
ആ ഹവേലിയുടെ കൂറ്റൻ വാതായനം പിന്നിൽ അടഞ്ഞപ്പോൾ, സ്വാതന്ത്ര്യത്തിലേക്ക് അഥവാ പുസ്തകങ്ങളുടെ ലോകത്തേക്കുള്ള പാത തുറന്നതായാണ് തോന്നിയത്. വിവാഹപ്രായമാകും മുൻപ് ഇതാ വിവാഹമോചനം ലഭിച്ചിരിക്കുന്നു. കൃത്യം അഞ്ച് മാസം മുൻപാണ് ഈ കാഞ്ചനക്കൂട്ടിൽ അയാളുടെ മൂന്നാം ഭാര്യയായി അടയ്ക്കപ്പെട്ടത്. അയാളിൽ നിന്ന് കിട്ടിയ മുത്തലാക്ക് ഒരു ആശ്വാസമായാണ് തോന്നിയത്. ചില കാര്യങ്ങൾ അങ്ങനെയാണ്; പുറത്തുനിന്ന് നോക്കുന്നവർക്ക് ദുഃഖം തോന്നുമെങ്കിലും അനുഭവിക്കുന്നവർക്ക് അത് ആശ്വാസമാണ്.
ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒറൈയിലേക്കുള്ള യാത്ര ഓർമ്മകളെ പിന്നോട്ട് നയിച്ചു.
പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ വരുന്നു, ഒന്നും പഠിച്ചുതീർന്നിട്ടില്ല. അമ്മിയോട് പലപ്രാവശ്യം പറഞ്ഞതാണ് ഒത്തിരി പഠിക്കാനുണ്ട് കല്യാണത്തിനൊന്നും വരുന്നില്ലെന്ന്. എങ്കിലും ബഡി അമ്മി ഇത്ര സ്നേഹത്തോടെ വിളിക്കുമ്പോൾ പോകാതിരിക്കുന്നത് എങ്ങനെയാണ് എന്നാണ് അമ്മി പറയുന്നത്.
പട്ടിണി കിടന്നപ്പോൾ ആരും ഇല്ലായിരുന്നു; ഇതിപ്പോൾ ആഡംബരം കാണിക്കാനുള്ള അവസരമാണല്ലോ! അനിയത്തിയെയും മക്കളെയും ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് വിളിച്ചതാണ്. സഹോദരൻ മാരിൽ മൂത്തവനായ അജ്മലിന് വളരെ സന്തോഷമായി, പക്ഷേ ഇളയവൻ അഫ്സലിന് അത്ര താല്പര്യം പോരാ.
പുസ്തകങ്ങൾ അടുക്കിവെക്കുന്നതിനിടയിൽ പുറത്ത് ബഡി അമ്മിയുടെ ശബ്ദം കേട്ടു:
"ജമീലാ, യെ തേരി രുക്സാനാ കോ ദേ."
എന്തായിരിക്കും അവർ എനിക്ക് തരാനായി അമ്മിയോട് പറയുന്നത്?
രുക്സാ ….. രുക്സാ … അമ്മിയുടെ ശബ്ദം സാധാരണയിലും ഉച്ചത്തിലായിരുന്നു.
എഴുതിക്കൊണ്ടിരുന്ന പേന അടയാളം വെച്ച് പുസ്തകം അടച്ചുവെച്ചു. പതിയെ എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു.
"രുക്സാ, ബഡി അമ്മി നിനക്കായി കൊണ്ടുവന്ന ലഹങ്ക എങ്ങനെയുണ്ടെന്ന് നോക്കൂ," അമ്മി പുറത്തുനിന്ന് ഉച്ചത്തിൽ പറഞ്ഞു.
ബഡി അമ്മിയുടെ മകൾ ഇട്ടുപേക്ഷിച്ച ഏതെങ്കിലും ഒന്നായിരിക്കും. എങ്കിലും അമ്മിയെ സമാധാനിപ്പിക്കാൻ അതൊന്ന് ഇട്ടു കാണിക്കാം എന്ന് വിചാരിച്ചു.
ലഹങ്ക ഇട്ട് കണ്ണാടിയിൽ നോക്കി നിൽക്കുമ്പോഴാണ് അഫ്സൽ പട്ടം പറത്തിക്കഴിഞ്ഞ് അങ്ങോട്ടെത്തിയത്.
"ഓ... മേരി ബഹൻ ഏക് രാജ്കുമാരി ഹൈ!" അവൻ സന്തോഷത്തോടെ പറഞ്ഞു.
അബ്ബുവിനെപ്പോലെ തന്നെ എപ്പോഴും എന്നെ 'രാജകുമാരി' എന്ന് വിളിക്കാൻ അവന് വല്ലാത്തൊരു ഇഷ്ടമാണ്. "രുക്സാ, മേരി രാജ്കുമാരി..." എന്ന് അദ്ദേഹം എപ്പോഴും വിളിക്കുമായിരുന്നു. അങ്ങനെ തന്നെയാണ് വളർത്തിയതും, ഒരു രാജകുമാരിയെപ്പോലെ!
സ്കൂളിൽ ചേർത്തപ്പോൾ മാത്രമാണ് പിതാവിന്റെ പേര് അബ്ബുവിന്റെ പേരല്ല, അത് മറ്റൊരാളുടെ പേരാണ് എന്ന് ആദ്യമായി അറിഞ്ഞത്. അത് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ദിനമാണ്.
"പപ്പാ കീ പരീ, തേരി പപ്പാ കാ നാം ബോൽ," സ്കൂൾ ക്ലർക്ക് കവിളിൽ നുള്ളിക്കൊണ്ട് പിതാവിന്റെ പേര് ചോദിച്ചു.
"സയ്യദ് ബർക്കാത്തി," കൊഞ്ചികൊണ്ടു തന്നെ പറഞ്ഞു.
"അല്ല, സൽമാൻ വാർസി," അബ്ബു ക്ഷീണിച്ച സ്വരത്തിൽ തിരുത്തി പറഞ്ഞു.
സ്കൂൾ രജിസ്റ്ററിലെ പേര് 'സൽമാൻ വാർസി' എന്നുള്ളത് മാറ്റി 'സയ്യദ് ബർക്കാത്തി' എന്നെഴുതാൻ വേണ്ടി സ്കൂൾ മൈതാനത്തെ മണ്ണിലിരുന്ന് കരഞ്ഞു. തന്റെ കരച്ചിൽ അബ്ബുവിനെയാണ് ഏറെ വേദനിപ്പിച്ചത്. അമ്മി ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ വരാന്തയിൽ നിന്നിരുന്നു. അബ്ബു വാതോരാതെ എന്തൊക്കെയോ പറഞ്ഞ് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഡൽഹി ബിസിനസുകാരൻ സൽമാൻ വാർസി പിതാവാണ് എന്ന് പറയാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. എങ്ങനെ പറയാൻ തോന്നും പിതാവിൻ്റെ കടമ മുഴുവൻ നിറവേറ്റിയിരുന്നത് സയ്യദ് ബർക്കാത്തി എന്ന മധുര സ്നേഹമാണ്. ഓർമ്മയിൽ എവിടെയും സൽമാൻ വാർസി ഉണ്ടായിരുന്നില്ല. ഓർമ്മിക്കാൻ അയാളൊന്നും ചെയ്തിട്ടില്ലെന്നുമാത്രമല്ല രുക്സാന എന്ന മകൾ ജനിക്കുന്നതിന് മുൻപ് തന്നെ അയാൾ അവളുടെ അമ്മിയെ മൊഴിചൊല്ലിയിരുന്നു. കടലാസുകളിൽ വരയ്ക്കുന്ന വെറും അക്ഷരങ്ങൾ മാത്രമാണ് അയാൾ.
വയറ്റിൽ ഒരു കുഞ്ഞോടു കൂടി മൊഴിചൊല്ലി ഉപേക്ഷിക്കപ്പെട്ടവളായിട്ടും
തൻ്റെ ചെറുപ്പകാല പ്രണയത്തെ അബ്ബു നെഞ്ചോടു ചേർത്തു.
ഉത്തർ പ്രദേശിലെ ഒറൈ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് ഊമ്രി. അതിന്റെ പടിഞ്ഞാറെ മൂലയിൽ പാക്കിസ്ഥാൻ കോളനിയിലെ മത്സ്യമാംസങ്ങൾ വിൽക്കുന്ന റോഡിൽ നിന്നും ചെളിനിറഞ്ഞ പാതയിലൂടെ രണ്ടു മിനിറ്റ് നടന്നാൽ, ഒരു ആംഗന് ചുറ്റും നിർമ്മിച്ചിരിക്കുന്ന എട്ടോ പത്തോ ആസ്ബസ്റ്റോസ് ഇട്ട ചെറിയ ഭവനങ്ങളുണ്ട് അതിൽ ഒന്നിലാണ് ഇപ്പോൾ താമസിക്കുന്നത്. മുറ്റത്തിന്റെ ഒത്ത നടുക്കായി ഒരു ആര്യവേപ്പ് മരവും അതിനുചുറ്റും വൃത്താകൃതിയിൽ കല്ലുകെട്ടിപ്പൊക്കി ചാണകം മെഴുകിയുണ്ടാക്കിയ ഒരു തറയുമുണ്ട്. ദുർഗന്ധം വമിക്കുന്ന അഴുക്കുചാലുകൾ അവസാനിക്കുന്നത് ഈ തെരുവിലാണ്. ഇരുൾ പരക്കുമ്പോൾ ഖബർസ്ഥാനിലെ കരിമ്പനകളുടെ നിഴലുകൾ ഇവിടുത്തെ കൂരകൾക്കുമേൽ പതിക്കും; ഭീതിപ്പെടുത്തുന്നതും ദുർഗന്ധം നിറഞ്ഞതുമായ ഒരു സ്ഥലം.
മുൻപ് ഊമ്രി ഹനുമാൻ മന്ദിറിന് അടുത്തുള്ള ഭംഗിയുള്ള ഒരു കൊച്ചുവീട്ടിലാണ് താമസിച്ചിരുന്നത്. സുഗന്ധപൂരിതമായിരുന്നു അവിടം. അബ്ബുവും അമ്മിയും ചേർന്ന് നിർമ്മിച്ച ഒരു പൂന്തോട്ടവും അവിടെയുണ്ടായിരുന്നു. അബ്ബുവിന്റെ അപ്രതീക്ഷിത മരണം വരെ അവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് വാടക കൊടുക്കാൻ ബുദ്ധിമുട്ടായത് മൂലം താമസം ഈ നൂറു രൂപ വാടകയുള്ള വീട്ടിലേക്ക് മാറ്റേണ്ടിവന്നു.
അമ്മി നാലു വീടുകളിൽ രാവിലെയും വൈകിട്ടും പാത്രം കഴുകുന്നു. അമ്മിക്കൊരു ചെറിയ കൈത്താങ്ങിനായി ക്കോട്ടെ എന്നോർത്താണ് ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നത് അജ്മലും അഫ്സലും സ്കൂൾ വിട്ടുവന്നാൽ അവരുടേതായ എന്തോ ചെറിയ കച്ചവടവും നടത്തുന്നുണ്ട്.
എങ്ങനെയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങണം, അതുമാത്രമാണ് ആഗ്രഹം.
ഇംഗ്ലീഷ് ടീച്ചർ സന്തോഷി അഹിർവാർ ആണ് ഈ ആഗ്രഹമുണ്ടാക്കി തന്നത്.
അവരുടെ പാപ്പ ഒരു ചെരുപ്പുകുത്തി ആയിരുന്നത്രേ. പഠിക്കാൻ മിടുക്കിയായിരുന്ന അവർ കഷ്ടപ്പെട്ട് പഠിച്ച് അധ്യാപികയായി. ഇപ്പോൾ നന്നായി ജീവിക്കുന്നു.
ടീച്ചർ എപ്പോഴും പറയും:
"രുക്സാനാ, നിനക്ക് നല്ല മാർക്ക് സ്കോർ ചെയ്യാനുള്ള കഴിവുണ്ട് പഠിച്ചൊരു ജോലി വാങ്ങാൻ നിന്നെ കൊണ്ട് സാധിക്കും ."
സഹോദരിയെയും മക്കളെയും താൻ സഹായിക്കുന്നുണ്ട് എന്ന് അറിയിക്കാനാകണം ബഡി അമ്മി കാർ അയച്ചിട്ടുണ്ട്. അബ്ബു മരിച്ചതുകൊണ്ടായിരിക്കും ഇപ്പോൾ ഈ വിവാഹത്തിന് തന്നെ ഞങ്ങളെ വിളിച്ചിരിക്കുന്നത്.
അബ്ബുവിനെ അവർക്ക് ഇഷ്ടമല്ലായിരുന്നു അവരുടെ സ്റ്റാറ്റസിസ് ചേരില്ല എന്ന് ഒളിന്നും തെളിഞ്ഞും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.
വിവാഹമന്ദിരത്തിൽ എത്തിയപ്പോൾ ബാരാത്ത് എത്തിച്ചേർന്നിരുന്നു. വരൻ ഒരു രാജാവിനെപ്പോലെ വസ്ത്രം ധരിച്ച്, മുഖം പൂമാലകൾ കൊണ്ട് മറച്ച് ഒരു കുതിരപ്പുറത്ത് സഞ്ചരിക്കുന്നു. വണ്ടിയിൽ നിന്ന് ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിനടന്നപ്പോൾ പലരുടെയും മിഴികൾ ശരവർഷം പോലെ നോവിച്ചു. അതിപ്രകാശം കൊണ്ടെന്നപോലെ പലതും മഞ്ഞളിച്ചതായിരുന്നു.
വരന്റെ കൂടെ വന്ന, അമ്പത്തഞ്ചോളം വയസ്സ് പ്രായമുള്ള, മുന്തിയ തരം വസ്ത്രങ്ങൾ ധരിച്ച ഒരാൾ പെട്ടെന്ന് കയ്യിൽ കടന്നുപിടിച്ചു. ഒട്ടും മടിക്കാതെ അഫ്സൽ അവന്റെ കയ്യിലെ ഇടിവള കൊണ്ട് അയാളുടെ കയ്യിൽ ആഞ്ഞുപ്രഹരിച്ചു. അയാളുടെ വേദനകൊണ്ടുള്ള കരച്ചിൽ ശബ്ദഘോഷങ്ങൾക്കിടയിൽ ലയിച്ചുപോയി.
അയാളുടെ അടുത്തായി നാലു സിംഗിൾ ബാരൽ തോക്കുധാരികളാൽ ചുറ്റപ്പെട്ട് ഒരു മനുഷ്യൻ നടക്കുന്നുണ്ടായിരുന്നു അജമലും വയസ്സനുമായുള്ള കശപിശയിൽ അയാൾ പെട്ടെന്ന് തിരിഞ്ഞ് മുഖത്തേക്ക് തറപ്പിച്ചു നോക്കി ആ നോട്ടം അമ്മിയിലാണ് അവസാനിച്ചത്.
അയാളെ കണ്ട് അമ്മി ചെറുതായൊന്ന് നടുങ്ങി. അത് പുറത്തു കാട്ടാതിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
വെപ്രാളത്തിൽ എന്റെ കൈപിടിച്ച് അയാളിൽ നിന്ന് ദൂരേക്ക് നടന്നു.
ബഹളങ്ങളും ശബ്ദവും എനിക്ക് എന്നും വെറുപ്പാണ്; പരീക്ഷ മാത്രമാണ് മനസ്സിൽ
എങ്കിലും ആരെയായിരിക്കും അമ്മി ഭയന്നത്? ഭക്ഷണം കഴിഞ്ഞ് ഒരു ഒഴിഞ്ഞ മൂലയിൽ ഇരിക്കുമ്പോഴാണ് ആ അപ്രതീക്ഷിത അതിഥി തേടി എത്തിയത്.
"മേ ഹൂം സൽമാൻ വാർസി," രസഗുള നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
സൽമാൻ വാർസി! സർട്ടിഫിക്കറ്റുകളിൽ എഴുതാൻ മാത്രം ഉപയോഗിക്കുന്ന ആ പേര് കേട്ടപ്പോൾ ഒരു ഉൾക്കിടിലം തോന്നി. രാത്രി ഏറെയായതിനാൽ ചെറിയ മയക്കത്തിലായിരുന്നു. ചുറ്റും നിൽക്കുന്ന തോക്കുധാരികളെ കണ്ട് ഒറ്റനിമിഷം കൊണ്ട് ഉറക്കം നഷ്ടപ്പെട്ടു. പേടിച്ച മുഖം കണ്ടിട്ടാവാം, ചേർത്തുപിടിച്ചുകൊണ്ട് അയാൾ പറഞ്ഞു:
"ഓ... കച്ചു നഹീ, കച്ചു നഹീ! ഇവരെ കണ്ടു പേടിച്ചുപോയോ? അവരെന്റെ മകളെ ഒന്നും ചെയ്യില്ല."
"എനിക്ക് രസഗുള ഇഷ്ടമല്ല," അയാളെ തള്ളിമാറ്റിക്കൊണ്ട് പറഞ്ഞു.
"അരേ വാ! എനിക്കും രസഗുള ഇഷ്ടമല്ല, നീ എന്റെ മകൾ തന്നെ!" അയാൾ ഉച്ചത്തിൽ ചിരിച്ചു.
എന്തിനായിരിക്കും ഇയാൾ ഇപ്പോൾ ഈ സ്നേഹം കാണിച്ചുവന്നിരിക്കുന്നത്? ജനിച്ചിട്ട് ആദ്യമായാണ് ഇയാളെ കാണുന്നത്. സുൽത്താന്റെ പോലത്തെ വേഷമാണ് അയാൾ അണിഞ്ഞിരുന്നതെങ്കിലും ഒരു ചെകുത്താൻ്റെ ദംഷ്ട്രങ്ങൾ അയാൾ ഒളിപ്പിക്കുന്നുണ്ടെന്ന് തോന്നി.
ഇയാളെ കണ്ടപ്പോൾ അമ്മി ഭയന്നത് ഓർക്കുന്നു. കഠിനമായ വെറുപ്പാണ് തോന്നിയത്. അബ്ബുവിന്റെ നിഷ്കളങ്കമായ ചിരി ഒരിളംകാറ്റുപോലെ മനസ്സിലേക്ക് ഓടിയെത്തി. ഉറക്കം തീരെ വന്നില്ല; എങ്ങനെയൊക്കെയോ പാതിരാത്രിയായപ്പോൾ ഉറങ്ങി.
നേരം വെളുത്തുതുടങ്ങിയതേയുള്ളൂ. ബുള്ളറ്റുകളുടെയും കാറുകളുടെയും ശബ്ദം മുറ്റത്തുനിന്നും ഉയർന്നു കേട്ടു. അജ്മൽ ആരുടെയോ നിർത്തിയിട്ട സ്കൂട്ടർ ഓടിച്ചു കളിക്കുകയായിരുന്നു.
"അമ്മീ... അമ്മീ..." അവൻ അലറിവിളിച്ചു.
ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റ് മുറ്റത്തേക്ക് ചെന്നു. സൽമാൻ വാർസി സർവ്വ സന്നാഹങ്ങളോടെയും മുറ്റത്ത് സന്നിഹിതനായിട്ടുണ്ട്. അമ്മിയുടെ മുഖം ഭയം കൊണ്ട് ചുവന്നു.
എൻ്റെ മകളെ ഒളിപ്പിച്ചു വളർത്തിയാൽ ഞാനറിയില്ലെന്നു കരുതിയോ നീ ? അമ്മിയെ നോക്കി സൽമ്മാൻ മുരണ്ടു.
"ബിടിയാ, തേരി നാം ക്യാ ഹൈ?"
കലശലായ ദേഷ്യമാണ് വന്നത്. പേര് ചോദിക്കാൻ വന്നിരിക്കുന്നു! ഇത്രയും കാലം എവിടെയായിരുന്നു ഇയാൾ? ഇപ്പോഴാണോ മകളുള്ള കാര്യം അറിഞ്ഞത്?
"രുക്സാന," ദേഷ്യത്തോടെ പറഞ്ഞു.
"ജാവേദ്, ഇഥർ ആ..." കാറിന്റെ നേരെ തിരിഞ്ഞ് എന്റെ പിതാവെന്ന് അവകാശപ്പെടുന്നയാൾ ആരെയോ വിളിച്ചു.
ഒരു കാറിന്റെ പിൻവാതിൽ തുറന്ന്, തലേദിവസം കൈ കടന്നുപിടിച്ച അമ്പത്തഞ്ചുകാരൻ പാൻ തിന്ന് കറപിടിച്ച പല്ലുകാട്ടി ചിരിച്ചുകൊണ്ട് വെളിയിലേക്ക് വന്നു. അയാളെ കണ്ടപ്പോൾ വെറുപ്പ് ഒന്നുകൂടി വർദ്ധിച്ചു. അവിടെനിന്നും ഓടി രക്ഷപ്പെടാൻ തോന്നി.
"നോക്കൂ ജാവേദ്, എന്റെ മകൾ എത്ര സുന്ദരിയാണ്! നിനക്ക് ഇവളെ വിവാഹം കഴിക്കണോ? ഒരു തടസ്സവുമില്ല, കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ ആ ബിസിനസ് ഡീൽ ഉറപ്പിച്ചാൽ മതി."
നെഞ്ചിലൊരു വെള്ളിടി വീഴുന്നതുപോലെ തോന്നി. തളർന്നുവീണേക്കുമോ എന്ന് തോന്നിയപ്പോൾ എന്റെ പിതാവെന്ന് അവകാശപ്പെടുന്നവൻ പെട്ടെന്ന് എന്റെ കയ്യിൽ കടന്നുപിടിച്ചു. അയാൾ അമ്മിയെ നോക്കി പറഞ്ഞു:
"എന്റെ മകളെ ഈ കൂടയിൽയിൽ നിന്ന് ഞാൻ കൊണ്ടുപോകുകയാണ്. ജാവേദ് കോടീശ്വരനാണ്, അവളെ രാജകുമാരിയാക്കി വാഴിക്കും!"
ഭയം കൊണ്ട് ഒരടി നടക്കാൻ കഴിഞ്ഞില്ല. സൽമാൻ കയ്യിൽ ബലമായി പിടിച്ച് മറ്റൊരു കാറിനടുത്തേക്ക് നീങ്ങി. കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തിനോക്കി വലയിൽ അകപ്പെട്ട കിളിയുടെതു പോലെ അത് വിഫലമായി
അഫ്സൽ പുറകിൽ നിന്ന് ഓടിവന്ന് കൈ കടന്നുപിടിച്ച് വലിക്കാൻ തുടങ്ങി. ജാവേദ് അവനെ പിടിച്ച് ശക്തമായൊരു തള്ളുകൊടുത്തു. അവൻ വീഴാതിരിക്കാൻ അമ്മി അവനെ പെട്ടെന്ന് കെട്ടിപ്പിടിച്ചു.
"മാർ ദൂംഗാ യെ കുത്തേ കീ ഔലാദ് കോ!" സൽമാൻ അലറി.
പട്ടിയുടെ മോനെ എന്ന് അവനെ വിളിച്ചപ്പോൾ "നീയാണ് പട്ടി" എന്ന് പറയാൻ നാവ് തരിച്ചു. ഭയം ഒരു മൂടൽമഞ്ഞുപോലെ വന്ന് പൊതിഞ്ഞു. അവസാന ശ്രമംപോലെ ഞാൻ ഉച്ചത്തിൽ കരയാൻ തുടങ്ങി:
"അമ്മീ... മുജെ നഹീ ജാനാ..."
അമ്മിക്കും അനുജന്മാർക്കും എന്റെയൊപ്പം കരയാനല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു. തോക്കുധാരികളുടെ തോക്കുകൾ ആകാശത്തേക്ക് പലവുരു നിറയൊഴിക്കപ്പെട്ടു. അയൽവീടുകളുടെ വാതിലുകൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നീങ്ങിത്തുടങ്ങി...
അമ്മിയുടെയും സഹോദരങ്ങളുടെയും ദൈന്യതയും ഭയവും നിറഞ്ഞ മുഖം അമർത്തിവരച്ച ചിത്രങ്ങളായി മനസ്സിലേറ്റി, അറിയാത്ത ഏതോ ദേശത്തേക്ക് യാത്രയായി.
ട്രെയിനിന്റെ ജനലഴികളിൽ പതിച്ച മഴവെള്ളം തെറിച്ച് മുഖത്തേക്ക് വീണപ്പോൾ, അത് കണ്ണുനീരുമായി കലർന്ന് ഒരു നദിയായൊഴുകി. മുന്നിലെ മൂന്ന് ബർത്തുകളിലും ആളുകൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. മഴ പെയ്തപ്പോൾ താഴത്തെ ബർത്തിലെയാൾ ചാടിയെഴുന്നേറ്റ് വിൻഡോ ഷട്ടറുകൾ അടച്ചുപൂട്ടിക്കൊണ്ട് തെല്ല് അരിശത്തോടെ ചോദിച്ചു:
"മഴ പെയ്യുന്നത് കാണുന്നില്ലേ, കുട്ടി?"
ഉള്ളിലെ കനൽ മഴ പുറത്തെ മഴയെ മറച്ചു കളഞ്ഞിരുന്നു.
പുലർച്ചയും കാത്ത് ആ അടഞ്ഞ ജനലഴികളിലേക്ക് തലചായ്ച്ചിരുന്നു.