷൻ വക്താവ്   ഇ-മലയാളിയെ അറിയിച്ചു.

ഇന്ന് (വ്യാഴം) രാവിലെ സാന്റ ക്ലാര കോടതിയിൽ നടന്ന നടപടിക്രമങ്ങൾ വീക്ഷിക്കാൻ   കൊല്ലപ്പെട്ടവരുടെ  ഏതാനും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർ കാര്യമായി ഉണ്ടായില്ല.  

"എന്റെ കക്ഷിയുമായി  നേരിട്ടു നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ, വിചാരണ നേരിടാനുള്ള അവരുടെ  പ്രാപ്തിയെക്കുറിച്ച് എനിക്ക് സംശയങ്ങളുണ്ട്," അറ്റോർണി ഷോൺ എം. ജോർജ് അറിയിച്ചു. "ഇക്കാര്യം,  പീനൽ കോഡ് സെക്ഷൻ 1368 പ്രകാരം   ഞാൻ ഇന്ന് രാവിലെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങളിലൂടെ, വിചാരണ നേരിടാൻ എന്റെ കക്ഷിക്ക് പ്രാപ്തിയുണ്ടോ എന്ന്  ഇനി കോടതി  തീരുമാനിക്കും.

"അതിനായി മാനസികാരോഗ്യ വിദഗ്ധരെ നിയമിക്കുന്നത് തീരുമാനിക്കാൻ   കോടതി   ഒക്ടോബർ 16-ലേക്ക് കേസ് മാറ്റി വച്ചു.  ഈ  പരിശോധന പൂർത്തിയായ ശേഷം, വിദഗ്ധരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേസ് പരിഗണിക്കാൻ  ഞങ്ങൾ വീണ്ടും കോടതിയിലെത്തും," അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ  നടപടിയില്‍ പ്രതിക്ക് ക്രിമിനല്‍ കേസ് നേരിടാനുള്ള മാനസിക ശേഷിയെക്കുറിച്ച് സംശയം (doubt as to competency) രേഖപ്പെടുത്തുന്നതിനുള്ള നടപടികളാണ് പ്രധാനമായും നടക്കുകയെന്ന് സാന്താ ക്ലാര കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിലെ കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ സിന്തിയ സുമിഡ നേരത്തെ   ഇ-മലയാളിയോട് വ്യക്തമാക്കിയിരുന്നു .

അഞ്ജന ഹരി, അനില ബേബി, ആന്‍ മേരി മാത്യു 

പ്രതിഭാഗമാണ് ഒക്ടോബര്‍ 8-ലേക്ക് ഹിയറിങ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കേസിന്റെ നിലവിലെ ഘട്ടത്തില്‍ പ്രതിഭാഗം ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും സുമിഡ വ്യക്തമാക്കി. ഇതോടെ, നേരത്തെ നവംബര്‍ 17-ന് നിശ്ചയിച്ചിരുന്ന plea hearing-ന് പകരം ഇന്നത്തെ  നടപടികള്‍ കേസിന്റെ മറ്റൊരു നിര്‍ണായക നിയമഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

കോമ്പിറ്റന്‍സി എന്നത് പ്രതിക്ക് മാനസിക രോഗമുണ്ടോ എന്നതുമാത്രം പരിശോധിക്കുന്നതല്ല. തനിക്കെതിരായ ക്രിമിനല്‍ നടപടികളുടെ സ്വഭാവവും അര്‍ഥവും മനസ്സിലാക്കാനും അഭിഭാഷകനുമായി യുക്തിപൂര്‍വം സഹകരിച്ച് പ്രതിരോധം നടത്താനും പ്രതിക്ക് നിലവില്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാന നിയമചോദ്യം. കാലിഫോര്‍ണിയ നിയമത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രത്യേക നടപടിക്രമമാണ് നിലവിലുള്ളത്.

കോടതിയില്‍ കോമ്പിറ്റന്‍സി സംബന്ധിച്ച് സംശയം ഉയര്‍ന്നാല്‍, അതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനും ആവശ്യമായാല്‍ പ്രത്യേക കോമ്പിറ്റന്‍സി ഹിയറിങ് നടത്തുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു. അത്തരം ഹിയറിങ്ങില്‍ പ്രതി കോമ്പിറ്റന്റ് ആണെന്ന് നിയമപരമായി കണക്കാക്കുന്നതാണ് പ്രാഥമികമായ നടപടി. കോമ്പിറ്റന്‍സി തെളിയിക്കേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

രണ്ട് കൊലക്കുറ്റങ്ങളാണ് അനില ബേബിക്കെതിരെ  നിലവിലുള്ളത്. കോമ്പിറ്റന്‍സി സംബന്ധിച്ച ഹിയറിംഗ്  ആവശ്യമായി വന്നാല്‍, കേസിന്റെ സാധാരണ ക്രിമിനല്‍ നടപടികള്‍ അതിന്റെ ഫലം വരുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുണ്ട്. പ്രതി കോമ്പിറ്റന്‍സിയില്‍ പരാജയപ്പെട്ടതായി കോടതി കണ്ടെത്തിയാല്‍, വീണ്ടും കേസ് നേരിടാന്‍ യോഗ്യയാകുന്നതുവരെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികളിലേക്ക് കേസ് മാറാം.

ആഗസ്റ്റ് 28-ന് മില്‍പിറ്റാസില്‍ അഞ്ജന ഹരി വാഹനമിടിച്ച് കൊല്ലപ്പെട്ടതും അതേ ദിവസം സാൻ ഹൊസെയില്‍ ആന്‍ മേരി മാത്യു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അനില ബേബിക്കെതിരെ രണ്ട് മര്‍ഡര്‍ കൗണ്ട്‌സ് ചുമത്തിയിരിക്കുന്നത്.  
 

 

 

 

Join WhatsApp News
mdubey 2026-10-09 18:12:46
Anila Baby's mental condition was very good for killing her friends , now her mental condition is impaired for legal issues , This all her acting to fool the legal system
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക