
ഹേ, അപ്സരകന്യകേ !
എവിടെയോ,
ഏതോ ,
രാസവേഗങ്ങളിൽ,
സമയകാലങ്ങൾ
നമ്മുടെ പ്രണയ നിറക്കുട്ടുകളിൽ മൗനം ചാലിച്ചെഴുതുന്ന പോലെ !
രാത്രി യാത്ര ചെയ്യുന്ന ഗാന്ധർവ്വ പ്രണയം
ഗംഗാ പ്രവാഹമാണ് ,
ആദ്യന്തരഹിതമായ മഹാ പ്രണയ ശാന്തി.
ഭവതിയുടെ ശ്വാസവേഗങ്ങളിൽ
ഞാൻ ജീവശ്വാസം പകുത്തു വയ്ക്കുന്നു.
കനകമണിമയമാർന്ന
പ്രണയ കോവിലകങ്ങൾ ഗാന്ധർവ്വ സംരക്ഷണയിലാണ്.
കാരണം അവിടെ ഗന്ധർവ്വ- അപ്സര
സാന്നിദ്ധ്യത്തിനപ്പുറം
ആർക്കും
അനുമതിയില്ല.
ഭവതിയുടെ
കോൾമയിർ കൊള്ളുന്ന നാദധാരയിൽ,
കാൽചിലങ്കകളുടെ നൂപുര ധ്വനികളിൽ,
ഗന്ധർവ്വ യാമത്തിൽ,
നിലാവുള്ള ആകാശ വീഥികളിലൂടെ നമുക്ക്
ഗഗനസഞ്ചാരം നടത്താം.
സ്വപ്ന സഞ്ചാരികളെ
ചിരസ്ഥായിയായകാലം ഗാന്ധർവ്വവിധിപ്രകാരം
ചേർത്തുവച്ചതാണ്.
പൂനിലാവൊഴുകുന്ന
പോലെ
ചന്ദനലേപനം നടത്തിയ
ഈ അഴകൊത്ത മുഖശ്രീയും,
മത്തുപിടിപ്പിയ്ക്കുന്ന പാലപ്പൂ മണമുള്ള മുടിക്കെട്ടും,
വാസനത്തൈല മേറ്റു
ഗാന്ധർവ്വ പരിരംഭണത്തിനായി
അക്ഷമയായ
മെയ്യഴകുമുള്ള ചഞ്ചലാക്ഷി ,
പൂനിലാമുറ്റത്തു
പ്രണയ കേളികൾ നടത്തി,
ലാസ്യ മോഹന നടനം മറന്ന ഗന്ധർവ്വ കാമുകീ,
ഭവതി
ഇനിയീ ഗാന്ധർവ്വ പരിരംഭണത്താൽ ബോധരഹിതയായി
നിദ്രയിലലിഞ്ഞാലും.